ജനന സമയം ക്ലിപ്തപ്പെടുത്തി ഗ്രഹസ്ഫുടവും ഭാവസ്ഫുടവും സൂക്ഷ്മമായി ഗ്രഹിച്ച് അഗ്നിദീപ്തിയോടെ നിര്‍വ്വഹിക്കേണ്ട കര്‍മ്മമാണു ജാതകരചന. ബ്രഹ്മംപോലെ സൂക്ഷ്മ-സ്ഥൂല വികസ്വരമായ ജാതകത്തില്‍ രക്തബന്ധത്താല്‍ ശൃംഖലിതമായ വ്യക്തികളുടെയും സുഹൃത്തുക്കളുടെയും സഹകരിച്ചു സഹവസിക്കുന്നവരുടെയും ഗുണദോഷാനുഭവങ്ങള്‍ പ്രതിഫലിക്കും.
സൂചനകളുടെ വൈവിധ്യ പൂര്‍ണ്ണമായ തീവ്രത ഗ്രഹിച്ച്, അടിയുറച്ച ജാഗ്രതയോടെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചാല്‍ ഗുണാനുഭവങ്ങള്‍, തക്കസമയത്തു പുഷ്ടിപ്പെടുത്തി ദുരനുഭവങ്ങള്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യാം. വസ്തുനിഷ്ഠമായി മനസ്സിരുത്തിയാല്‍ ആത്മനിയന്ത്രണങ്ങള്ക്കു വിധേയമായി മനസ്സും ശരീരവും ശുദ്ധമാക്കുന്നതിനോടൊപ്പം വേണ്ടപ്പെട്ടവര്‍ക്കു സഹായകമാകും വിധം മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കാനുമാവും.
ജനനം, ആയുസ്, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക നില, വിവാഹം, കലഹം, വ്യവഹാരം, അപകടം എന്നിവയുമായി ബന്ധപ്പെട്ട ദുസ്സൂചനകള്‍ ബന്ധുക്കളെ ബാധിച്ചേക്കാവുന്നതായി ജാതകത്തില്‍ കാണുന്നുവെങ്കില്‍ യഥാസമയ പരിഹാരത്തിലൂടെ ദുരനുഭവങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കാന്‍ ശ്രമിക്കാം.
ചില നക്ഷത്രങ്ങളുടെ ദോഷവും ദശാപഹാര കാലദുരനുഭവങ്ങളും ഗോചരത്തില്‍ ഗ്രഹങ്ങളുടെ സ്വാധീനവും ഏക കാലത്തു കൂടിച്ചേര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന അശുഭഫലങ്ങളുടെ വ്യാപ്തി സൂക്ഷ്മതയോടെ വ്യവഛേദിച്ചു കണ്ടറിഞ്ഞു വേണം അതാതിനു വിധ്യനുസാരമുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍.
അനുകൂല സാഹചര്യമുണ്ടായാലും പഠനത്തില്‍ അലസതയും മൗഢ്യവും, തൃപ്തികരമായ ജോലി ലഭിക്കാതെ മാനസിക സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് ലഹരിക്കടിമയാകുക, ചെയ്യുന്ന തൊഴിലില്‍ ന്യായമായ പ്രതിഫലം കിട്ടാതിരിക്കുക, ഭൗതിക സാഹചര്യം മെച്ചമായിരുന്നിട്ടും യഥാകാലം വിവാഹം നടക്കാതെ യുവതീയുവാക്കളും രക്ഷിതാക്കളും അസ്വസ്ഥരാകുക, ഉന്നതാധികാരമുള്ള ഔദ്യോഗിക പദവിയും ബഹുമാന്യതയുമുള്ള വ്യക്തികള്‍ വഴിവിട്ട ബന്ധങ്ങളില്‍ ചെന്നു കരുങ്ങി – അഗ്നിസാക്ഷിയായി ഒന്നു ചേര്‍ന്നവര്‍ വഴി പിരിഞ്ഞു പോകുക, എത്ര ചികിത്സിച്ചാലും രോഗത്തിനു സാധാരണ രീതിയില്‍ ശമനമുണ്ടാകാതെ ശയ്യാവലംബിയായി യാതനകള്‍ അനുഭവിക്കുക, അപ്രതീക്ഷിത അപകടങ്ങളില്‍പ്പെട്ട് ജീവിതം താറുമാറാകുക എന്നിവയുടെയെല്ലാം സൂചനകള്‍ നക്ഷത്ര, ദശാപഹാര ഫലങ്ങളില്‍ നിന്നും ലഭ്യമാകും.
ഒരു ശാസ്ത്രവും ആരെയും വെറുക്കാന്‍ പഠിപ്പിക്കുന്നില്ല. ജ്യോതിഃശാസ്ത്രം പ്രത്യേകിച്ചും. നദി ഗതി മാറി ഒഴുകുംപോലെ വസ്തുനിഷ്ഠമായ പ്രവര്‍ത്തനങ്ങള്‍ ജീവിതരീതിയെയും അനുഭവങ്ങളെയും വിസ്മയകരമായി മാറ്റിമറിക്കാം. എല്ലാം പ്രകൃതിയുടെ സന്തുലിത തന്ത്രങ്ങള്‍ക്കു വിധേയം. അതിന്റെ നിഗൂഢവും കാലാനുകൂലവുമായ പ്രേരണാ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാകാം ദൈവീക പ്രതിവിധികളും പൗഷ്ടിക കര്‍മ്മങ്ങളും അനുഷ്ഠിക്കാന്‍ പ്രചോദനമാകുന്നത് .
സപ്തര്‍ഷികളുടെ ബ്രഹ്മജ്ഞാനോപദേശത്താല് അടിമുടി പ്രചോദിതനായി ചിന്തിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ രത്നാകരന് എന്ന കാട്ടുകള്ളന് ബ്രഹ്മസ്വരൂപനായി പ്രതിഭാശാലിയായ വാല്മീകി മഹര്‍ഷിയായി പരിണമിച്ചു. മൗലികതയുടെ മഹാ പ്രപഞ്ചം പ്രതിഫലിക്കുന്ന എക്കാലത്തെയും അനശ്വര ശ്രേഷ്ഠകാവ്യഭാഷണമായ രാമായണേതിഹാസത്തിന്റെ സ്രഷ്ടാ
വായി!
ശാപകഠോര ശിലയില്‍ ശ്രീരാമന് കാല്‍വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ ജന്മസാഫല്യത്തിന്റെ സായൂജ്യത്തില്‍ ലാവണ്യ പൗര്‍ണ്ണമിയായി ഉദിച്ചുയര്‍ന്ന അഹല്യ മോക്ഷത്തിന്റെ സ്വര്‍ണ്ണ സോപാനത്തിലേക്ക് സ്വതന്ത്രയായി!
കാലോചിതമായി നേര് വഴിയേ സഞ്ചരിച്ചു പാകവിജ്ഞാനത്തോടെ പ്രയത്നിച്ചാല്‍ അഗ്നി ലോഹ വസ്തുക്കളുമായി ഇടപഴകി മനോഹര രൂപങ്ങള്‍ക്കും ശില്പങ്ങള്ക്കും കാരണഭൂതനാകുന്നതു പോലെ ദുരനുഭവങ്ങള്‍ ഗുണാനുഭവങ്ങള്‍ക്കു പ്രേരകമാകാം.
പത്തു വര്‍ഷം മുന്‍പ് ഒരു പ്രഭാതത്തില്‍ ചിരപരിചിതനായ ഒരു യുവാവ് ഫോണ്‍ വിളിച്ചു. വ്യക്തി ബന്ധമുള്ള താന്ത്രിക ജ്യൌതിഷിയുടെ മകനു രണ്ടു ദിവസമായി മനസ്സില്‍ എന്തോ ഒരു പേടി എന്നു പറഞ്ഞു. വാക്കുകളില്‍ പരിഭ്രമത്തിന്റെ സ്പന്ദനം. കക്ഷിയുടെ അപ്പോഴത്തെ മഹാദശയെക്കുറിച്ചു് പെട്ടെന്ന് ഓര്‍മ്മ വന്നു. പേടിയുടെ കാരണം ഒരു മിന്നല്‍ പോലെ തെളിഞ്ഞു മാഞ്ഞു. പറഞ്ഞാല്‍ അതുപോലെ കേള്‍ക്കുന്ന വ്യക്തിയായതു കൊണ്ട് മനസ്സിലുദിച്ച ഒരു ലഘു പരിഹാരം നിര്‍ദ്ദേശിച്ചു. സന്ധ്യ കഴിഞ്ഞ് മടങ്ങിവന്ന് തിരികെ വിളിച്ചു. നിര്‍ദ്ദേശിച്ച കര്‍മ്മം ചെയ്തുവെന്നു പറഞ്ഞു. സംഭാഷണത്തില്‍ അസാധാരണത്വം. അത്തരത്തിലൊരു പരിഹാര കര്‍മ്മം തിടുക്കത്തില്‍ ചെയ്യാന്‍ നിര്ബന്ധിച്ചതെന്തുകൊണ്ടെന്നു ചോദിച്ചു. ശനിദശ കേതു അപഹാരം മദ്ധ്യകാലം – സര്പ്പദംശനമേല്ക്കാന് സാദ്ധ്യതയുണ്ടെന്നു പറഞ്ഞപ്പോള്‍ വിസ്മയവും അമ്പരപ്പും നിറഞ്ഞ മറുപടി. ‘രണ്ടു കരിമൂര്ഖന്മാര് മുന്പില് കൂടി ഇപ്പോള്‍ പാഞ്ഞു പോയതേയുള്ളു.
ജാതകത്തിലെ ചില ദുര്യോഗങ്ങള് കാലോചിതമായ പൗ
ഷ്ടിക കര്മ്മാനുഷ്ടാനങ്ങളിലൂടെ ഒഴിവായേക്കാം എന്നതിന് സ്വാനുഭവത്തില്‍ നിന്ന് ഒരുദാഹരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: