1960 കളില്‍ കോഴിക്കോട് അത്തോളിയിലുണ്ടായ ഒരു സംഭവം. കുഞ്ഞിരാമന്‍വൈദ്യര്‍ എന്ന ഒരു നാട്ടു പ്രമാണി ഉണ്ടായിരുന്നു. പോക്കിരി എന്നാണ് അയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാള്‍ നടത്തിയിരുന്ന കളരിയിലെ ഗുരുക്കളെയും ശിഷ്യന്മാരെയും നാട്ടുകാര്‍ക്ക് പേടിയായിരുന്നു. ജനങ്ങളെ ഉപദ്രവിക്കുന്നത് അവര്‍ക്ക് ഹരമായിരുന്നു. ഗോവിന്ദ നല്ലൂര്‍ ക്ഷേത്രത്തിനടുത്തുള്ള ആര്‍.എസ്.എസ്. ശാഖയിലേക്കു പോകുന്ന കുട്ടികളെ വൈദ്യരുടെ കീഴിലെ ഗുരുക്കളുടെ ശിഷ്യന്മാര്‍ ശല്യം ചെയ്തു. വിവരമറിഞ്ഞ്, ശാഖയിലെത്തിയ മൂന്ന് ചെറുപ്പക്കാരായ സ്വയംസേവകര്‍ ശാഖാവേഷത്തില്‍ നേരെ വൈദ്യരുടെ വീട്ടിലേക്ക് കയറിച്ചെന്നു. ”നാട്ടുകാരെ ഇങ്ങനെ ശല്യം ചെയ്യാന്‍ അനുവദിക്കില്ല. നിങ്ങളുടെ ഗുരുക്കള്‍ മുന്നോട്ടുവരട്ടെ. നമുക്ക് തമ്മിലൊന്നു പയറ്റിനോക്കം” എന്ന് അക്കൂട്ടത്തിലുള്ള നീണ്ട, കൊമ്പന്‍ മീശയുള്ള യുവാവ് പറഞ്ഞു. ഗുരുക്കളും ശിഷ്യന്മാരും പകച്ചുനിന്നു. അതു കണ്ടതോടെ വൈദ്യരുടെ ശക്തി ചോര്‍ന്നു. ഇവരോട് പയറ്റി തോറ്റാല്‍ തന്റെ എല്ലാ വിലയും പോകും എന്ന ഭയം. ”ഗുരുക്കള്‍ക്കു സുഖമില്ല. പയറ്റുമത്സരം പിന്നീടാകാം” എന്ന് പറഞ്ഞ് അയാള്‍ ഒഴിഞ്ഞു. ”ശരി. പറ്റിയ സമയം പറഞ്ഞോളൂ, എന്നാല്‍ നാട്ടുകാരെ ദ്രോഹിക്കുന്നത് ഇതോടെ നിര്‍ത്തണം. ഇല്ലെങ്കില്‍…” ഇത്രയും പറഞ്ഞ് യുവാവ് ചുറ്റുമൊന്നു നോക്കി. ഗുരുക്കളും ശിഷ്യന്മാരും ചൂളിപ്പോയി. അതു കഴിഞ്ഞ് സ്വയംസേവകര്‍ തിരിച്ചു നടന്നു. പിന്നീട് നാട്ടുകാര്‍ക്ക് വൈദ്യരുടെ ശല്യം ഉണ്ടായില്ല.
ഈ സംഭവത്തിന് നേതൃത്വം നല്‍കിയത് ഉള്ളിയേരി പുത്തഞ്ചേരിയിലെ ഒ. രാഘവനായിരുന്നു. സ്വയം സേവകരെക്കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ മതിപ്പുണ്ടാക്കിയ സംഭവമായിരുന്നു ഇത്. 1961-ല്‍ യൗവ്വനകാലത്ത് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പുത്തഞ്ചേരി ശാഖയില്‍ സ്വയം സേവകനായ രാഘവന്റെ ജീവിതം ഇതുപോലെ സമൂഹത്തിന് രക്ഷകനായും വഴികാട്ടിയായും പ്രവര്‍ത്തിച്ചതിന്റെ നിരവധി അനുഭവങ്ങള്‍ നിറഞ്ഞതാണ്. അസ്പൃശ്യത പോലുള്ള അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇടിഞ്ഞു പൊളിഞ്ഞു കാട് കയറിക്കിടന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ നേതൃത്വം നല്‍കി സാംസ്‌കാരിക നവോത്ഥാനത്തിന് വഴികാട്ടിയായി. ഇതെല്ലാം ചെയ്യുമ്പോഴും ഒരിടത്തും താനാണ് ഇതു ചെയ്തത് എന്ന തോന്നലേ ഉണ്ടാക്കാതെ നാട്ടുകാരില്‍ ഒരാള്‍ എന്ന ഭാവത്തില്‍ സമൂഹത്തില്‍ അലിഞ്ഞുചേര്‍ന്നുനില്‍ക്കുകയും ചെയ്തു.
ശങ്കര്‍ ശാസ്ത്രി മലബാറിലെ പ്രചാരകനായ കാലത്താണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ഉള്ളിയേരിയില്‍ എത്തുന്നത്. 1961- നവംമ്പര്‍ ഒന്നിനാണ് പുത്തഞ്ചേരി ചാലൂരില്‍ ശാഖ തുടങ്ങുന്നത്. ചുറുചുറുക്കുള്ള യുവാവായ രാഘവന്‍ ശാഖയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. നിഷ്ഠാവാനായ സ്വയം സേവകനായ അദ്ദേഹത്തെ മാതൃകയാക്കി നിരവധി ചെറുപ്പക്കാര്‍ ശാഖയില്‍ വരാന്‍ തുടങ്ങി. കൊയിലാണ്ടി താലൂക്ക് പ്രചാരകനായ പി. രാമചന്ദ്രന്റെ പ്രേരണയില്‍ അത്തോളി ഭാഗത്ത് ശാഖ ആരംഭിക്കുന്ന ചുമതല രാഘവന്‍ ഏറ്റെടുത്തു. ഈ സമയത്താണ് തുടക്കത്തില്‍ പറഞ്ഞ സംഭവം നടന്നത്. അത്തോളി, കൊളക്കാട്, ഓട്ടമ്പലം തുടങ്ങിയ സമീപപ്രദേശങ്ങളിലും ശാഖകള്‍ ആരംഭിച്ചു. ബാലഗോകുലത്തിന്റെ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് അധ്യക്ഷനുമായിരുന്ന സി.ശ്രീധരന്‍ മാസ്റ്റര്‍ ശാഖയില്‍ വരുന്നത് ഈ കാലഘട്ടത്തിലാണ്. ഒരു പ്രചാരകനെപ്പോലെ മുഴുവന്‍ സമയ സംഘപ്രവര്‍ത്തനത്തില്‍ മുഴകിയ രാഘവന്‍ അത്തോളി ഖണ്ഡ് കാര്യവാഹകനായി. സംഘത്തിന്റെ രണ്ടാം വര്‍ഷം ശിക്ഷാ വര്‍ഗ്ഗും ഇതേ അവസരത്തില്‍ പൂര്‍ത്തിയാക്കി.
വിസ്താരകനായി പ്രവര്‍ത്തിച്ച് അഴിയൂര്‍ കടലോര ഗ്രാമത്തില്‍ സംഘത്തിന്റെ സന്ദേശം എത്തിച്ചതും രാഘവേട്ടനാണ്. മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ ജീവിതം അടുത്തറിയാന്‍ മാത്രമല്ല, അവര്‍ക്കൊപ്പം ജീവിച്ച് അവരുടെ കഷ്ടപ്പാടുകളില്‍ പങ്കാളിയായി അവരെ സംഘ ആദര്‍ശമുള്ളവരാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമായ അശോകന്‍ അഴിയൂര്‍ ഉള്‍പ്പെടെ നിരവധി സംഘ-ബിജെപി പ്രവര്‍ത്തകര്‍ വളര്‍ന്നുവന്നത് രാഘവേട്ടന്റെ തണലിലാണ്.
ഉള്ളിയേരി പഞ്ചായത്തില്‍ നാറാത്ത്, പുളിയേരി, അത്തോളി പഞ്ചായത്തിലെ കൊടക്കല്ല്, തോരായി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രാഘവേട്ടനാണ് ശാഖ തുടങ്ങിയത്. സംഘപ്രവര്‍ത്തനത്തിനിടയില്‍ 21 ദിവസം ജയില്‍വാസവും അനുഭവിച്ചു.
വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി പോലീസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെടും എന്നു വ്യക്തമായപ്പോഴാണ് സര്‍വ്വീസില്‍ കയറിയാല്‍ സംഘപ്രവര്‍ത്തനം ചെയ്യാന്‍ പറ്റില്ല എന്നറിയുന്നത്. അതോടെ അത് ഉപേക്ഷിച്ചു. സംഘപ്രവര്‍ത്തനം ജീവവായുവായി കണ്ട അദ്ദേഹം അതിനു വേണ്ടി സുരക്ഷിതമായ സര്‍ക്കാര്‍ ജോലി വലിച്ചെറിഞ്ഞു. 1970 കളില്‍ ഒരു എസ്റ്റേറ്റില്‍ ജോലി കിട്ടി വയനാട്ടിലെ ചൂരല്‍മലയില്‍ എത്തി. (ഈയിടെ മലവെള്ളപ്പാച്ചിലില്‍ ഒരു പ്രദേശം ഒന്നിച്ചു ഒലിച്ചു പോയ സ്ഥലമാണിത്) തന്റെ ജോലിക്കിടയിലും അവിടെ ശാഖ ആരംഭിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അടിയന്തരാവസ്ഥക്കാലത്ത് നാട്ടിലേക്ക് തിരിച്ചു പോരുകയും സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അടിയന്തരാവസ്ഥാകാലത്ത് പി.രാമചന്ദ്രന്‍, കുട് സാര്‍ എന്നറിയപ്പെട്ട രാമന്‍കുട്ടി, എം. നീലകണ്ഠന്‍, ബാലുശ്ശേരി ശങ്കരന്‍ മാസ്റ്റര്‍ തുടങ്ങിയ സംഘകാര്യകര്‍ത്താക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അടിയന്തരാവസ്ഥക്കു ശേഷം ക്ഷേത്ര സംരക്ഷണ സമിതിയില്‍ സജീവമായി. വീര ബലിദാനി എന്‍.കെ.ഹരിദാസ്, സംഘപ്രചാരകനായിരുന്ന വി.ദിനേശന്‍ തുടങ്ങി നിരവധി കാര്യകര്‍ത്താക്കളെ അദ്ദേഹം വളര്‍ത്തിയെടുത്തിട്ടുണ്ട്.
തന്റെ നാട്ടില്‍ ജാതീയതക്കെതിരെ നിശബ്ദവിപ്ലവമാണ് രാഘവേട്ടന്‍ നയിച്ചത്. മേല്‍ജാതിയില്‍ ജനിച്ച അദ്ദേഹം ഒട്ടും ജാതിചിന്തയില്ലാതെ സംഘപ്രവര്‍ത്തനത്തിനായി കീഴ്ജാതിക്കാരുടെ വീട്ടുകളില്‍ പോയി അവരുമായി അടുത്തിടപഴകുകയും അവരുടെ വീടുകളില്‍ താമസിക്കുകയും ചെയ്തുകൊണ്ട് അവരില്‍ ഒരാളായി മാറി. അയോധ്യ ക്ഷേത്രനിര്‍മ്മാണത്തിന്റെ ഭാഗമായി നാട്ടിലെ ക്ഷേത്രങ്ങളില്‍ ശിലാപൂജ സംഘടിപ്പിക്കുകയും ജനപങ്കാളിത്തത്തോടെ നടത്തുകയും ചെയ്തു.
തകര്‍ന്നു കിടക്കുന്ന നിരവധി ഗ്രാമക്ഷേത്രങ്ങളുടെ നവീകരണത്തിനും അതുവഴി ഹിന്ദു സമൂഹത്തില്‍ ഐക്യത്തിന്റെയും ഈശ്വരവിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചു. ക്ഷേത്ര സംരക്ഷണ സമിതിപ്രവര്‍ത്തകനായിരിക്കെ, രാമാനന്ദ സരസ്വതി സ്വാമിയുടെ നേതൃത്വത്തില്‍ കുറുവളൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് പ്രവര്‍ത്തിച്ചു. അത്തോളി ഗോവിന്ദപുരം ക്ഷേത്രപരിസരത്ത് ശാഖ തുടങ്ങിയതിനു പിന്നാലെ ആ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിലും പങ്കാളിയായി. കൂമുള്ളി കോറോത്ത് പടിക്കല്‍ പരദേവതാ ക്ഷേത്രത്തിന് സ്ഥലം വാങ്ങാന്‍ അദ്ദേഹം സ്വന്തം പേരിലുള്ള സ്ഥലം വില്‍ക്കുകയുണ്ടായി. ഉള്ളൂരിടം പരദേവതാ ക്ഷേത്രം, കൂമുള്ളി തൃക്കോവില്‍ ലക്ഷ്മീ നാരായണക്ഷേത്രം, പുതുക്കോട് ശാല ദുര്‍ഗ്ഗാദേവി ക്ഷേത്രം എന്നിവയുടെ പുനരുദ്ധാരണത്തിനും പ്രധാന പങ്ക് വഹിച്ചു. ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലേക്കുള്ള വഴിക്കായി സ്ഥലം വിട്ടുകിട്ടാന്‍ പരിശ്രമിച്ചു.
ത്യാഗസുരഭിലമായ ജീവിതത്തിന് രാഘവന് പ്രേരണകിട്ടിയത് ആര്‍.എസ്.എസ്സില്‍ നിന്നാണ്. തനിക്കും കുടുംബത്തിനും അതിനു വേണ്ടി ഏറെ കഷ്ടപ്പാട് സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതില്‍ ഒട്ടും പരിഭവം തോന്നിയിട്ടില്ല. രാഘവേട്ടന്റെ നവതി സ്വയംസേവകരും നാട്ടുകാരും ഏറ്റെടുത്ത് നടത്തുന്നത് ഈ സാഹചര്യത്തിലാണ്. ജനുവരി 12 ന് പുത്തഞ്ചേരിയില്‍ നടക്കുന്ന രാഘവീയം എന്ന നവതി ആഘോഷം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി ,വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷനും മുന്‍ പ്രാന്തകാര്യവാഹുമായ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ഉത്തരപ്രാന്ത പ്രചാര്‍പ്രമുഖും കേസരി സബ് എഡിറ്ററുമായ ടി. സുധീഷ്, ബാലഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി.രാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇതിന്റെ ഭാഗമായി അന്നേ ദിവസം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക