Kerala

ആദരാഞ്ജലി നേര്‍ന്ന് മലയാളക്കര

Published by

കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിക്കുകയാണ് രാഷ്‌ട്രീയ – സാംസ്കാരിക കേരളം. വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ലോക്സഭ സ്പീക്കർ ഓം ബിർള

സാഹിത്യത്തിലും സിനിമയിലും കാലാതീതമായ സംഭാവനകളിലൂടെ മലയാള സംസ്‌കാരത്തെ രൂപപ്പെടുത്തിയ ഇതിഹാസമാണ് എം.ടിയെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള അനുസ്മരിച്ചു. ഒരു യുഗത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ പൈതൃകം വരും തലമുറകൾക്കും പ്രചോദനമാകുമെന്നും ലോക്സഭ സ്പീക്കർ പറഞ്ഞു.

വെങ്കയ്യ നായിഡു

എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. അക്ഷരലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് എം.ടിയുടെ വിയോ​ഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. എം.ടി. സംവിധാനം ചെയ്ത ‘നിർമാല്യം’ ക്ലാസിക് ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാതീതമായ രചനകള്‍: ജോര്‍ജ് കുര്യന്‍

ന്യൂദല്‍ഹി: എം.ടി. വാസുദേവന്‍ നായര്‍ മലയാള സാഹിത്യത്തിനും സിനിമയ്‌ക്കും നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എം.ടിയുടെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ കാലാതീതമാണ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

2004 ല്‍ എന്റെ ആദ്യ കവിതാ സമാഹാരമായ ‘കാലദാന’ത്തിന് അവതാരിക എഴുതിയത് എംടിയാണ്. പിന്നീട് ലിപി ബുക്‌സ് പ്രസിദ്ധീകരിച്ച ‘വിളക്കുകാലുകള്‍ എവിടെ ‘എന്ന ലേഖന സമാഹാരം പ്രകാശനം ചെയ്തതും എംടിയാണ്. അന്ന് പ്രകാശന വേളയിലെ പ്രസംഗത്തില്‍ അദ്ദേഹം, താനെഴുതാന്‍ ആഗ്രഹിക്കുന്നതാണ് ശ്രീധരന്‍പിള്ള എഴുതിയതെന്ന് പറഞ്ഞത് ഏറ്റവും വലിയ പുരസ്‌കാരമായി ഞാന്‍ കരുതുന്നു.

ഭാരത സാഹിത്യത്തിന് അഭിമാനം പകര്‍ന്ന പേര്: വി. മുരളീധരന്‍

കഥാകൃത്ത്, നാടകകൃത്ത്, തിരക്കഥാകൃത്ത്, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, അദ്ധ്യാപകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭ കൊണ്ട് മലയാളത്തിന്റെ പുണ്യമായി മാറിയ എംടിയുടെ വിയോഗം തീരാനഷ്ടമാണ്. മലയാളിയുടെ വായനാ ചക്രവാളങ്ങള്‍ വലുതായതില്‍ എംടിയെന്ന എഴുത്തിന്റെ പെരുന്തച്ചന്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. മലയാളത്തിന് മാത്രമല്ല, ഭാരത സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനുമാകെ അഭിമാനം പകര്‍ന്ന പേരാണ് എംടി എന്നത്.

‘അധികാരമെന്നാല്‍ ജനസേവനത്തിനുള്ള അവസരമാണ് ‘എന്ന അദ്ദേഹത്തിന്റെ ഓര്‍മപ്പെടുത്തല്‍ കേരള രാഷ്‌ട്രീയത്തിന്റെ കണ്ണുതുറപ്പിച്ചത് മറക്കാനാവില്ല. കാലാതീതനായ ആ മഹാപ്രതിഭയുടെ ഓര്‍മകള്‍ അനശ്വരമാണ്.

ലീലാവതി ടീച്ചർ

എം.ടി അനുജനെയും ഗുരുനാഥനെയും പോലെയെന്ന് ഡോ. എം ലീലാവതി പറഞ്ഞു. എം.ടിക്ക് മാത്രമാണ് തൊട്ടതെല്ലാം പൊന്നാക്കാനുള്ള വരം ലഭിച്ചത്. തനിക്ക് അത്രമേൽ പ്രോത്സാഹനം നൽകിയ വ്യക്തിയാണ് എം.ടിയെന്നും ലീലാവതി ടീച്ചർ അനുസ്മരിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി 

എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സാഹിത്യ- ചലച്ചിത്രരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായ എം.ടി. തന്റെ ക്ലാസിക് രചനകളിലൂടെ തലമുറകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് അക്കാദമി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഭാരതീയ സാഹിത്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടും. ആയിരക്കണക്കിന് സാഹിത്യ പ്രേമികള്‍ക്കൊപ്പം സാഹിത്യ അക്കാദമിയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ദല്‍ഹി ഓഫീസില്‍ ചേര്‍ന്ന അനുശോചന യോഗത്തിനുശേഷം അദ്ദേഹത്തോടുള്ള ആദരസൂചകമായി അക്കാദമിയുടെ എല്ലാ ഓഫീസുകളും അടച്ചിട്ടു.

മണ്ണും മലയാളവും ഉള്ളിടത്തോളം എംടിയെ ഓര്‍ക്കും: കെ. സുരേന്ദ്രന്‍

മുഴുവന്‍ മലയാളികള്‍ക്കും തീരാനഷ്ടമാണ് എംടിയുടെ ദേഹവിയോഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
മലയാളത്തെ ലോകത്തിന്റെ ഉയരങ്ങളില്‍ എത്തിച്ച പ്രതിഭയായിരുന്നു അദ്ദേഹം. കഥകളും നോവലുകളും സിനിമകളും തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. ജീവതത്തിലൊരു രണ്ടാമൂഴം ഇല്ലെങ്കിലും ഈ മണ്ണും മലയാളവും ഉള്ളിടത്തോളം കാലം എംടിയുടെ രചനകള്‍ വായിക്കപ്പെടും, ഓര്‍മിക്കപ്പെടും. ചരിത്രത്തിന്റെ ഭാഗമായാണ് അദ്ദേഹം തിരിച്ചു പോകുന്നത്, സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട്ട് സിതാര വീട്ടിലെത്തി സുരേന്ദ്രന്‍ എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മറഞ്ഞത് വാക്കിന്റെ വന്മരം: പി.ടി. ഉഷ

മലയാണ്മയുടെ അക്ഷരമുറ്റത്ത് തണലായി നിന്ന എം.ടി. എന്ന വാക്കിന്റെ വന്മരമാണ് വിസ്മൃതിയിലേക്ക് മറഞ്ഞതെന്ന് എംപിയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയുമായ ഡോ. പി.ടി. ഉഷ എംപി. കഥയുടെ സൂക്ഷ്മ പരിസരങ്ങളെയും മനുഷ്യവികാരങ്ങളുടെ സങ്കീര്‍ണ്ണതയെയും ജനകീയ ഭാഷയില്‍ക്കൂടി എംടി ആസ്വാദകര്‍ക്ക് നല്‍കി. തന്റെ കൃതികളില്‍ക്കൂടി ആ മഹാപ്രതിഭ കലാകൈരളിക്ക് സമ്മാനിച്ചത് ആവിഷ്‌കാര വൈഭവത്തിന്റെ അതുല്യനിധിയാണ്. വായനക്കാരുടെ ഒരു വലിയ ആള്‍ക്കൂട്ടത്തിനെ തനിച്ചാക്കിയാണ് കാലത്തിലേക്ക് എം.ടി. വാസുദേവന്‍ നായര്‍ എന്ന സാഹിത്യ നക്ഷത്രം മറഞ്ഞത്, ഉഷ കൂട്ടിച്ചേര്‍ത്തു.

എല്ലായിടത്തും വിജയിച്ച അത്ഭുത പ്രതിഭ: സാറ ജോസഫ്

കൈവച്ച മേഖലകളിലൊക്കെ വിജയിക്കുന്നൊരാള്‍ എന്ന അത്ഭുതപ്രതിഭാസമാണ് എംടി. ആദ്യത്തെ ചെറുകഥയിലൂടെത്തന്നെ ആഗോള പുരസ്‌കാരം നേടിക്കൊണ്ടാണ് സാഹിത്യത്തിന്റെയും സാംസ്‌കാരിക ജീവിതത്തിന്റെയും എഴുത്തിന്റെയും വഴികള്‍ അദ്ദേഹം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ സാംസ്‌കാരിക ജീവിതം കൊണ്ടുമാത്രമല്ല അതിനിര്‍ണായകമായ കേരള സമൂഹത്തിന്റെ ജീവിതത്തില്‍ നടത്തിയ ഇടപെടലുകളും നമുക്ക് വഴികാട്ടിയായിരുന്നു. പൊതുദര്‍ശനം ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം എംടി ആരാണെന്ന് വ്യക്തമാക്കുന്നു.

എഴുത്തു പഠിപ്പിച്ച ആള്‍: എം. മുകുന്ദന്‍

നാലുകെട്ടു മുതല്‍ എംടി എന്റെ മനസിലുണ്ട്. എന്നെ എഴുത്ത് പഠിപ്പിച്ച ആളാണ് എംടി. എന്റെ കഥകളില്‍ അദ്ദേഹം മിനുക്ക് പണികള്‍ നടത്തി കൂടുതല്‍ ഭംഗിയുള്ളതാക്കി. അത്ഭുതകരമായിട്ടുള്ള, ഓരോ വാക്കും തേച്ചുമിനുക്കിയിട്ടുള്ള എഴുത്താണ് അദ്ദേഹത്തിന്റേത്. നൊബേല്‍ സമ്മാനം
അര്‍ഹിക്കുന്ന ഒരൊറ്റ എഴുത്തുകാരനേ മലയാളത്തിലുള്ളൂ. അത് എംടിയാണ്.

ചെറുപ്പം മുതലേ പ്രചോദനം: സത്യന്‍ അന്തിക്കാട്

എംടി ഇനി നമ്മുടെ ലോകത്തില്ല എന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. ചെറുപ്പം മുതലേ ഏറ്റവും വലിയ പ്രചോദനമായിരുന്നു അദ്ദേഹം. നമ്മള്‍ പറയണമെന്ന് ആഗ്രഹിക്കുന്നതാണ് നമുക്ക് മുന്നേ എംടി പറയാറ്. കാലാതീതനായി അദ്ദേഹം എന്നും നിലനില്‍ക്കുമെന്ന് ഉറപ്പാണ്

വാത്സല്യമനുഭവിച്ചു:നടന്‍ വിനീത്

എന്നെ സിനിമയ്‌ക്ക് പരിചയപ്പെടുത്തിയ ഗുരുനാഥനായിരുന്നു എംടി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ചെയ്താണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ എട്ട് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായി. മക്കളോടുള്ള വാത്സല്യമാണ് എന്നോടുണ്ടായിരുന്നത്.

സിനിമയില്‍ തിരക്കഥയ്‌ക്ക് പ്രാധാന്യം നല്‍കി: പി ആര്‍ നാഥന്‍

മലയാളത്തനിമ സാഹിത്യത്തില്‍ നിന്ന് നഷ്ടപ്പെട്ട കാലത്താണ് എംടിയുടെ സാഹിത്യപ്രവേശം. മലയാളത്തനിമയും ഗ്രാമീണഭാവവും സാഹിത്യത്തിന്റെ ഭാഗമാണെന്ന് എം.ടി തെളിയിച്ചു. ഇതു രണ്ടുമായിരുന്നു എം.ടിയുടെ എഴുത്തിലെ മുഖമുദ്ര. സാധാരണ നാട്ടിന്‍പുറത്തെ നാലുകെട്ടിലെ ജീവിതം പറഞ്ഞുകൊണ്ടായിരുന്നു എം.ടി സാഹിത്യത്തില്‍ സ്ഥാനം പിടിച്ചത്. സിനിമയില്‍ തിരക്കഥയ്‌ക്ക് പ്രാധാന്യം നല്‍കിയത് എം.ടിയായിരുന്നു. പഴയകാലത്ത് കഥ, സംഭാഷണം എന്ന് എഴുതി കാട്ടിയിരുന്നിടത്ത് തിരക്കഥയുടെ പ്രാധാന്യം നല്‍കിയത് എം.ടിയാണ്.

വള്ളുവനാടന്‍ ഭാഷയുടെ ചാരുത: കെ പി ശശിധരന്‍

തകര്‍ന്ന നായര്‍ തറവാടിന്റെ നെടുവീര്‍പ്പുകളെ സാഹിത്യത്തിലും സിനിമയിലും ആവിഷ്‌കരിച്ച എം.ടി യഥാര്‍ത്ഥത്തില്‍ വളളുവനാടന്‍ ഭാഷയെ വടക്കന്‍ കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ ഭാഷയാക്കി. സാഹിത്യത്തില്‍ ആവിഷ്‌കരിച്ച വള്ളുവനാടന്‍ ഭാഷയിലൂടെയും ദൃശ്യത്തിലൂടെയും തകര്‍ന്ന നായര്‍ തറവാടുകളെ ജീവിപ്പിക്കുകയായിരുന്നു എം.ടി. എഴുത്തിലൂടെ കേരളത്തിനു മാത്രമല്ല, ലോകത്തിന് തന്നെ എം.ടി ആ ഭാഷയുടെ ചാരുത പകര്‍ന്നു നല്‍കി. പത്രപ്രവര്‍ത്തകന്‍ ആയിരിക്കെ ഭാരതത്തിലെ വിവിധ പ്രാദേശിക ഭാഷകളിലെ കഥകള്‍ മൊഴിമാറ്റം നടത്തിയ എം.ടി. ഭാഷാപരമായി മലയാളിക്ക് ദേശീയോദ്ഗ്രഥനം സാധ്യമാക്കി. ഭാഷയുടെ ചക്രവാളം രാജ്യത്തോളം വികസിപ്പിച്ചു.

എം.ടിയുടെ ആദ്യകഥകളില്‍ ഒന്നായ നിന്റെ ഓര്‍മ്മയ്‌ക്ക് എന്ന കഥയുടെ മറുകഥയാണ് പിന്നീട് എഴുതിയ കടുഗണ്ണാവ. സിലോണില്‍ ജോലി ചെയ്തിരുന്ന അച്ഛന്റെ കൈപിടിച്ചെത്തിയ പെണ്‍കുട്ടിയെ ചൊല്ലി വീട്ടില്‍ കലഹമുണ്ടാകുന്നു. ആ പെണ്‍കുട്ടി പിന്നീട് തിരിച്ചുപോകുന്നു. വര്‍ഷങ്ങള്‍ക്കുശേഷം എഴുതിയ കടുഗണ്ണാവ ആ കഥയുടെ മറുകഥയാണ്. കൊളംബോയില്‍ അച്ഛന്‍ താമസിച്ചിടത്ത് അന്വേഷിച്ചെത്തുന്ന കഥാനായകന്‍ അവിടെ അച്ഛന്‍ ജീവിച്ചത് പ്രതാപത്തോടെയല്ലെന്ന് തിരിച്ചറിയുന്നു. ഗ്രാമമായ കടുഗണ്ണാവയില്‍ എത്തുന്ന നായകന്‍ സമനില തെറ്റിയ നിലയില്‍, അവിടെ ചൂണ്ടയിട്ടിരിക്കുന്ന യുവാവിനെ കണ്ടെത്തുന്നു. അന്നു തന്റെ വീട്ടില്‍ അച്ഛന്റെ കൈപിടിച്ചെത്തിയ സിംഹള പെണ്‍കുട്ടിയുടെ മകനായിരിക്കാം അയാളെന്ന സൂചന നല്‍കിയാണ് കഥ അവസാനിക്കുന്നത്. എം.ടി ഒരു കഥ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ വായനക്കാരില്‍ അതിനെ പിന്‍തുടര്‍ന്ന് ഒരു കഥ തുടങ്ങുകയാണ്. അതായിരുന്നു എം.ടിയുടെ വേറിട്ട കഥാശൈലി. നിന്റെ ഓര്‍മ്മയ്‌ക്ക് എന്ന കഥയില്‍ നിന്ന് കടുഗണ്ണാവയിലേക്ക് ഹൃദയം പറിച്ചെറിയുന്ന വേദനയുടെ ദൂരമാണ്.

ഭാഷയുടെ അഭിമാനവും അടയാളവും: സുരാജ് വെഞ്ഞാറമൂട്
പകരം വയ്‌ക്കാനാളില്ലാത്ത വ്യക്തിയെന്ന് ഒട്ടും ആലങ്കാരികമല്ലാതെ പറയാന്‍ സാധിക്കുന്ന ആളാണ് എം.ടി. വാസുദേവന്‍ നായര്‍. നാടിന്റെയും ഭാഷയുടെയും സിനിമയുടെയും സംസ്‌കാരത്തിന്റെയും അഭിമാനവും അടയാളവുമായ മഹത് വ്യക്തിത്വം. സാഹിത്യലോകത്ത് മാത്രമല്ല സിനിമ എന്ന കലയുടെ സമസ്തമേഖലകളിലും അറിവും പ്രാവീണ്യവും അടയാളപ്പെടുത്തിയാണ് അദ്ദേഹം വിട പറയുന്നത്.

ഏറ്റവും വലിയ ദുഃഖം: കമല്‍
എംടിയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യാന്‍ കഴിയാത്തത് എന്റെ ഏറ്റവും വലിയ ദുഃഖമാണ്. എംടിയെന്ന മനുഷ്യന്‍ ഇനിയില്ല എന്നുള്ളത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ നഷ്ടമാണ്.

മധുപാല്‍

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ച വ്യക്തിയാണ് എം.ടിയെന്നായിരുന്നു നടനും സംവിധായകനുമായ മധുപാലിന്റെ നിരീക്ഷണം. നിർമാല്യം പോലെ ഒരു സിനിമ ഇനി ഉണ്ടാക്കാൻ സാധിക്കില്ല. സിനിമയിൽ എന്ത് ചെയ്യണം, എന്ത് പറയണം എന്ന് കൃത്യമായി എം.ടിക്ക് അറിയാം. വിഷ്വൽ ഉപയോഗിച്ച് കൊണ്ടാണ് അദ്ദേഹം തിരക്കഥ ഒരുക്കുന്നത്. ചിലപ്പോൾ ഒരു നോട്ടം കൊണ്ട് കഥ പറയുമെന്നും മധുപാല്‍ ചൂണ്ടിക്കാട്ടി. മഞ്ഞ് എന്ന നോവലിൽ ഏറ്റവും കൂടുതൽ പറയുന്ന വാചകം, വരും വരാതിരിക്കില്ല, എന്നതാണ്.  എന്നാൽ സിനിമയിൽ ഒരിടത്ത് പോലും അത് ഉപയോഗിച്ചിട്ടില്ല. എം.ടി പരത്തി പറഞ്ഞിട്ടുള്ളത് ചുരുക്കം ചില സിനിമകളിൽ മാത്രമെന്നും മധുപാല്‍ പറഞ്ഞു.

സംവിധായകന്‍ ജയരാജ്

വളർന്നു തുടങ്ങുന്ന കാലം തൊട്ട് വായിച്ച എം.ടി ഓർമയാണ് സംവിധായകന്‍ ജയരാജ് പങ്കുവച്ചത്. വള്ളുവനാട് നിന്ന് വിവാഹം കഴിക്കാനുള്ള കാരണം പോലും എം.ടിയുടെ സാഹിത്യമാണ്. ആവശ്യമുള്ളത് മാത്രം പറയുകയും എഴുതുകയും ചെയ്തു. അനാവശ്യമായി ഒരു വാക്ക് പോലും അദ്ദേഹം പറഞ്ഞില്ലെന്നും ജയരാജ് ഓർത്തെടുത്തു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍
മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തില്‍ വെളിച്ചം പകര്‍ന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഈ നഷ്ടം വാക്കുകള്‍ക്ക് വിവരണാതീതമാണ്.എംടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും നവീകരിച്ച സാഹിത്യകാരനാണ് അദ്ദേഹം. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ സാംസ്‌കാരിക മേഖലയുടെയാകെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ ശക്തിയാര്‍ജ്ജിക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായി നിലയുറപ്പിച്ച പോരാളി കൂടെയായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു.

മന്ത്രി റോഷി അഗസ്റ്റിൻ

മലയാള ഭാഷയെ അക്ഷരങ്ങളിലൂടെ ലോക സാഹിത്യത്തിന് പരിചയപ്പെടുത്തിയ എം ടിയുടെ വിയോഗം നമുക്ക് തീരാ നഷ്ടം ആണ്. മലയാള സാഹിത്യത്തിന് ഈ വിയോഗം താങ്ങാവുന്നതിൽ അപ്പുറമാണ്. അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടിയ സാഹിത്യകാരനെയാണ് നമുക്ക് നഷ്ടമാകുന്നത്.നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെ സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വം ആയിരുന്നു എംടി. മലയാളിയുടെ ജീവിതത്തിന്റെ പരിച്ഛേദം ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. സാധാരണക്കാരന്റെ ഭാഷയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സംസാരിച്ചിരുന്നത്. നിത്യ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത കഥാപാത്രങ്ങൾ നമ്മൾ ഒക്കെ തന്നെ ആയിരുന്നു. നമ്മുടെ വേദനകളും സന്തോഷങ്ങളും എല്ലാം ആണ് അദ്ദേഹം അക്ഷരങ്ങളിലൂടെ കോറിയിട്ടത്. റോഷി അഗസ്റ്റിൻ പറഞ്ഞു.

രാഹുൽ ഗാന്ധി

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കഥകളെല്ലാം കേരളത്തിന്റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്. അദ്ദേഹത്തിന്റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.

രമേശ് ചെന്നിത്തല

മലയാള സാഹിത്യത്തിൽ ഇതിഹാസമായിരുന്നു എം.ടി വാസുദേവൻനായരെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവർത്തിയായ രചനകളാണ് എം.ടിയുടേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ

ക്രിസ്മസ് രാത്രിയിലാണ് എം ടി മരിച്ചത്. അതിലൂടെ മനസിലാകുന്നത് അദ്ദേഹം നക്ഷത്രം ആയിരുന്നു എന്നാണ്. നക്ഷത്രം വഴികാട്ടിയാണ്. കാലത്തെ അനശ്വരനാക്കിയ കലാകാരന് എം ടി.മലയാളത്തിന്റെ ശബ്ദം,മലയാളം അക്ഷരങ്ങൾ ലോകത്തിനു മുഴുവൻ വ്യാപിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചാണ് ഞാൻ വളർന്നത്.

എം.വി ഗോവിന്ദൻ (സിപിഎം സംസ്ഥാന സെക്രട്ടറി)

മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം. എം.ടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു.നാലുകെട്ട് എന്ന ഒറ്റ നോവൽ കൊണ്ട് ചെറുപ്രായത്തിൽ പ്രശസ്തിയിലേക്ക് കടന്ന എം.ടി ഓർമ്മയായിരിക്കുന്നു. കഥയിലും സാഹിത്യത്തിലും അല്ല സിനിമയേയും കീഴടക്കിയ വ്യക്തിയാണ് എംടി. അദ്ദേഹത്തിന്റെ നിർമാല്യം എന്ന സിനിമ മാത്രം മതി എക്കാലവും ഓർമിക്കാൻ. അനീതിക്ക് നേരെ കാർക്കിച്ച് തുപ്പാൻ കരുത്തനായ കഥാപാത്രത്തെ സൃഷ്ടിക്കാൻ എം.ടിക്ക് പകരം മറ്റാരും ഇല്ല . എല്ലാവരിൽ നിന്നും വേറിട്ട് എനിക്ക് ഒരു വഴി ഉണ്ട് എന്ന് അദ്ദേഹം കാട്ടി കൊടുത്തു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും അദ്ദേഹം എടുത്തു . അദ്ദേഹത്തിന്റെ വേർപാട് ഒരു തരത്തിലും നികത്താൻ പറ്റില്ല .-

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by