Categories: Palakkad

ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയില്‍ ഇലക്ട്രിക് ട്രെയിനുകള്‍ ഓടിത്തുടങ്ങി

ഷൊര്‍ണൂര്‍: നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയിലൂടെ ഇലക്ട്രിക് ട്രെയിനുകള്‍ ഓടിത്തുടങ്ങി. ചൊവ്വാഴ്ച രാവിലെ 11.30ന് കോട്ടയം – നിലമ്പൂര്‍ രാജ്യറാണിയാണ് ആദ്യം ഓടിയെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയായിരുന്നു.

ജനുവരി ആദ്യവാരം ഒാടിത്തുടങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒന്നാം തീയതിതന്നെ ഓടിക്കുവാനായിരുന്നു റെയില്‍വേയുടെ തീരുമാനം. ഇനിയുള്ള ദിവസങ്ങള്‍ നിലമ്പൂരിലേക്കുള്ള മറ്റുവണ്ടികളും വൈദ്യുതി എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും ഓടുക. വൈദ്യുതീകരണം പൂര്‍ത്തിയായ നിലമ്പൂര്‍ പാതയില്‍ മെമു ട്രെയിനുകള്‍ ഓടിക്കുവാന്‍ സജ്ജമാണെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന എറണാകുളം – ഷൊര്‍ണൂര്‍ മെമു, കോയമ്പത്തൂര്‍ – ഷൊര്‍ണൂര്‍ മെമു എന്നിവ നിലമ്പൂരിലേക്ക് നീട്ടാനാണ് ശിപാര്‍ശ. ചെന്നൈയില്‍ നിന്നും ദല്‍ഹി റെയില്‍വേ ബോര്‍ഡില്‍ നിന്നുമുള്ള അനുമതികള്‍ ലഭിച്ചാലുടന്‍ സര്‍വീസ് തുടങ്ങാനാവുമെന്ന് കരുതുന്നു. ഇവഓടിത്തുടങ്ങുന്നതോടെ നിലമ്പൂര്‍ – ഷൊര്‍ണൂര്‍ റെയില്‍പ്പാതയില്‍ നിലവില്‍ ഉച്ചക്കും വൈകിട്ടും ആവശ്യത്തിന് വണ്ടിയില്ലെന്നുള്ള ആക്ഷേപത്തിന് പരിഹാരമാകും.

നേരത്തെ ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലെത്താന്‍ ഇതുവരെ ഒരു മണിക്കൂര്‍ 35 മിനിറ്റാണ് എടുത്തിരുന്നത്. ഇത് ഇലക്ട്രിക് ആകുന്നതോടെ 25 മിനിറ്റ് കുറയും.

നിലമ്പൂര്‍ – മൈസൂരു റെയില്‍വേ കര്‍മ സമിതി പ്രവര്‍ത്തകരായ ജോഷ്വാ കോശി, അനസ് യൂണിയന്‍, കണ്ണാട്ടില്‍ ബാപ്പു തുടങ്ങിയവരെത്തി തീവണ്ടിയുടെ ലോക്കോ പൈലറ്റ് എസ്. ദിലീപിനെ തുളസി മാലയിട്ട് സ്വീകരിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക