Editorial

ഗുരുദേവനെതിരെ ഇടതു ജിഹാദ്

Published by

ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ വളച്ചൊടിക്കുകയും, ഗുരുദേവ ദര്‍ശനത്തിന് സനാതന ധര്‍മ്മവുമായി ബന്ധമില്ലെന്ന അജ്ഞത പ്രകടിപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നിന്ദാര്‍ഹമായ പരാമര്‍ശങ്ങള്‍ക്ക് ആ വേദിയില്‍ വച്ചുതന്നെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, പിന്നീട് ശ്രീ നാരായണ ധര്‍മ്മസംഘം പ്രസിഡന്റെ് സ്വാമി സച്ചിദാനന്ദ വിശദമായും മറുപടി നല്‍കി. ഗുരുദേവനെ സനാതന ധര്‍മ്മത്തിന്റെ ചട്ടക്കൂട്ടിലൊതുക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധ വിവരക്കേടാണ്. ആധുനിക ഭാരതത്തില്‍ സനാതന ധര്‍മ്മത്തിന്റെ ഏറ്റവും ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു ഗുരുദേവന്‍. ഒന്നൊഴിയാതെയുള്ള ഗുരുദേവന്റെ കൃതികളും ഉദ്ബോധനങ്ങളും പ്രവര്‍ത്തനങ്ങളും ഇതിന് തെളിവാണ്. സനാതന ധര്‍മ്മത്തെ നിരാകരിക്കുന്ന ഒരു വാക്കോ വാചകമോ ഗുരു ജീവിതത്തില്‍ ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല.
സനാതന ധര്‍മ്മത്തില്‍ നിന്ന് വേറിട്ട ഒരു വ്യക്തിത്വം ഗുരുദേവനില്ല. സനാതന ധര്‍മ്മം ഇല്ലെങ്കില്‍ ഗുരുദേവനുമില്ല. വയല്‍വാരം വീട്ടില്‍ ജനിച്ച നാണുവിനെ ലോകാരാധ്യനായ മഹാഗുരുവാക്കിയത് സനാതന ധര്‍മ്മം തന്നെയാണ്. ആ ധര്‍മ്മം നിഷ്‌കര്‍ഷിക്കുന്ന ആത്മീയചര്യകള്‍ അനുഷ്ഠിച്ചാണ് ഗുരു സാക്ഷാത്കാരം നേടിയതും, ജീവന്‍ മുക്തനായി ജീവിച്ചതും.ഗുരു തന്റെ ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചതും ഈ മാര്‍ഗം തന്നെയായിരുന്നു. അവരെല്ലാം പല വിധത്തില്‍ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. സനാതന ധര്‍മ്മത്തിന്റെ പുണ്യം ആവോളം നിറഞ്ഞതായിരുന്നു ഗുരുദേവന്റെ ആത്മീയ വ്യക്തിത്വവും പരിഷ്‌കരണവും.

1927 ല്‍ ആലപ്പുഴ ജില്ലയിലെ പള്ളാത്തുരുത്തിയില്‍ നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ 24-ാം വാര്‍ഷികയോഗത്തില്‍ ഈ സനാതന ധര്‍മ്മത്തെ ഗുരു ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ‘മതം മനുഷ്യരെ ഉത്തമമായ ആദര്‍ശത്തിലേക്ക് നയിക്കുന്നതായിരിക്കണമെന്ന് ഉപദേശിച്ച ശേഷം ഗുരു ഇങ്ങനെ പറയുന്നു: ‘ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുള്ള സനാതന ധര്‍മ്മം അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതന ധര്‍മ്മത്തില്‍  വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേര്‍ക്കുന്നത് സംഘടനയ്‌ക്ക് ഏറ്റവും ഉത്തമമായിരിക്കും എന്ന് നമുക്ക് തോന്നുന്നു.’ ഗുരുദേവ കൃതികളുടെ വ്യാഖ്യാതാവായ ഡോ. ടി. ഭാസ്‌കരന്‍ സമാഹരിച്ചതും, എസ്എന്‍ഡിപി യോഗം കുന്നത്തുനാട് താലൂക്ക് യൂണിയന്‍ പ്രസിദ്ധീകരിച്ചതുമായ ‘ശ്രീനാരായണഗുരു വൈഖരി’ എന്ന ആധികാരിക ഗ്രന്ഥത്തിലുള്ളതാണ് ഗുരുവിന്റെ ഈ വാക്കുകള്‍.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവാക്യത്തിലെ ‘ഒരു മതം’ സനാതന ധര്‍മ്മം തന്നെയാണ്. ഈ സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേര്‍ക്കണം എന്നാണല്ലോ ഗുരു പറയുന്നത്. സനാതന ധര്‍മ്മത്തിന്റെ കാലാനുസൃതമായ ആവിഷ്‌കാരമായ ഹിന്ദു ധര്‍മ്മത്തിലും ഗരു അചഞ്ചലമായി വിശ്വസിച്ചിരുന്നു. ഗുരുവിന്റെ പല മതസാരവും ഏകം എന്നദര്‍ശനം ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’എന്ന ഉപനിഷത്ത് വാക്യത്തിന്റെ പരിഭാഷയാണ്. ശിവഗിരിയിലെത്തിയ മഹാത്മാ ഗാന്ധിയുടെ ‘മോക്ഷമാര്‍ഗ്ഗത്തിന് ഹിന്ദുമതം മതിയാവുമോ’ എന്ന ചോദ്യത്തിന് അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം ഗുരു ദേവന്‍ മറുപടി പറയുന്നത് ‘ധാരാളം മതിയാവും’ എന്നാണല്ലോ. ഇങ്ങനെയൊരു മഹാത്മാവിനെ സനാതന ധര്‍മ്മ വിരോധിയും ഹിന്ദുവിരുദ്ധനും ആക്കുന്നത് വലിയ അപരാധം തന്നെയാണ്.

സനാതനധര്‍മ്മം സഹസ്രാബ്ദങ്ങളായി ഉജ്വല കാന്തിയോടെ നിലനില്‍ക്കുന്നതിന് കാരണം ശാശ്വതമായ മൂല്യങ്ങള്‍ കൈവിടാതെ സ്വയം നവീകരിക്കാനുള്ള ശേഷി കൊണ്ടാണ്. സെമറ്റിക് മതങ്ങള്‍ക്ക് ഇല്ലാത്തതും ഇതാണ്. മതവിദ്വേഷത്തിനും മതകലഹങ്ങള്‍ക്കും ഇതുതന്നെയാണ് കാരണമെന്ന് ലോക ചരിത്രം ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. സനാതന ധര്‍മ്മത്തെ വിമര്‍ശിക്കാന്‍ ചിലര്‍ സനാതനികളെ കൂട്ടുപിടിക്കുന്നതും കാണാം. എന്നാല്‍ സനാതനധര്‍മ്മവും സനാതനികളും തമ്മിലെ ബന്ധം അതീവ ദുര്‍ബലമാണ്. മാറ്റങ്ങളെ ക്രിയാത്മകമായി ഉള്‍ക്കൊള്ളാനുള്ള കഴിവ് സനാതനധര്‍മ്മത്തിന്റെ മുഖമുദ്ര തന്നെയാണ്. ഇത് അംഗീകരിക്കാന്‍ സനാതനികള്‍ എന്നു പറയുന്ന പലരും തയ്യാറല്ല. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥയുടെ വക്താക്കളായി പോലും ഇക്കൂട്ടര്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ സനാതന ധര്‍മ്മം സമം സനാതനികള്‍ എന്ന് പറയുന്നത് താത്വികമായും ചരിത്രപരമായും ശരിയായിരിക്കില്ല.

സനാതന ധര്‍മ്മത്തെയും ഗുരുദേവനെയും സംബന്ധിക്കുന്ന ഈ കാര്യങ്ങളൊക്കെ സ്വയം അറിയാനുള്ള മനസ്സോ, മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കാനുള്ള സന്നദ്ധതയോ പിണറായി വിജയനില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഈ രാഷ്‌ട്രീയ നേതാവ് അത്തരം ഒരു ജനുസ്സില്‍പ്പെട്ടതുമല്ല. പണ്ഡിതന്മാരും താത്വികന്മാരുമായി അറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കു പോലും അതിന് കഴിയാതിരിക്കെ പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ തന്റെ അജ്ഞത വെളിപ്പെടുത്തി ലോകാരാധ്യനായഒരു ആത്മീയാചാര്യനെ നിന്ദിക്കാനും, ആ മഹാത്മാവിനെ പിന്തുടരുന്ന വലിയൊരു ജനസമൂഹത്തെ വേദനിപ്പിക്കാനും പാടില്ലായിരുന്നു. ആരെങ്കിലും എഴുതിക്കൊടുത്തതായിരിക്കും മുഖ്യമന്ത്രി വായിച്ചത്. പക്ഷേ അതിന്റെ ഉള്ളടക്കം എന്താണെന്ന് നോക്കാനുള്ള ഔചിത്യംകാണിക്കണമായിരുന്നു. ഗുരുദേവന്‍ ഹിന്ദുവായതുകൊണ്ടും അനുയായികള്‍ ഹിന്ദുക്കളായതുകൊണ്ടും മാത്രമാണ് ഇങ്ങനെയൊരു അതിക്രമം ഭരണാധികാരിയായ പിണറായിയില്‍ നിന്ന് ഉണ്ടായത്. ഗുരുദേവന്‍ സമാധികൊള്ളുന്നതും ആ ആത്മീയ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നതുമായ ശിവഗിരിയില്‍ ചെന്ന് ഇങ്ങനെയൊരു അതിക്രമം കാണിക്കാന്‍ ഈശ്വര നിഷേധിയായ ഒരു കമ്മ്യൂണിസ്റ്റിന് മാത്രമേ കഴിയൂ. ക്ഷേത്ര ശ്രീകോവിലില്‍ കയറിച്ചെന്ന് ഭക്തരുടെ ആരാധ്യ ബിംബത്തിനു നേര്‍ക്ക് അവഹേളനം ചൊരിയുന്നത് പോലെയാണ് ശിവഗിരിയില്‍ ചെന്ന് പിണറായി പ്രവര്‍ത്തിച്ചത്.

മുഖ്യമന്ത്രിയുടെ അധികാരമുപയോഗിച്ച് ഇതിനുമുന്‍പും പിണറായി വിജയന്‍ ശിവഗിരിയിലെത്തി ഗുരുദേവനിന്ദ നടത്തിയിട്ടുണ്ട്. അന്നും അതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതാണ്. ഇപ്പോള്‍ ഒരിക്കല്‍ കൂടി ഗുരുനിന്ദ ആവര്‍ത്തിച്ചിരിക്കുന്നു. സനാതന ധര്‍മ്മത്തെ കുറിച്ചും ഗുരുദേവനെക്കുറിച്ചും പിണറായി പറഞ്ഞത് അടിസ്ഥാനരഹിതമാണെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടും പറഞ്ഞതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് പിണറായി പ്രതികരിച്ചത്. ശ്രീനാരായണഗുരുവിനെ ഈശ്വരതുല്യനായി കാണുന്നവരുടെ മുറിവില്‍ കൊള്ളിവയ്‌ക്കുന്ന നടപടിയായിപ്പോയി ഇത്.

തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി ഹിന്ദുക്കളുടെ ഒരു ആത്മീയ കേന്ദ്രത്തില്‍ കടന്നുവന്ന് അവിടുത്തെ ആരാധ്യ ബിംബത്തെ നിന്ദിക്കുന്നതിന് പിന്നില്‍ തീര്‍ച്ചയായും രാഷ്‌ട്രീയ ഗൂഢാലോചനയുണ്ട്. പിണറായി വിജയന്റെ അപകീര്‍ത്തികരമായ പ്രസംഗത്തെ പല കോണുകളില്‍ നിന്നു വിമര്‍ശിച്ചപ്പോള്‍ നിരോധിത ഇസ്ലാമിക ഭീകര സംഘടനയുമായി ബന്ധമുള്ള ഒരു പാര്‍ട്ടിയുടെ നേതാവ് അതിനെ സ്വാഗതം ചെയ്ത് രംഗത്തുവന്നത് ശ്രദ്ധേയമാണ്. ആര്‍ക്കുവേണ്ടിയാണ് മുഖ്യമന്ത്രി ശിവഗിരിയില്‍ എത്തിയതെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും, പിന്നീട് അതില്‍തന്നെ ഉറച്ചു നില്‍ക്കുന്നതെന്നും ഇതോടെ വ്യക്തമാവുകയുണ്ടായി. സിപിഎമ്മിന്റെയും പൂര്‍വ്വരൂപമായ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രം ശ്രീനാരായണ ഗുരുവിന്റെ മഹത്വത്തെ അംഗീകരിക്കാത്തതാണ്. ഗുരുദേവന്‍ പിറന്ന സമുദായത്തെ രാഷ്‌ട്രീയമായി ചൂഷണം ചെയ്യുമ്പോഴും അവര്‍ ഈശ്വര തുല്യനായി കാണുന്ന ഗുരുവിനെ അംഗീകരിക്കാന്‍ ഒരിക്കല്‍പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സിപിഎമ്മും തയ്യാറായിട്ടില്ല. ആചാര്യനായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെയാണ് ഇക്കാര്യത്തില്‍ വഴികാട്ടിയിട്ടുള്ളത്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ നേതാവും രണ്ട് തവണ കേരള മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് തന്റെ കൃതികളിലൂടെ ഗുരുദേവനെ ആവര്‍ത്തിച്ച് നിന്ദിച്ചിട്ടുണ്ട്. ഗുരുദേവന്‍ വെറുമൊരു ബൂര്‍ഷ്വാ സാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്ന് പറയാനുള്ള ഒരവസരവും ഇഎംഎസ് പാഴാക്കിയിട്ടില്ല. ഒന്നിലധികം കൃതികളില്‍ ഇഎംഎസ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുമുണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇതിനൊ
രു തിരുത്തു വേണമെന്ന് ഇഎംഎസിന് തോന്നിയില്ല.

എഴുത്തില്‍ മാത്രമല്ല പ്രവര്‍ത്തിയിലൂടെയും ഇഎംഎസ് ഗുരുദേവ നിന്ദ നടത്തി. ഒരിക്കല്‍ ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണം ലഭിച്ചിട്ടും ഇഎംഎസ് പോയില്ലെന്നു മാത്രമല്ല, അതിനെ ന്യായീകരിച്ചുകൊണ്ട് അത്യന്തം വിമര്‍ശനാത്മകമായി എഴുതുകയുമുണ്ടായി. അദ്ദേഹത്തിന്റെ (ഗുരുദേവന്‍) സന്ദേശത്തിന് ഇന്നും പ്രസക്തിയുണ്ടെന്നും, കേരളത്തിന്റെ ഇനിയങ്ങോട്ടുള്ള വളര്‍ച്ചയ്‌ക്ക് ശ്രീനാരായണന്‍ വഴികാട്ടുന്നു എന്നും മറ്റും പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയുകയില്ല. ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും തീര്‍ത്ഥാടന പരിപാടികളുടെയും സംഘാടകരോ വക്താക്കളോ ആയി പൊതുജനങ്ങള്‍ക്ക് മുന്നില്‍ എന്നെപ്പോലുള്ളവര്‍ വരുന്നത് അവിവേകം ആയിരിക്കും’ എന്നാണ് ദേശാഭിമാനി വാരികയില്‍ (1995 ജനുവരി 15-21) ഇഎംഎസ് എഴുതിയിട്ടുള്ളത്.

ശിവഗിരിയുടെ പടി ചവിട്ടാതെ ഇഎംഎസ് പറഞ്ഞുവച്ചതാണ് ശിവഗിരിയിലെത്തി പിണറായി വിജയന്‍ പ്രാവര്‍ത്തികമാക്കുന്നത്. മറ്റേതെങ്കിലും മതസ്ഥരുടെ ആത്മീയ കേന്ദ്രങ്ങളില്‍ ചെന്ന് അവരുടെ ആചാര്യന്മാരെ നിന്ദിക്കാന്‍ പിണറായിയെപ്പോലുള്ളവര്‍ ഒരിക്കലും തയ്യാറാവുകയില്ല. തങ്ങളുടെ വൈരുദ്ധ്യാത്മക ഭൗതികവാദവും നിരീശ്വര ചിന്തയുമൊക്കെ മാറ്റിവെച്ച് മറ്റ് മതസ്ഥരുടെ ആത്മീയ നേതാക്കളെ വാനോളം പുകഴ്‌ത്താന്‍ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകള്‍. കാലഹരണപ്പെട്ടതും വിധ്വംസകവുമായ തങ്ങളുടെ സിദ്ധാന്തം ഹിന്ദുക്കളുടെ മേല്‍ കെട്ടിവയ്‌ക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇതാണ് ശിവഗിരിയില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്.

ഹിന്ദുക്കളെ വിഘടിപ്പിച്ചും ജിഹാദികളെ ഒരുമിപ്പിച്ചും രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള തന്ത്രമാണ് പിണറായി വിജയന്‍ പ്രയോഗിക്കുന്നത്. അബ്ദുള്‍ നാസര്‍ മദനിയെ മഹാത്മാഗാന്ധിയോട് ഉപമിച്ച് ഇഎംഎസ് നമ്പൂതിരിപ്പാട് മുസ്ലിം വോട്ട് ബാങ്കിന്റെ ആനുകൂല്യം നേടാന്‍ ശ്രമിക്കുകയുണ്ടായല്ലോ. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഭാഗമായ മുസ്ലിം ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ ജിഹാദി സംഘടനകളെ ഒപ്പം നിര്‍ത്തി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് പിണറായി ശ്രമിക്കുന്നത്. സനാതനധര്‍മ്മത്തെയും അതിന്റെ ആചാര്യനായ ശ്രീനാരായണഗുരുദേവനെയും നിന്ദിച്ചാല്‍ ജിഹാദികളുടെ അനുഭാവം എളുപ്പത്തില്‍ നേടിയെടുക്കാമെന്ന ചിന്തയാണ്സിപിഎമ്മിലെ പിണറായിമാരെ നയിക്കുന്നത്. ഇത് തിരിച്ചറിയാനുള്ള രാഷ്‌ട്രീയ വിവേകം ഹിന്ദു സമൂഹം കാണിക്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by