മട്ടാഞ്ചേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ലക്ഷദ്വീപ് ടൂറിസത്തിന് മിന്നല്‍ കുതിപ്പേകിയതായി റിപ്പോര്‍ട്ട്. മോദി സന്ദര്‍ശനം നടത്തി ഒരു വര്‍ഷം പിന്നിട്ട വേളയില്‍ ദ്വീപിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 200 ശതമാനത്തിലേറെ കുതിപ്പുണ്ടായതായാണ് വെളിപ്പെടുത്തല്‍. വിദേശ വിനോദസഞ്ചാരികളില്‍ 30 ശതമാനവും വര്‍ധനവുണ്ടായി. ആകാശമാര്‍ഗമുള്ള സഞ്ചാരികളിലാണ് ഏറെ മുന്നേറ്റം.
ഒരു വര്‍ഷത്തിനകം രണ്ടു പുതിയ വിമാന കമ്പനികള്‍ ലക്ഷദ്വീപ് സര്‍വീസുകളുമായെത്തി. മൂന്ന് ചെറുകമ്പനികള്‍ അംഗീകാരം കാത്തിരിക്കുകയാണ്. 2024 ജനുവരി 4 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശനം നടത്തിയത്. കടല്‍ക്കരയിലെ മോദി ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാലദ്വീപിലേക്കുള്ള ഭാരത സഞ്ചാരികളെയും വിദേശസഞ്ചാരികളെയും ഇതാകര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്.
അലയന്‍സ് വിമാനക്കമ്പനി മാത്രമുള്ള ദ്വീപില്‍ ഇന്‍ഡിഗോ, ഫ്‌ളൈ 91 എന്നീ കമ്പനികളും സര്‍വീസ് തുടങ്ങി. 72 സീറ്റുള്ള എടിആര്‍ 72 വിമാനങ്ങള്‍ പ്രതിവാരം രണ്ടു സര്‍വീസില്‍ നിന്ന് 25 സര്‍വീസുകളായി വര്‍ധിപ്പിച്ചു. 2023ല്‍ 28,144 യാത്രക്കാരില്‍ നിന്ന് 2024ല്‍ ഇത് 69,027 യാത്രക്കാരായി വര്‍ധിച്ചു. കൊച്ചിക്ക് പുറമേ ബെംഗളൂരു, ഗോവ വിമാന സര്‍വീസുകളാണ് ഇന്ന് ദ്വീപിലേക്കുള്ളത്. ഹൈദരാബാദ്, കോഴിക്കോട് സര്‍വീസുകളും പരിഗണനയിലുണ്ട്.
അഗത്തി വിമാനത്താവളവുമായാണ് ഏറെ സര്‍വീസുകള്‍. കപ്പല്‍മാര്‍ഗമുള്ള സഞ്ചാരികളിലും 100 ശതമാനം കുതിപ്പാണുണ്ടായതെന്ന് ടുറിസം കേന്ദ്രങ്ങള്‍ പറയുന്നു. രണ്ട് ആഡംബര ക്രൂയിസ് കപ്പലുകള്‍ കൊച്ചി – മുംബൈ ബന്ധവുമായി പ്രതിവാര സര്‍വീസുകള്‍ നടത്തുന്നു. കൂടാതെ സര്‍ക്കാര്‍ വകയായി അഞ്ച് യാത്രാക്കപ്പലുകളുമുണ്ട്. ലക്ഷദ്വീപ് ടുറിസം പാക്കേജുകളും സജീവമായതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന പ്രകടമായിക്കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും കൂടുതല്‍ സഞ്ചാരികള്‍ ലക്ഷദ്വീപ് സമൂഹത്തില്‍ വിരുന്നെത്തുന്നതായി വിനോദസഞ്ചാര ഓപ്പറേറ്റര്‍മാരും ചൂണ്ടിക്കാട്ടുന്നു.
പവിഴപ്പുറ്റ് ശേഖരങ്ങളും കടല്‍ ജീവി, കടല്‍ ആസ്വാദനം, ശുദ്ധവായു തുടങ്ങി വിവിധ ഘടകങ്ങള്‍ ദ്വീപിന്റെ ആകര്‍ഷണീയതയാണ്. 36 ദ്വീപുകളില്‍ ഏഴു ദ്വീപുകളില്‍ മാത്രമാണ് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുള്ളത്. ടൂറിസ്റ്റ് വിസയുള്ള വിദേശസഞ്ചാരികള്‍ക്ക് മാത്രമേ പ്രവേശനമുള്ളു. വിനോദസഞ്ചാരികളുടെ കുതിപ്പിനെത്തുടര്‍ന്ന് ഒട്ടേറേ വികസന പദ്ധതികളാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ലക്ഷദ്വീപിനായി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക