ന്യൂഡൽഹി : അഫ്ഗാൻ മണ്ണിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ഉറപ്പ് നൽകി താലിബാൻ . ദുബായിൽ ഇന്ത്യൻ വിദേശകാര്യ സ്ക്രട്ടറി വിക്രം മിശ്രിയുമായി നടത്തിയ ചർച്ചയിലാണ് , അഫ്ഗാൻ ആക്ടിംഗ് വിദേശകാര്യമന്ത്രി അമീൻ ഖാൻ മുത്താഖി ഈ ഉറപ്പ് നൽകിയത് .താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്‌ച്ചയാണിത് .
ചർച്ചയിൽ, അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ, സമീപഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വികസന പദ്ധതികൾ പരിഗണിക്കേണ്ടതിന്റെ ആവശ്യകത, പാകിസ്ഥാനിൽ നിന്നുള്ള അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിനുള്ള സഹായം എന്നിവയും പ്രധാന വിഷയങ്ങളായി.
ഇന്ത്യാ വിരുദ്ധ ഭീകര സംഘടനകളെ അഫ്ഗാൻ മണ്ണിൽ വളരാൻ അനുവദിക്കരുത് എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആവശ്യം . ഇന്ത്യയ്‌ക്കെതിരെ അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ ഉറപ്പ് നൽകിയിട്ടുണ്ട് . ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്ത മാനുഷിക സഹായ പദ്ധതികളെ താലിബാൻ പ്രശംസിച്ചു.50,000 മെട്രിക് ടൺ ഗോതമ്പ്, 300 ടൺ മരുന്ന്, 27 ടൺ ഭൂകമ്പ ദുരിതാശ്വാസ സഹായം, 40,000 ലിറ്റർ കീടനാശിനികൾ, 10 കോടി ഡോസ് പോളിയോ മരുന്നുകൾ എന്നിവ ഇന്ത്യ അഫ്ഗാനിലേയ്‌ക്ക് അയച്ചിരുന്നു. അതിന് താലിബാൻ നന്ദി അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക