സ്വതന്ത്രഭാരതത്തിന്റെ എഴുപത്തഞ്ചുവര്‍ഷം കാണാന്‍ സാധിക്കാതിരുന്ന അപൂര്‍വ്വ സുന്ദര ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് പതിനെട്ടാം ലോക്സഭയുടെ ആദ്യ ശീതകാല സമ്മേളനം സമാപിച്ചത്. രാജ്യത്തിന്റെ ഭരണഘടനയെയും ഭരണഘടനാ ശില്‍പ്പി ഡോ. ബി. ആര്‍ അംബേദ്ക്കറെയുംപറ്റി നെഹ്റു കുടുംബാംഗങ്ങള്‍ സംസാരിക്കുന്നതും അംബേദ്ക്കറിന്റെ ചിത്രങ്ങളുയര്‍ത്തിപ്പിടിച്ച് ‘നിലനില്‍പ്പിന്റെ രാഷ്‌ട്രീയം’ പറയുന്നതും ഭരണഘടനാ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രസംഗിക്കുന്നതുമെല്ലാം ശീതകാല സമ്മേളനത്തിലെ കാഴ്ചകളായി. യഥാര്‍ത്ഥത്തില്‍ നെഹ്രു കുടുംബം അംബേദ്ക്കറോടും ഭരണഘടനയോടും ചെയ്തതൊക്കെ മറച്ചുപിടിക്കാന്‍ ഈ രാഷ്‌ട്രീയ നാടകങ്ങള്‍ കൊണ്ട് സാധിക്കുമെന്നാണ് ആ കുടുംബത്തിന്റെ പിന്മുറക്കാര്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ അവരുടെ രാഷ്‌ട്രീയ അജ്ഞതയെന്നേ പറയാനാവൂ. അടിയന്തരാവസ്ഥയ്‌ക്കെതിരെ വോട്ട് ചെയ്തു നെഹ്റു കുടുംബത്തെ ദയനീയമായി ശിക്ഷിച്ച രാജ്യമാണിത്. അഴിമതികള്‍ നിറഞ്ഞ യുപിഎ ഭരണകാലത്തിന്റെ ഓര്‍മ്മകളില്‍ തുടര്‍ച്ചയായ മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ വോട്ടര്‍മാരാണ് ഈ രാജ്യത്തുള്ളത്. ജവഹര്‍ലാല്‍ നെഹ്രു മുതലിങ്ങോട്ട് ആ കുടുംബത്തില്‍ നിന്നുള്ളവര്‍ രാജ്യം ഭരിച്ച കാലത്ത് പിന്നോക്ക ജനവിഭാഗങ്ങളോടും അംബേദ്ക്കറോടും കൈക്കൊണ്ട നിലപാടുകളെപ്പറ്റിയും ബോധമുള്ള ജനങ്ങളാണ് ഇവിടെയുള്ളത്. മോദിവിരുദ്ധ മാധ്യമങ്ങളുടെ ശ്രദ്ധ നേടാന്‍ കോണ്‍ഗ്രസ് നടത്തിയ ഗിമ്മിക്കുകള്‍ക്കപ്പുറം ഭരണഘടനയോടും അംബേദ്ക്കറോടും കോണ്‍ഗ്രസിനും നെഹ്രു കുടുംബത്തിനും എന്തായിരുന്നു സമീപനം എന്നത് ഒരിക്കല്‍ക്കൂടി രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധയിലേക്ക് എത്തിക്കാന്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളും പ്രതിഷേധങ്ങളും വഴിവെച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.
ലോക്സഭയിലും രാജ്യസഭയിലുമായി നീണ്ടുനിന്ന നാലുദിവസത്തെ ഭരണഘടനാ ചര്‍ച്ചയിലുണ്ടായ തിരിച്ചടി മറികടക്കാന്‍ അവസാന ദിനങ്ങളില്‍ അംബേദ്ക്കറിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന്റെ ദയനീയ ദൃശ്യങ്ങളോടെയാണ് ശീതകാല സമ്മേളനം സമാപിച്ചത്. ഭരണഘടനയുടെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടായിരുന്നു ഇരുസഭകളിലും പ്രത്യേക ചര്‍ച്ച സംഘടിപ്പിച്ചത്. രാജ്യസഭയില്‍ ചര്‍ച്ചയ്‌ക്ക് മറുപടി പറഞ്ഞ അമിത് ഷായുടെ പ്രസംഗത്തിലെ ചില വാക്കുകള്‍ മാത്രമെടുത്ത് വീഡിയോ പ്രചരിപ്പിച്ച് കോണ്‍ഗ്രസ് തരംതാണ വിവാദത്തിന് ശ്രമിച്ചു. അംബേദ്ക്കറെ അപമാനിച്ചെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. ”ഇപ്പോഴൊരു ഫാഷന്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അംബേദ്ക്കര്‍ അബേദ്ക്കര്‍ അംബേ്ക്കര്‍ അംബേദ്ക്കര്‍ അംബേദ്കര്‍ അംബേദ്ക്കര്‍ എന്നവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. ഇത്രയധികം തവണ ഈശ്വരനെ വിളിച്ചിരുന്നെങ്കില്‍ ഏഴു ജന്മം സ്വര്‍ഗ്ഗം ലഭിച്ചേനേ”, ഇതായിരുന്നു പ്രചരിപ്പിച്ച വീഡിയോയിലുണ്ടായിരുന്നത്. എന്നാല്‍ വ്യാജ വീഡിയോ പ്രചാരണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളെടുത്തതോടെ കോണ്‍ഗ്രസ് നേതാക്കളോട് വീഡിയോകള്‍ എക്സില്‍ നിന്ന് എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് എക്സ് നോട്ടീസ് അയക്കുകയും മാധ്യമങ്ങളടക്കം വ്യാജപ്രചാരണ വീഡിയോ പിന്‍വലിക്കുകയും ചെയ്തു. അമിത് ഷായുടെ പ്രസംഗത്തില്‍ പറയുന്നത് ഇപ്രകാരമായിരുന്നു. ‘ഇപ്പോഴൊരു ഫാഷന്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അംബേദ്ക്കര്‍ അബേദ്ക്കര്‍ അംബേ്ക്കര്‍ അംബേദ്ക്കര്‍ അംബേദ്കര്‍ അംബേദ്ക്കര്‍ എന്നവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. ഇത്രയധികം തവണ ഈശ്വരനെ വിളിച്ചിരുന്നെങ്കില്‍ ഏഴു ജന്മം അവര്‍ക്ക് സ്വര്‍ഗ്ഗം ലഭിച്ചേനെ. പക്ഷേ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. വളരെ നല്ല കാര്യമാണവര്‍ ചെയ്യുന്നത്. അംബേദ്ക്കറുടെ പേര് ഇവര്‍ പറഞ്ഞുതുടങ്ങിയല്ലോ. അംബേദ്ക്കറുടെ പേര് നൂറുതവണ ഇവര്‍ പറയുന്നുണ്ടല്ലോ. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി അംബേദ്ക്കര്‍ജിയെപ്പറ്റിയുള്ള ഇവരുടെ മനോഭാവം എന്തായിരുന്നു? ഇതു ഞാന്‍ പറഞ്ഞു തരാം. രാജ്യത്തിന്റെ ആദ്യ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് അംബേദ്ക്കറെ എന്തിനാണിവര്‍ ഒഴിവാക്കിയത്. പട്ടികജാതി,പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് സംഭവിക്കുന്ന കാര്യങ്ങളില്‍ താന്‍ അസന്തോഷവാനാണെന്ന് അംബേദ്ക്കര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തിലും ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തിലും അസന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്”, അമിത് ഷാ പ്രസംഗം ഇത്തരത്തിലാണ് മുന്നോട്ട് കൊണ്ടുപോയത്.
ഈ പ്രസംഗത്തിലെ മൂന്നു വരികള്‍ മാത്രമെടുത്ത് വിവാദമുണ്ടാക്കിയ പ്രതിപക്ഷ നീക്കത്തിനെതിരെ ആദ്യം രംഗത്തെത്തിയത് പ്രധാനമന്ത്രി മോദിയാണ്. സാമൂഹ്യ മാധ്യമമായ എക്സിലൂടെ അതിനിശിതമായ വിമര്‍ശനമാണ് മോദി കോണ്‍ഗ്രസിനെതിരെ നടത്തിയത്. ഡോ. ബി. ആര്‍ അംബേദ്ക്കറോട് ചെയ്ത പാപങ്ങള്‍ മറച്ചുവെയ്‌ക്കാനുള്ള തരംതാണ രാഷ്‌ട്രീയ നാടകമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് മോദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ്സിന്റെ കറുത്ത ചരിത്രമാണ് അമിത്ഷാ രാജ്യസഭയില്‍ ഓര്‍മിപ്പിച്ചത്. അതിന്റെ ജാള്യത മറക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അംബേദ്കറെ നിരന്തരം അപമാനിച്ചത് കോണ്‍ഗ്രസ് ആണ്. ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് അംബേദ്കറുടെ നേട്ടങ്ങളെ മറച്ചുവെക്കാനും എസ് സീ , എസ്ടി സമൂഹങ്ങളെ അപമാനിക്കാനും
നിരന്തരം പ്രയത്‌നിച്ചു. അംബേദ്കറെയും അടിസ്ഥാന ജനവിഭാഗത്തെയും കോണ്‍ഗ്രസ് അപമാനിച്ചതിന്റെയും അവഗണിച്ചതിന്റെയും കറുത്ത ചരിത്രമാണ് അമിത്ഷാ രാജ്യസഭയില്‍ മറുപടി പ്രസംഗത്തില്‍ തുറന്ന് കാട്ടിയത്. അതിന് മറുപടി ഇല്ലാത്തതുകൊണ്ടും ജാള്യത മറക്കാനുമാണ് ഈ നാടകം. അംബേദ്ക്കറെ ഏറ്റവുമധികം അപമാനിച്ചവര്‍ കോണ്‍ഗ്രസാണെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാമെന്നും മോദി പറഞ്ഞു.
അംബേദ്കറെ രണ്ടു തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് ആണ്. അഭിമാനപ്രശ്‌നമായി കണ്ട് നെഹ്‌റു തന്നെ അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അംബേദ്കറിന് ഭാരത രത്‌ന നിഷേധിച്ചു. വി.പി. സിങ് സര്‍ക്കാരിന്റെ കാലം വരെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം സ്ഥാപിക്കുന്നത് തടഞ്ഞതും കോണ്‍ഗ്രസ് ആണ്, മോദി ചരിത്രം ഓര്‍മ്മിപ്പിച്ചു.
മോദിയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് അമിത് ഷായും കോണ്‍ഗ്രസും നെഹ്റു കുടുംബവും അംബേദ്ക്കറോട് ചെയ്ത ദ്രോഹങ്ങള്‍ അക്കമിട്ടു നിരത്തി. നാലുദിനം നീണ്ടുനിന്ന ഭരണഘടനാ ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ സംഭവിച്ച ദയനീയ തിരിച്ചടിയില്‍ നിന്ന് മുഖംരക്ഷിക്കാനാണ് വ്യാജ പ്രചാരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം മാധ്യമങ്ങള്‍ നല്‍കണമെന്നും കോണ്‍ഗ്രസിന്റെ വ്യാജപ്രചാരണം ജനങ്ങള്‍ തിരിച്ചറിയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ബാബാ സാഹിബിനെ അപമാനിക്കാന്‍ ബിജെപിക്കൊരിക്കലും സാധിക്കില്ലെന്നും അദ്ദേഹത്തെ നിരന്തരം അപമാനിക്കുകയും സ്വതന്ത്ര ഭാരതത്തിലെ സ്മാരകം പോലും പണിയാതെ അദ്ദേഹത്തെ അവഗണിച്ചിട്ടത് കോണ്‍ഗ്രസ് ആണെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് അംബേദ്ക്കറിന് വേണ്ടി നിരവധി സ്്മാരകങ്ങള്‍ നിര്‍മ്മിച്ച് അദ്ദേഹത്തെ ആദരിച്ചത് ബിജെപി ഭരണകാലത്ത് മാത്രമാണെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.
ഡോ. അംബേദ്ക്കര്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിക്കുന്നയാളാണെന്ന് ആരോപിക്കുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ പഴയ കത്തുകള്‍ പുറത്തുവന്നതും അംബേദ്ക്കര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് 1951ല്‍ ഒഴിവാക്കപ്പെട്ടതിലുള്ള ആശ്വാസം നെഹ്റു പങ്കുവെയ്‌ക്കുന്ന രേഖകള്‍ ചര്‍ച്ചയായതും കോണ്‍ഗ്രസിന്റെ കപട അംബേദ്ക്കര്‍ സ്നേഹത്തെ തുറന്നുകാട്ടി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അംബേദ്ക്കര്‍ വിരോധം എത്രത്തോളമുണ്ടായിരുന്നു എന്നത് മനസ്സിലാക്കാന്‍ അംബേദ്ക്കറെ നെഹ്റു ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ നടത്തിയ നീക്കങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി. അക്കാലത്ത് അംബേദ്ക്കറുടെ പോളിംഗ് ഏജന്റായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചു പ്രവര്‍ത്തിച്ചത് ആര്‍എസ്എസ് പ്രചാരകന്‍ ആയിരുന്ന ദത്തോപന്ത് ഠേംഗ്ഡി ആയിരുന്നു എന്നതും ചരിത്ര സത്യങ്ങളാണ്. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാവാദ്രയും അടക്കം നെഹ്രു കുടുംബാംഗങ്ങള്‍ പാര്‍ലമെന്റംഗങ്ങളായി ഇന്നും കോണ്‍ഗ്രസിന്റെ തലപ്പത്തിരിക്കുമ്പോള്‍ തന്നെ നെഹ്രുവും ഇന്ദിരയും രാജീവും അടങ്ങുന്ന മുന്‍തലമുറ നിരന്തരം അപമാനിച്ച അംബേദ്ക്കര്‍ക്കായി അതേ പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി വാദിക്കേണ്ടിവരുന്നത് കാവ്യനീതിയാണ്. ഭരണാധികാരത്തിനായുള്ള നെഹ്രു കുടുംബത്തിന്റെ രാഷ്‌ട്രീയ നാടകമാണെങ്കിലും അവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം അംബേദ്ക്കറിന് മുദ്രാവാക്യം വിളിക്കേണ്ടിവന്നത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളുടെ സൗന്ദര്യം ഉയര്‍ത്തുന്ന കാഴ്ച തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: