ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ കേസിലുൾപ്പെടുത്താതെ പോലീസ്. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മറ്റിയംഗം വി ആർ സജിക്കെതിരെയാണ് കേസെടുക്കാത്തത്.
സജിയുടെ ഭീഷണി സന്ദേശമെത്തിയ സാബുവിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള തെളിവുകൾ കൂടി കിട്ടിയ ശേഷം സജിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനാണ് പോലീസിന്റെ നീക്കം. കേസിൽ സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചിരുന്നു.
സൊസൈറ്റിയിലെ സിസിടിവിയും, സാബുവിന്റെ മൊബൈൽ ഫോണും മൊഴികളും പരിശോധിക്കാനാണ് പോലീസ് തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരിൽ സാബു (56) ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ മൂന്ന് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.
കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് പേർക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: