Kerala

നായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച ഗുണ്ട കമ്രാന്‍ സമീര്‍ ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു

സക്കീറിനെ കൂടാതെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നായയുടെ കടിയേറ്റു

Published by

തിരുവനന്തപുരം: നായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച ഗുണ്ട ജാമ്യത്തിലിറങ്ങി വിഎസ്എസിയിലെ ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു.ഇവരുടെ കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു.ഇന്നലെ രാത്രി 11 മണിക്ക് പുത്തന്‍തോപ്പ് ആശുപത്രിക്ക് സമീപമാണ് സംഭവം. ബിഹാര്‍ സ്വദേശി വികാസ് കുമാര്‍ യാദവിനെയും ഭാര്യയെയുമാണ് ആക്രമിച്ചത്.

കഠിനംകുളത്ത് വളര്‍ത്തുനായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചത്.കമ്രാന്‍ സമീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചത്. വികാസ് കുമാറും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ കല്ലെറിയുകയും വാഹനം നിര്‍ത്തിക്കുകയുമായിരുന്നു.തുടര്‍ന്ന് ഇരുവരെയും മര്‍ദിച്ച ശേഷം കത്തി കൊണ്ട് കഴുത്തിലടക്കം പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കമ്രാന്‍ സമീറിനെ പൊലീസ് പിടികൂടി.

കഠിനംകുളം സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് കമ്രാന്‍ സമീര്‍. ലഹരിക്ക് അടിമയായ ഇയാള്‍ നാട്ടുകാര്‍ക്കും പൊലീസിനും സ്ഥലം ശല്യമാണ്. കുട്ടികള്‍ ഇയാളെ നോക്കി ചിരിച്ചുവെന്നതിന്റെ പേരിലാണ് വീട്ടില്‍ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ചത്.

സക്കീറിനെ കൂടാതെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നായയുടെ കടിയേറ്റു. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ സക്കീറിന്റെ വീടിന് നേരെ കമ്രാന്‍ പെട്രോള്‍ ബോംബേറും നടത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by