മലയാളി മനസ്സിന്റെ കാമുകശബ്ദമായിരുന്നു പി.ജയചന്ദ്രന്റെ ഗാനങ്ങള്‍. ആയിരത്തോളം ഹിറ്റ് ഗാനങ്ങള്‍. അതിലേറെയും പ്രണയഗാനങ്ങള്‍. ഗാനങ്ങള്‍ക്ക് പ്രണയഭാവം നല്‍കുന്നതില്‍ മറ്റാര്‍ക്കും ഇല്ലാത്ത മികവുണ്ടായിരുന്നു ജയചന്ദ്രന്. ജയചന്ദ്രന്‍ പാടുമ്പോള്‍ ആസ്വാദകര്‍ക്ക് കാമുക ഹൃദയത്തിന്റെ തുടിപ്പുകള്‍ കേള്‍ക്കാം. അതുകൊണ്ടാണ് ജയചന്ദ്രന്‍ ഭാവഗായകനായത്.
മലയാളികള്‍ എക്കാലവും നെഞ്ചേറ്റുന്ന പ്രണയഗാനങ്ങള്‍ ജയചന്ദ്രന്റേതാണ്. മൂന്നു തലമുറകളെ പ്രണയഭരിതമാക്കുവാന്‍ ആ ശബ്ദത്തിനായി. മലയാളത്തില്‍ മാത്രമല്ല തമിഴിലും ജയചന്ദ്രന്‍ ഭാവഗായകനായിരുന്നു. രാസാത്തി ഉന്നെ കാണാതെ നെഞ്ചം എന്ന ഒറ്റപ്പാട്ട് മതി തമിഴില്‍ അദ്ദേഹത്തെ അടയാളപ്പെടുത്താന്‍. തമിഴ് സിനിമാ ഗാനരംഗത്തെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണിത്.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു പ്രേമ ചകോരി നീ വരില്ലേ എന്ന് ജയചന്ദ്രന്‍ പാടുമ്പോള്‍ അതിനൊപ്പം മൂളാത്ത കാമുകഹൃദയങ്ങള്‍ ഉണ്ടാകില്ല. ദേവരാജന്റെ സംഗീത സംവിധാനത്തില്‍ കളിത്തോഴന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആ ഗാനം ജയചന്ദ്രന്‍ പാടിയത്. അദ്ദേഹത്തിന്റെ പുറത്തുവന്ന ആദ്യ ചലച്ചിത്ര ഗാനവും ഇതായിരുന്നു. പിന്നീട് വന്ന അനുരാഗഗാനം പോലെ എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി.
പ്രേംനസീര്‍, മധു, സുകുമാരന്‍, സോമന്‍, കമല്‍ഹാസന്‍ തുടങ്ങിയ ആദ്യകാല നായകന്മാര്‍ക്ക് വേണ്ടിയും അടുത്ത തലമുറയിലെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ക്കു വേണ്ടിയും പുതിയ തലമുറയിലെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ നായകന്മാര്‍ക്ക് വേണ്ടിയും ജയചന്ദ്രന്‍ ഗാനമാലപിച്ചു.
ജയചന്ദ്രന്റെ പ്രസിദ്ധമായ പ്രണയ ഗാനങ്ങളില്‍ ചിലത്: നീയൊരു പുഴയായി, കരിമുകില്‍ക്കാട്ടിലെ, വിരല്‍ തൊട്ടാല്‍ വിരിയുന്ന, മല്ലികാബാണന്‍ തന്റെ വില്ലെടുത്തു, പിന്നെയും ഇണക്കുയില്‍, ആരും ആരും കാണാതെ, പ്രേമിക്കുമ്പോള്‍ നീയുംഞാനും…
നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി എന്നല്ല ജയചന്ദ്രന്‍ പാടിയ ഗാനങ്ങളെല്ലാം ഹിറ്റായി എന്നതാണ് വസ്തുത. പ്രണയഗാനങ്ങള്‍ക്കപ്പുറം മറ്റു ഭാവങ്ങളും ഉജ്ജ്വലമായി ആവിഷ്‌കരിക്കുന്ന ഗാനങ്ങള്‍ ജയചന്ദ്രന്‍ അലപിച്ചിട്ടുണ്ട്. ഒന്നിനി തിരിതാഴ്‌ത്തി പാടുക എന്ന ഗാനം എങ്ങനെ മറക്കാനാണ്.
ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, മുതല്‍ ആധുനിക തലമുറയിലെ ബിജിബാല്‍ വരെയുള്ള സംഗീത സംവിധായകര്‍ക്കൊപ്പം പി.ഭാസ്‌കരന്‍, വയലാര്‍,ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ മുതല്‍ ആധുനിക തലമുറയിലെ ഹരിനാരായണന്‍ വരെയുള്ളവരുടെ ഗാനങ്ങള്‍ പാടി. എം.എസ്.വിശ്വനാഥനെയാണ് അദ്ദേഹം ഗുരുവായി കണക്കാക്കിയിരുന്നത്.
തികഞ്ഞ ഗുരുവായൂരപ്പ ഭക്തനായിരുന്നു പി.ജയചന്ദ്രന്‍. ഒഴിവു കിട്ടുമ്പോളെല്ലാം ഗുരുവായൂരപ്പനെ കാണാനെത്തും. ഒട്ടേറെ കൃഷ്ണഭക്തിഗാനങ്ങളും അദ്ദേഹം കൈരളിക്ക് സമ്മാനിച്ചു. പി.സുശീലയുടെ ആരാധകനാണ് താനെന്ന് എപ്പോഴും പറയുമായിരുന്നു. ജയചന്ദ്രനും സുശീലയും ചേര്‍ന്ന് പാടിയ ഗാനങ്ങള്‍ അതിമനോഹരങ്ങളാണ്.
സംഗീതം പോലെ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന് മസാലദോശയും തൃശ്ശൂരിലെ ഇന്ത്യന്‍ കോഫി ഹൗസിലോ ഭാരത് ഹോട്ടലിലോ പത്താന്‍സിലോ പോയി മസാല ദോശ കഴിക്കുക എന്നത് ജയചന്ദ്രന്റെ ഏറെ ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ ഒന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക