വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.newindia.co.in ല്‍
ജനുവരി ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
യോഗ്യത- സര്‍വ്വകലാശാലാ ബിരുദം, പ്രായപരിധി 21-30 വയസ്
കേരളത്തില്‍ 40 ഒഴിവുകളില്‍ നിയമനം ലഭിക്കും
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ദി ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ് കേരളം അടക്കം വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ബ്രാഞ്ച്/ഓഫീസുകളിലേക്ക് 500 അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കേരളത്തില്‍ 40 ഒഴിവുകളുണ്ട്. എസ്‌സി/എസ്ടി/ഒബിസി-നോണ്‍ ക്രീമിലെയര്‍/ഇഡബ്ല്യുഎസ്/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിശ്ചിത ഒഴിവുകളില്‍ സംവരണം ലഭിക്കും. അതത് സംസ്ഥാനത്തെ പ്രാദേശിക ഭാഷയില്‍ അറിവുണ്ടാകണം. ഭാരത പൗരന്മാര്‍ക്കാണ് അവസരം.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം, പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധി 1.12.2024 ല്‍ 21-30 വയസ്. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 5 വര്‍ഷം, ഒബിസി നോണ്‍ ക്രീമിലെയര്‍ 3 വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം, വിധവകള്‍, നിയമപരമായി വിവാസബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിച്ചിട്ടില്ലാത്തവര്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ജീവനക്കാര്‍ 5 വര്‍ഷം എന്നിങ്ങനെയും വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.newindia.co.in- ല്‍ റിക്രൂട്ട്‌മെന്റ് സെക്ഷന്‍ ലിങ്കില്‍ലഭിക്കും. ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ജനുവരി ഒന്ന് വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ ഫീസ് 850 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ക്ക് 100 രൂപ. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
സെലക്ഷന്‍: ഓണ്‍ലൈന്‍ ടെസ്റ്റ് (പ്രിലിമിനറി ആന്റ് മെയിന്‍), റീജിയണല്‍ ലാംഗുവേജ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷയുടെ വിശദാംശങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തില്‍ ലഭിക്കും. കേരളത്തില്‍ പ്രിലിമിനറി പരീക്ഷക്ക് ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും മെയിന്‍ പരീക്ഷക്ക് എറണാകുളത്തും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെട്രോ നഗരങ്ങളില്‍ ഏകദേശം 40,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: