Kerala

തിരു. മെഡിക്കല്‍ കോളേജ് സെന്റര്‍ ഓഫ് എക്‌സലന്‍സായി, കേന്ദ്രസര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ 4 കോടി അനുവദിച്ചു

Published by

തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ് എക്‌സലന്‍സായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്‌മെന്റിനുമുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തത്. ട്രോമ, ബേണ്‍സ് പരിചരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ തന്നെ ഇടം പിടിക്കാന്‍ കേരളത്തിനായി. ഡല്‍ഹി എയിംസ്, ഡല്‍ഹി സഫ്ദര്‍ജംഗ്, പുതുച്ചേരി ജിപ്മര്‍, പിജിഐ ചണ്ടിഗഢ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെട്ടത്. സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രകാരം ഓരോ വര്‍ഷവും രണ്ടു കോടി രൂപ വീതം മെഡിക്കല്‍ കോളേജിന് ലഭിക്കും. 2024-25 വര്‍ഷത്തില്‍ 2 കോടിയും 2025-26 വര്‍ഷത്തില്‍ 2 കോടിയും ഉള്‍പ്പെടെ 4 കോടി രൂപ ലഭ്യമാകും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക