Kerala

63-മത് കേരള സ്‌കൂള്‍ കലോത്സവം: ഇരുളര്‍ക്ക് വെളിച്ചവും വിജയവും

Published by

തിരുവനന്തപുരം: കണ്ടും കേട്ടും ആര്‍ജിച്ച വായ്‌മൊഴി പദങ്ങളെ നൃത്ത ചുവടുകളാക്കി, ‘തലമുടി തുരുമ്പേയിട്ട് കഴുത്തില്‍ കാശിമാല അണിഞ്ഞ് കൈത്തണ്ടയും കാല്‍ത്തണ്ടയും അണിഞ്ഞ പെണ്ണുങ്ങളും, ബനിയനും മുണ്ടും ഉടുത്ത് തലയില്‍ തോര്‍ത്ത് കെട്ടി വായ്‌ത്താരികളുമായി ‘ധവില്‍, കൊഖല്‍, പെറ, ജാല്‍ഡര്‍’ എന്നീ തനത് സംഗീത ഉപകരണങ്ങളുടെ താളക്കൊഴുപ്പോടെയുള്ള ഇരുള നൃത്തം കലോത്സവ വേദിയെ പുളകമണിയിച്ചു.

അട്ടപ്പാടി ഷോളയൂര്‍ ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗോത്രകലയുടെ തനിമ ഒട്ടും ചോരാതെ ഇരുള നൃത്തം ജനമനസുകളിലേക്ക് സന്നിവേശിപ്പിച്ചപ്പോള്‍ സംസ്ഥാന കലോത്സവ വേദിയില്‍ ഫലപ്രഖ്യാപനത്തിലവര്‍ കന്നി മത്സരത്തിന്റെ ആദ്യ വിജയികളായി.

തനതു ജീവിത ശൈലിയും ദൈനംദിന അനുഷ്ഠാനങ്ങളുമാണ് ഓരോ നിമിഷങ്ങളും ഇവരുടെ നൃത്തച്ചുവടുകളായി വേദിയില്‍ അവതരിച്ചത്. ഗോത്രവിഭാഗത്തിലെ കുട്ടികളായ മഞ്ജു, ഭാനുപ്രിയ എന്നിവര്‍ പാടിയ വായ്‌ത്താരിക്ക് കെ. വേലുസ്വാമി ധവില്‍ കൊട്ടി, ശിവയും രംഗസ്വാമിയും പെറയും ജാല്‍ഡറും മുഴക്കിയപ്പോള്‍ മോഹന പ്രശാന്ത്, പഴനി സ്വാമി, സൂര്യ, ദിനേഷ്, രാധ, ജ്യോതി എന്നിവര്‍ ഏറ്റുപാടി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ എത്തിയ കാഴ്ചക്കാര്‍ ഒന്നടങ്കം ആരവങ്ങളും ആര്‍പ്പുവിളികളുമായി ഇരുള നൃത്തത്തെ ഹൃദയത്തോട് ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക