സന്നിധാനം: പതിനായിരങ്ങളുടെ വിശപ്പകറ്റുന്ന സന്നിധാനത്തെ അന്നദാനമണ്ഡപത്തിന് അഴകേറ്റി അയ്യപ്പചിത്രങ്ങള്‍. മണ്ഡലകാലം ആരംഭിച്ചപ്പോള്‍ മുതല്‍ കൊട്ടാരക്കര ചേകം സ്വദേശിയും ദിവ്യാംഗനുമായ മനു ആണ് അന്നദാനമണ്ഡപത്തിന്റെ ചുവരുകളില്‍ നിറങ്ങള്‍ ചാലിച്ച് അയ്യപ്പചിത്രങ്ങള്‍ വരയ്‌ക്കുന്നത്.
30 അടി നീളത്തിലും 20 അടി വീതിയിലും പൂര്‍ത്തിയാക്കിയ സന്നിധാനത്തിന്റെ പശ്ചാത്തലത്തിലുള്ള അയ്യപ്പവിഗ്രഹത്തിന്റെ കൂറ്റന്‍ ചിത്രം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഇന്നലെ അനാവരണം ചെയ്തു. ദിവസം ഒരു ചിത്രം എന്ന നിലയിലാണ് മനു തുടക്കത്തില്‍ വരച്ചിരുന്നതെങ്കിലും ഒരാഴ്ച എടുത്താണ് രണ്ടുനിലകെട്ടിടത്തേക്കാള്‍ ഉയരമുള്ള ഈ ചിത്രം പക്ഷേ പൂര്‍ത്തിയാക്കിയത്.
ഇതേവലുപ്പത്തില്‍ പുലിവാഹനമേറിയ അയ്യപ്പന്റെ മറ്റൊരു ചിത്രം അന്നദാനമണ്ഡത്തിന്റെ വലത്തേയറ്റത്തെ ചുമരില്‍ മനു നേരത്തെ വരച്ചിരുന്നു. അയ്യപ്പചരിതം ചിത്രങ്ങളാല്‍ ആലേഖനം ചെയ്യാനാണ് മനു സന്നിധാനത്തെത്തിയത്. 14 ചിത്രങ്ങളാണ് ലക്ഷ്യമിട്ടിട്ടുള്ളത്. രണ്ടു വലിയ ചിത്രങ്ങളടക്കം ഒന്‍പതെണ്ണം പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ രണ്ടാഴ്ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കും.
ജന്മനാ വലത്തേകൈയുടെ മുട്ടിനു താഴോട്ടില്ലാത്ത മനു ഇടംകൈകൊണ്ടാണ് വരയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: