Kerala

കാക്കനാട് കോളെജിലെ എന്‍സിസി ക്യാമ്പില്‍ അതിക്രമം നടത്തിയ എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ പത്ത് പേർക്കെതിരെ കേസ്

തൃക്കാക്കര പോലീസ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് ഏഴ് പേര്‍ക്കെതിരെയും കേസെടുത്തു

Published by

കൊച്ചി : കാക്കനാട്ടെ കെഎംഎം കോളജിലെ എന്‍സിസി ക്യാമ്പിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ വനിതാ നേതാവ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്. ഭാഗ്യലക്ഷ്മി, ആദര്‍ശ്, പ്രമോദ് എന്നിവര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന മറ്റ് ഏഴ് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് കേസ്. എന്‍ സി സി ക്യാമ്പില്‍ പങ്കെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിന്റെ പിന്നാലെയാണ് എസ്എഫ്‌ഐ നേതാക്കള്‍ എന്‍സിസി ക്യാമ്പിലെത്തിയത്. ഇത് അന്വേഷിക്കാന്‍ വന്ന ഭാഗ്യലക്ഷ്മി തങ്ങളെയും അധ്യാപകരെയും ചേര്‍ത്ത് മോശം പരാമര്‍ശം നടത്തി എന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം.

തുടര്‍ന്ന് ഭാഗ്യലക്ഷ്മിയും കുട്ടികളും തമ്മില്‍ തര്‍ക്കമുണ്ടായി. തൃക്കാക്കര പോലീസ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് ഏഴ് പേര്‍ക്കെതിരെയും കേസെടുത്തു.  എന്‍ സി സി 21 കേരള ബറ്റാലിയന്‍ ക്യാമ്പില്‍ പങ്കെടുത്ത എഴുപത്തിരണ്ടോളം വിദ്യാര്‍ഥികളെ ഭക്ഷ്യ വിഷബാധയെറ്റതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പ്രതിഷേധവുമായെത്തിയ രക്ഷിതാക്കള്‍ ഇന്നലെ രാത്രി വൈകിയും എന്‍ സി സി ക്യാമ്പ് നടക്കുന്ന കെ എം എം കോളജിന്റെ മുന്നില്‍ തുടര്‍ന്നിരുന്നു. ക്യാമ്പിലെ വെള്ളവും ഭക്ഷണവും കഴിച്ചാണ് ഭക്ഷ്യ വിഷബാധ ഏറ്റത് എന്നാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by