ന്യൂദെൽഹി:ഉത്തരേന്ത്യയിലാകെ ശൈത്യതരംഗം ശക്തമായിരിക്കെ ഝാർഖണ്ഡിൽ ജനുവരി 13 വരെ സ്കൂളുകൾക്ക് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു. കടുത്ത ശൈത്യവും മഞ്ഞ് വീഴ്‌ച്ചയും ദൂര കാഴ്‌ച്ച പൂജ്യത്തിലേക്ക് താഴ്ന്നതും സാധാരണ ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങൾ പല സ്ഥലത്തും തടസ്സപ്പെടുകയാണ്. ഞായറാഴ്‌ച്ചയും മൂന്നര മണിക്കൂർ നേരം പൂജ്യം ദൃശ്യപരതയാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്‌ച്ച ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
കാശ്മീരിലും കനത്ത മഞ്ഞു വീഴ്‌ച്ചയാണ് സംഭവിക്കുന്നത്. വടക്കൻ കാശ്മീരിലെ ബന്ദിപ്പോര, ബാരാമുള്ള, കുപ്പ് വാര ജില്ലകളിലും ശക്തമായ മഞ്ഞുവീഴ്‌ച്ചയുണ്ടായി. ഇത്രമാത്രം ശക്തമായ മൂടൽമഞ്ഞ് മുമ്പ് കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇന്തോ – ഗംഗ സമതലങ്ങളെയാണ് മൂടൽ മഞ്ഞ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഈ പ്രദേശത്തിന്റെ പരന്നതും താഴ്ന്നതുമായ ഭൂപ്രകൃതി മോശം വായു സഞ്ചാരത്തിന് കാരണമാകുന്നു. താപനില, കാറ്റിന്റെ വേഗത, വായുവിലെ ഈർപ്പം, ഭൂപ്രകൃതി തുടങ്ങി നിരവധി ഘടകങ്ങൾ മൂടൽ മഞ്ഞ് ശക്തമാകുന്നതിനെ സ്വാധീനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: