Article

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത്: ശബരിമലയ്‌ക്ക് വരണോ ?

Published by

പ്രകൃതിയുടെ സൗന്ദര്യവും സുഗന്ധയും നുണഞ്ഞായിരുന്നു പഴയകാലത്ത് ശ്രീഅയ്യപ്പനെ ദര്‍ശിക്കാനുള്ള മലകയറ്റം. എന്നാല്‍ ഇന്ന് ഈ യാത്ര പലരുടേയും മനം മടുപ്പിക്കുന്നതാണ്. കമ്പിവേലിക്കും വടത്തിനുമിടയില്‍ കുടുങ്ങി ഉമിനീരുമാത്രം ഇറക്കി നില്‍ക്കുന്ന തീര്‍ത്ഥാടക്കന്‍. നീണ്ട നിരയില്‍ വശങ്ങളില്‍ മാത്രം നില്‍ക്കുന്നവര്‍ക്കാണ് കുറച്ചെങ്കിലും കുടിവെള്ളം കിട്ടുക. കമ്പിവേലിക്കു പുറത്തിറങ്ങിയാല്‍ പിന്നെ അകത്തു കയറാന്‍ പറ്റാത്തതിനാല്‍ വിശപ്പും ദാഹവും എല്ലാം അവര്‍ അടക്കുന്നു.

വയോധികരും മാളികപ്പുറങ്ങളും കുട്ടികളും അടക്കം ഈ ദുരിതം പേറുകയാണ്, കാലങ്ങളായി. പമ്പയില്‍ നിന്നു സന്നിധാനം വരെ നാലു കിലോമീറ്റര്‍ ദൂരമാണുള്ളത്. ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ കാല്‍നടയായി സഞ്ചരിക്കുന്നെങ്കിലും ഇപ്പോഴും ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല.

വടംകെട്ടി വടിയുമായി ഭയപ്പെടുത്താതെ പാതയോരത്ത് വിശ്രമ കേന്ദ്രങ്ങളാണാവശ്യം. നാലു കിലോമീറ്റര്‍ ദൂരം സൗകര്യമനുസരിച്ച് സെക്ടറുകളായി തിരിച്ച് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കണം. കുടിവെള്ളവും ലഘു ഭക്ഷണവും ലഭ്യമാക്കണം. സൗജന്യമായി ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനും ഭക്ഷണം നല്‍കാനും നൂറുകണക്കിനു സ്ഥാപരങ്ങളും വ്യക്തികളും തയാറാണ്. പക്ഷേ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കുന്നില്ല.

എവിടെ വാസ്തുശാസ്ത്ര വിദഗ്ധ സമിതി

ഭക്തനെ ചുമന്ന് മലകയറ്റുന്നവരില്‍ നിന്ന് കൃത്യമായ നോക്കുകൂലി വാങ്ങി സംതൃപ്തി അടയുകയാണ് ദേവസ്വം ബോര്‍ഡ്. ലോകത്ത് മലമുകളിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നിരവധിയാണ്. അവിടെയൊന്നും തലച്ചുമട് കാണാറില്ല. ആളിന്റെ വലിപ്പം കൂടുമ്പോള്‍ നോക്കുകൂലിയും കൂട്ടണമെന്നതിനെക്കുറിച്ചാണ് അധികൃതരുടെ ആലോചന.

മറിച്ച് ബദല്‍ സംവിധാനത്തെക്കുറിച്ചു ചിന്തയില്ല. റോപ് വേ വരുമെന്നു പറയുന്നു. പക്ഷേ അത് ചരക്കു നീക്കത്തിനാണ്. ട്രാക്ടര്‍ ഒഴിവാക്കണം പോലും.

നടന്നു മല കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി എസ്‌ക്കലേറ്ററുകളോ റോപ് വേയോ അടക്കം നിരവധി സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇന്ന് സാധ്യമാണ്. പരമ്പരാഗത പാത അതേപടി തിലനിര്‍ത്തുകയും കാല്‍നടയായി മലകയറ്റം ബുദ്ധിമുട്ടുള്ളവര്‍ക്കായി ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമാകും.

ശബരിമല അടക്കം മഹാക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാസ്തുശാസ്ത്ര വിദഗ്ധരെ ബോധപൂര്‍വ്വം ഒഴിവാക്കുന്നു. വാസ്തുശാസ്ത്രത്തിന്റെ മകുടോദാഹരണങ്ങളാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങളുടെ രൂപകല്പനയും നിര്‍മ്മാണങ്ങളും അറ്റകുറ്റപണികളുമെല്ലാം വാസ്തുശാസ്ത്രമനുസരിച്ചാവണമെന്നു നിഷ്‌കര്‍ഷയുണ്ട്. എന്നാല്‍ ശബരിമലയിലടക്കം മുതിര്‍ന്ന വാസ്തുവിദഗ്ധരെയെല്ലാം ഒഴിവാക്കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

കേരളത്തിലെ പ്രമുഖ വാസ്തു വിദഗ്ധരെ ഉള്‍പ്പെടുത്തി 2014 ല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാര്‍ സമിതി രൂപീകരിച്ചിരുന്നു. മുതിര്‍ന്ന വാസ്തുശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞു വേണം ക്ഷേത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യവും ബോധപൂര്‍വ്വം ഉപേക്ഷിച്ചു. ശബരിമലയിലടക്കം വാസ്തു ശാസ്ത്ര വിരുദ്ധമായ നിരവധി പദ്ധതികളാണ് യാതൊരു മാനദണ്ഡവും ഇല്ലാതെ നടപ്പാക്കുന്നത്.

ഗുരുസ്വാമിമാര്‍ പോലും പറയുന്നു ‘മടുത്തു’

ശബരിമല അയ്യപ്പ സ്വാമി കോടിക്കണക്കിനു ഭക്തരുടെ ജീവ ജ്വാലയാണ്. മനുഷ്യ മനസുകളില്‍ എന്നും സുകൃതം നിറയ്‌ക്കുന്ന പുണ്യം. സമസ്ത ജീവ ജാലങ്ങളേയും ഒന്നായി കാണുന്ന അയ്യപ്പ സങ്കല്‍പം ഏത് സിദ്ധാന്തത്തിനാണ് എതിര് .

തലയിലിരുമുടിയേന്തി കാണുന്നതൊക്കെ ഭഗവാനായി കരുതി മറുത്തൊന്നും ഉരിയാടാതെ മടങ്ങുന്ന ഭക്തരെ നാം അതിഥിയായെങ്കിലും കരുതണം.

ദുരിതങ്ങളുടേയും പീഡനങ്ങളുടേയും അതിരുവിടുന്നതിനാല്‍ ഗുരുസ്വാമിമാര്‍ പോലും പറയുന്നു ‘മടുത്തു’ എന്ന്.

അന്യ സംസ്ഥാനങ്ങളില്‍ ഇതു പ്രതിഫലിച്ചു തുടങ്ങിയിട്ടുമുണ്ട്.അവര്‍ അവരുടെ നാട്ടില്‍ അയ്യപ്പനെ പ്രതിഷ്ഠിക്കുകയാണിപ്പോള്‍. കഴിഞ്ഞ ഒരു വര്‍ഷം ചെങ്ങന്നൂര്‍ മുണ്ടന്‍ കാവിലെ സദാശിവനാചാരി മാത്രം അന്യ സംസ്ഥാനക്കാര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയത് അറുപതിലേറെ അയ്യപ്പവിഗ്രഹങ്ങളാണ്. അയ്യപ്പന്‍ ഭക്തരുടെ മനസില്‍ നിന്നു മായില്ല. എന്നാല്‍ അവര്‍ ശബരിമലയ്‌ക്കു വരണോ വേണ്ടയോ എന്നത് ഭരണം നിയന്ത്രിക്കുന്നവരുടെ നിലപാടിനെ ആശ്രയിച്ചിരിക്കും.

(അവസാനിച്ചു)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക