Kerala

ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂർ 14 ദിവസം റിമാൻഡിൽ; വിധിക്ക് പിന്നാലെ ദേഹാസ്വാസ്ഥ്യം

Published by

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്ത് കോടതി. ബോബി സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.

അഡ്വ. ബി രാമന്‍പിള്ളയാണ് പ്രതിക്കുവേണ്ടി ഹാജരായത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും അത് അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാലിത് കോടതി തള്ളുകയായിരുന്നു.

മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. ഹണി റോസിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണ്. മാത്രമല്ല, നടി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും ബോബി ചെമ്മണൂരിനായി  അഡ്വ. ബി.രാമന്‍പിള്ള കോടതിയില്‍ വാദിച്ചു.

വിധി വന്നതോടെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തസമ്മർദ്ദം കൂടുകയും ചെയ്തു. ഇതേ തുടർന്ന് ബോബിയെ കോടതിക്കുള്ളിൽ തന്നെ വിശ്രമിക്കാൻ അനുവാദം നൽകി. തനിക്കെതിരേ ഉയരുന്നത് വ്യാജ ആരോപണമാണെന്ന് കോടതിയിലും ബോബി ആവര്‍ത്തിച്ചു. ശരീരത്തില്‍ സ്പര്‍ശിച്ചു എന്നുപറയുന്നത് തെറ്റാണ്. 30 മണിക്കൂറായി പോലീസ് കസ്റ്റഡിയിലാണെന്നും ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധനയ്‌ക്ക് അയച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ തെളിവ് ഹാജരാക്കാമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചപ്പോള്‍ ഈ ഘട്ടത്തില്‍ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരി തന്നെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ടെന്നും വിവാദ പരാമര്‍ശത്തിനു ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.

അതേസമയം, ജാമ്യത്തെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ബോബി ചെയ്തത് ഗൗരവമേറിയ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹണി റോസിന്റെ പരാതി കോടതിയില്‍ വായിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി കേസില്‍ ഉച്ചയ്‌ക്കുശേഷം വിധി പറയുമെന്ന് അറിയിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by