ന്യൂദെൽഹി:ഇന്ത്യ സഖ്യത്തിന്റെ അജണ്ടയിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ സഖ്യം പിരിച്ചു വിടുന്നതാണ് നല്ലതെന്ന് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. കഴിഞ്ഞ വർഷത്തെ പാർല്ലമെൻ്റ് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം രൂപം നൽകിയതാണ് സഖ്യമെങ്കിൽ ഇനി അത് പിരിച്ചുവിടണം. ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്റെ നേതൃത്വത്തെ സംബന്ധിച്ചോ അജണ്ട സംബന്ധിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ല. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ദെൽഹിയിൽ ഒന്നിച്ച് മത്സരിച്ച കോൺഗ്രസും ആം ആദ്മി പാർട്ടിയും ഈ നിയമസഭ തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുകയാണ്. ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി. ഡൽഹി തിരഞ്ഞെടുപ്പുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. എന്നാൽ ബിജെപിയെ എങ്ങനെ നേരിടണമെന്ന് ആം ആദ്മി പാർട്ടിയും കോൺഗ്രസും മറ്റ് പാർട്ടികളും തീരുമാനിക്കണം. നിർഭാഗ്യവശാൽ ഇന്ത്യൻ സഖ്യം സംഘടിപ്പിക്കപ്പെടുന്നില്ല. ഈ സംഖ്യം ലോകസഭ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെങ്കിൽ അവർ സഖ്യം അവസാനിപ്പിക്കണം. ഒമർ അബ്ദുള്ള വ്യക്തമാക്കി.
പ്രാധാന്യം നഷ്ടപ്പെട്ടെന്ന് തേജസ്വി യാദവും
ഇന്ത്യ സഖ്യത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടെന്ന് ആർജെഡി നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും പറഞ്ഞു. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിനായി പ്രത്യേകം രൂപീകരിച്ചതായിരുന്നു ഈ സഖ്യം. ഇപ്പോൾ ഈ സഖ്യത്തിന് പ്രാധാന്യമില്ല. അത് കൊണ്ട് തന്നെ ദെൽഹിയിൽ എഎപിയും കോൺഗ്രസും തമ്മിലുള്ള തർക്കം അപ്രതീക്ഷിതമല്ല. തേജസ്വി വ്യക്തമാക്കി. ഇന്ത്യ സഖ്യം സംബന്ധിച്ച സഖ്യകക്ഷികളുടെ അഭിപ്രായം കോൺഗ്രസിനെ ബാധിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ എംപി പറഞ്ഞു. ദെൽഹിയിൽ കോൺഗ്രസ് എന്ത് ചെയ്യണമെന്ന് ഇന്ത്യ മുന്നണിയിലെ കക്ഷികളല്ല തീരുമാനിക്കുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി. ദെൽഹി തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് റോൾ ഇല്ലെന്നും ഇവിടെ എഎപിയും കോൺഗ്രസും തമ്മിലുള്ള മത്സരമാണിതെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: