Article

ജീവനക്കാർക്ക് ശമ്പളം കൂട്ടി നൽകാൻ പറ്റില്ല, പക്ഷെ 20 മണിക്കൂർ ദിവസവും ജോലി ചെയ്തോണം

Published by

എല്ലാവരും ഞായറാഴ്ച ഉൾപ്പെടെ ആഴ്ചയിൽ കുറഞ്ഞത് 90 മണിക്കൂർ എങ്കിലും ജോലി ചെയ്യണം എന്നുള്ള അഭിപ്രായ പ്രകടനം L & T (Larsen & Toubro) കമ്പനി തലവൻ എസ് എൻ സുബ്രഹ്മണ്യൻ നടത്തിയതിന്റെ പേരിൽ ഉള്ള ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
ഇതേ അഭിപ്രായം ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും, തുടർന്ന് നിരവധി കോർപ്പറേറ്റ് CEO മാരും മുന്നോട്ട് വെച്ചിരുന്നു.
ഇന്ത്യയിലെ വൻകിട ആശുപത്രികളിൽ വലിയ തോതിൽ ഉള്ള വിദേശ നിക്ഷേപം നടക്കുന്നു എന്ന വാർത്തകൾ ഈയിടെ പുറത്ത് വന്നിരുന്നു. അതിന്റെ കാരണം ഇപ്പോഴാണ് പിടി കിട്ടിയത്..!
എല്ലാ ദിവസവും 15-20 മണിക്കൂർ ജോലി ചെയ്യുക, ഞായറാഴ്‌ച്ച പോലും അവധി ഇല്ലാതിരിക്കുക, അങ്ങനെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലാഭം ഓരോ വർഷവും ഇരട്ടി ആക്കുക, ദിവസവും ഏറ്റവും കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാരന് കമ്പനി ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പൂവിന്റെ ഇമോജി ഒക്കെ ഇട്ട് ആദരിക്കുക. ഇത് കണ്ട് പുളകിതനായി ജീവനക്കാരൻ അടുത്ത ദിവസം മുതൽ 24 മണിക്കൂറും ജോലി ചെയ്യുക. അവസാനം ജോലിക്കിടയിൽ അറ്റാക്ക് അല്ലെങ്കിൽ സ്ട്രോക്ക് ഒക്കെ വന്ന് ജീവനക്കാരൻ മരിക്കുമ്പോൾ വീണ്ടും വാട്സ്ആപ്പ് ഗ്രൂപ്പിൽ പൂവിന്റെ മറ്റൊരു ഇമോജി ഇട്ട് ആദരാജ്ഞലികൾ അർപ്പിക്കുക, പിന്നെ അടുത്ത ജീവനക്കാരനെ നിയമിക്കുക.. വീണ്ടും ഇത് തന്നെ ആവർത്തിക്കുക.. ഇതാണ് ഇന്ത്യയിലെ കോർപ്പറേറ്റ് CEO മാർ കാണുന്ന കിനാശ്ശേരി..!
അമിതമായ ജോലി ഭാരം മൂലമുള്ള സമ്മർദ്ദം കൊണ്ട് പൂനെയിലെ ഒരു MNC യിൽ ജോലി ചെയ്തിരുന്ന ഒരു പെൺകുട്ടി ഹൃദയാഘാതം മൂലം കുറച്ചു നാൾ മുൻപ് മരിച്ചത് വലിയ ചർച്ച ആയിരുന്നു. സ്ഥാപനത്തിന് വേണ്ടി തന്റെ ജീവൻ പോലും കളഞ്ഞു ജോലി ചെയ്ത ആ പെൺകുട്ടിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് പോലും കമ്പനിയുടെ ഒരു പ്രതിനിധിയും ചെന്നില്ല എന്നോർക്കണം..!
ഇന്ത്യയിലെ നിയമപ്രകാരം ( Factories Act and the Shops and Establishments Acts)
ആഴ്ചയിൽ പരമാവധി 48 മണിക്കൂറും, ദിവസം 9 മണിക്കൂറും ആണ് ജോലി സമയം (ഇടവേളകൾ ഉൾപ്പെടെ). അതിൽ കൂടുതൽ ജോലി ചെയ്താൽ ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം കൊടുക്കണം. ഓവർ ടൈം ജോലി കൂടെ കൂട്ടി ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കാൻ സാധിക്കില്ല.
ഇനി ഇന്ത്യയുടെ ചീഫ് ഇക്കണോമിക് അഡ്വൈസർ വി അനന്ത നാഗേശ്വരൻ പറയുന്നത് കേൾക്കണം ‘ ഇന്ത്യലെ കോർപ്പറേറ്റ് കമ്പനികളുടെ ലാഭം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 300% ആണ് വർധിച്ചത്. അതേസമയം കോർപ്പറേറ്റ് സെക്റട്ടറിലെ ജീവനക്കാരുടെ ശമ്പള വർദ്ധനവ് 0.8% മുതൽ 5% വരെ മാത്രമാണ്. ഇന്ത്യയിലെ വിലക്കയറ്റം 6% ത്തിന് മുകളിൽ ആണ്, ഭക്ഷ്യ വിലക്കയറ്റം 10% ആണെന്നും ഓർക്കണം. അതായത് ശമ്പള വർധനവ് വിലക്കയറ്റം പോലും കവർ ചെയ്യുന്നില്ല..!
ജീവനക്കാർക്ക് ശമ്പളം കൂട്ടി നൽകാൻ പറ്റില്ല, പക്ഷെ 20 മണിക്കൂർ ദിവസവും ജോലി ചെയ്തോണം എന്നാണ് പറയുന്നത്.
മറ്റൊരു ക്ലീഷേയാണ് ഇന്ത്യക്ക് ചൈനയെ തോല്പ്പിക്കണം എങ്കിൽ എല്ലാവരും ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണം എന്നത്. ഇന്ത്യയും ചൈനയുമായി അങ്ങനെ എന്തെങ്കിലും മത്സരം നടക്കുന്നുണ്ടോ..?
ഇനി ചൈനയിലെ ഔദ്യോഗിക നിയമ പ്രകാരം ആഴ്ചയിലെ ജോലി സമയം 40 മണിക്കൂർ ആണ്. ശനിയും, ഞായറും അവധി. അമേരിക്കയിലും അത് തന്നെയാണ് തൊഴിൽ സമയം.
കൂടുതൽ സമയം ജോലി ചെയ്താൽ പ്രോഡക്റ്റിവിറ്റി കൂടും എന്നത് തെറ്റായ കാര്യമാണ് എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
വർക്ക്‌ ലൈഫ് ബാലൻസ് എന്നത് ഒരു മിത്ത് (myth) ആണ് എന്നത് വലിയ രീതിയിൽ ജീവനക്കാരുടെ മനസിലേക്ക് അടിച്ചേൽപ്പിക്കാൻ പ്രചാര വേലകൾ നടക്കുന്നുണ്ട്.
ഞാൻ ജോലി ചെയ്യുന്ന ഫിനാൻഷ്യൽ സെക്ടർ തന്നെ എടുത്ത് നോക്കിയാൽ Depression, Obesity, BP ഇതൊന്നും ഇല്ലാത്ത ഒരാളും കാണില്ല. 30-35 വയസ് ആകുമ്പോൾ തന്നെ ഈ രോഗങ്ങൾ പിടികൂടുന്നു.
കോർപറേറ്റ് കമ്പനികളിൽ മാത്രമല്ല, ഇപ്പോൾ സർക്കാർ മേഖലയിൽ അടക്കം അമിതമായ ജോലി സമ്മർദ്ദം ആണ്. എന്നാൽ പ്രോഡക്റ്റിവിറ്റി കൂട്ടാൻ ഉള്ള സംവിധാനങ്ങളും ഇല്ല.
ഗ്രാമ പ്രദേശങ്ങളിൽ പോലുമുള്ള ബാങ്ക് ബ്രാഞ്ചുകൾ ഇപ്പോൾ ക്ലോസ് ചെയ്യുന്നത് രാത്രി 9 മണിക്ക് ഒക്കെയാണ്. അവധി ദിവസങ്ങളിലും ജോലി. ഔദ്യോഗിക അവധി ഉള്ള രണ്ടാം ശനിയാഴ്ച ലോൺ മേള, നാലാം ശനിയാഴ്ച റിക്കവറി മേള..!
ബാങ്കുകളിൽ ബാങ്കിങ്ങ് ജോലിയെക്കാൾ കൂടുതൽ ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, Mutual ഫണ്ട്‌ എല്ലാം ചെയ്യണം..!
ഇന്ത്യയിൽ തൊഴിൽ ഇല്ലായ്മ കൂടുതൽ ആയത് കൊണ്ട്, ഒരാൾ ഒരു ജോലിയിൽ നിന്ന് പോയാൽ 10 പേരെ വേറെ കിട്ടും എന്നതാണ് കമ്പനികൾ ഇത്രയും അധികം ചൂഷണം നടത്താൻ ഉള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.
ജോലിക്ക് കയറിയ ഉടൻ 1 കോടിയുടെ housing ലോൺ, 20 ലക്ഷം രൂപ കാർ ലോൺ ഒക്കെ എടുത്ത് കൂട്ടുന്നത് കൊണ്ട് ജോലി ഉപേക്ഷിക്കാൻ പോലും പറ്റാതെ അടിമകളെ പോലെ നല്ലൊരു ശതമാനം പേരും ജോലി ചെയ്യുന്നു എന്നതാണ് വാസ്തവം.
ഇന്ത്യയിൽ തൊഴിൽ നിയമങ്ങൾ , തൊഴിൽ വകുപ്പ് മന്ത്രാലയം ഒക്കെ ഉണ്ട് എങ്കിലും അതൊക്കെ വെറും തമാശ മാത്രമാണ്. അതാണ് കോർപ്പറേറ്റ് കമ്പനി തലവന്മാർക്ക് ഇത്രയും ക്രൂരമായ കാര്യങ്ങൾ ഒരു മടിയും കൂടാതെ പറയാൻ കഴിയുന്നത്.
അസുഖം മൂലം ലീവ് ആയിരുന്ന ദിവസം VC യിൽ (Video Conferencing meeting) പങ്കെടുക്കാതിരുന്നതിന്റെ പേരിൽ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെ മേലധികാരി ചീത്തവിളിച്ചത് നേരിട്ട് കണ്ടിട്ടുണ്ട്.
പൂനയിൽ അമിതമായ ജോലി സമ്മർദ്ദം മൂലം ഒരു പെൺകുട്ടി ഹൃദയഘാതം വന്നു മരിച്ചപ്പോൾ കേന്ദ്ര ധനമന്ത്രി നടത്തിയ പ്രസ്താവന നമ്മൾ ഓർക്കണം. അത് പോലെ ആ സംഭവത്തിൽ അന്വേഷണം നടന്നു എന്നൊക്കെ കേട്ടെങ്കിലും ഒന്നും സംഭവിച്ചില്ല.
ഇപ്പോഴുള്ള ആഴ്ചയിൽ 5 ദിവസം, 40 മണിക്കൂർ ജോലി, എന്നത് ആഴ്ചയിൽ 4 ദിവസം ആക്കി കുറയ്‌ക്കാൻ വേണ്ടി ലോകം മുഴുവൻ ചർച്ചകൾ നടക്കുമ്പോൾ ആണ് ദിവസവും 15 മണിക്കൂറും ആഴ്ചയിൽ കുറഞ്ഞത് 90 മണിക്കൂറും ജോലി ചെയ്യണം എന്നൊക്കെ പറഞ്ഞ് ഇന്ത്യയിലെ സ്ഥാപനങ്ങൾ മുന്നോട്ട് വരുന്നത്…!

ജിതിന്‍ കെ ജേക്കബ്ബ്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by