Kerala

ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളില്‍ വേദന

ഇന്ത്യന്‍ പൗരന്മാരെ അവര്‍ എവിടെയായിരുന്നാലും എന്ത് പ്രതിസന്ധി നേരിട്ടാലും അവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കേണ്ടത് പ്രഥമ കടമ ആയി രാജ്യം കാണുന്നു

Published by

ന്യൂദല്‍ഹി : കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ സ്‌നേഹം, ഐക്യം, സാഹോദര്യം എന്നിവ ഉദ്‌ഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം ന്യൂദല്‍ഹിയില്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സമൂഹത്തില്‍ അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് കാണുമ്പോള്‍ ഹൃദയം വേദനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഏതാനും ദിവസം മുമ്പ് ജര്‍മ്മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തെ ഉദ്ധരിച്ചാണ് മോദി ഇങ്ങനെ പറഞ്ഞത്. ഇത്തരം വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ ജനങ്ങള്‍ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശനയത്തില്‍ ഇന്ത്യ ദേശീയതാല്‍പ്പര്യത്തിനും മനുഷ്യതാത്പര്യത്തിനും മുന്‍ഗണന നല്‍കുന്നു.മാര്‍പ്പാപ്പയെ ഇ്ന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പൗരന്മാരെ അവര്‍ എവിടെയായിരുന്നാലും എന്ത് പ്രതിസന്ധി നേരിട്ടാലും അവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കേണ്ടത് പ്രഥമ കടമ ആയി രാജ്യം കാണുന്നു. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് ഫാദര്‍ അലക്‌സിസ് പ്രേം കുമാറിനെ സുരക്ഷിതമായി തിരികെ കൊണ്ടുവന്നത് തനിക്ക് വളരെ തൃപ്തി നല്‍കിയ സംഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു പതിറ്റാണ്ട് മുമ്പ്, എട്ട് മാസത്തോളം യമനില്‍ ബന്ദിയാക്കപ്പെട്ട് മാസങ്ങളോളം തടവിലായിരുന്ന ഫാദര്‍ ടോമിനെ രക്ഷപ്പെടുത്തിയതും നരേന്ദ്രമോദി അനുസ്മരിച്ചു. തന്റെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ദൗത്യങ്ങളെല്ലാം വെറും നയതന്ത്ര ദൗത്യങ്ങളല്ലെന്നും കുടുംബാംഗങ്ങളെ തിരികെ കൊണ്ടുവരാനുള്ള വൈകാരിക പ്രതിബദ്ധതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരി ബാധിച്ചപ്പോള്‍, മനുഷ്യാവകാശങ്ങളെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്ന പല രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതില്‍ നിന്ന് പിന്മാറി.എന്നാല്‍ ഇന്ത്യ 150 ലധികം രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ എത്തിച്ച് നല്‍കി.

വികസിത് ഭാരതം എന്ന സ്വപ്നം തീര്‍ച്ചയായും സാക്ഷാത്കരിക്കപ്പെടുമെന്ന ആത്മവിശ്വാസം രാജ്യത്തെ യുവാക്കള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ഭാവിയില്‍ നമുക്കോരോരുത്തര്‍ക്കും പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും ഒപ്പം,എല്ലാവരുടെയും വികസനം, എല്ലാവരുടെയും ശ്രമം എന്ന പൊതുലക്ഷ്യവുമായാണ് ഇന്ന് രാജ്യം മുന്നോട്ട് പോകുന്നത്.

കര്‍ദ്ദിനാള്‍മാര്‍, ബിഷപ്പുമാര്‍, സഭയിലെ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രധാന നേതാക്കളുമായും മോദി ആശയവിനിമയം നടത്തി. ജോര്‍ജ് കൂവക്കാടിനെ വിശുദ്ധ റോമന്‍ കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാളായി ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിയത് അഭിമാനത്തിന്റെ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കര്‍ദ്ദിനാള്‍മാരായ മാര്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ആന്റണി പൂല, മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോര്‍ജ്ജ് കൂവക്കാട്ട്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ദില്ലി ആര്‍ച്ച് ബിഷപ്പ് മാര്‍ അനില്‍ കൂട്ടോ, സിബിസിഐ ഭാരവാഹികളായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആന്റണി സാമി, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ഫാ മാത്യു കോയിക്കല്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെപി നേതാക്കളായ ടോം വടക്കന്‍, അനില്‍ ആന്റണി, അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. 1944ല്‍ സ്ഥാപിതമായ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ഇന്ത്യയിലുടനീളമുള്ള എല്ലാ കത്തോലിക്കരുമായും ഏറ്റവും അടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക