കൊച്ചി: സംസ്ഥാനത്ത് വീട്ടു പ്രസവങ്ങളിലൂടെ അമ്മയും കുഞ്ഞും മരിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിത പ്രസവം പൂര്‍ണമായി ആശുപത്രികളില്‍ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മലപ്പുറം താനൂര്‍ സ്വദേശിയും ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ. പ്രതിഭയുടെ ഹര്‍ജിയിലാണ് ഈ നടപടി.
വീട്ടു പ്രസവങ്ങളിലൂടെ അമ്മയും കുഞ്ഞും മരിക്കുന്നതും ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ എത്തുന്നതും മെഡിക്കല്‍ ഓഫീസര്‍മാര്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പ്രസവം നടന്ന സ്ഥലം വീട് എന്ന് കാണിക്കാന്‍ സൗകര്യമുള്ളത് ചിലര്‍ മുതലെടുക്കുകയാണ്. സുരക്ഷിത പ്രസവം ആരോഗ്യകേന്ദ്രങ്ങളില്‍ ഉറപ്പാക്കാന്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമെന്ന് ഹര്‍ജിയില്‍ പറയുന്നു.
ആരോഗ്യ കേന്ദ്രങ്ങള്‍ അല്ലാത്തയിടത്തും വീടുകളിലും സ്ത്രീകള്‍ പ്രസവിക്കുന്നത് ഒഴിവാക്കാന്‍ ഉചിത നിര്‍ദേശം നല്കണമെന്ന് ഡോ. കെ. പ്രതിഭ കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന് നല്കിയ കത്തില്‍ തീരുമാനമെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വീട്ടു പ്രസവങ്ങളുടെയും, ഇതിലൂടെ അമ്മയും കുഞ്ഞും മരിച്ചതിന്റെയും വിവരങ്ങള്‍ ഹര്‍ജിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. ജസ്റ്റിസ് ഈശ്വരനാണ് ഇത് സംബന്ധിച്ചുള്ള വിശദീകരണം സര്‍ക്കാരിനോട് തേടിയത്. ഹര്‍ജി ഭാഗത്തിനായി ആര്‍. ഗോപന്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: