കട്ടപ്പന: കാലമെത്ര കഴിഞ്ഞാലും ഈ സങ്കട പെയ്‌ത്ത് തീരില്ല. ബാങ്ക് നിക്ഷേപം തിരികെ ലഭിക്കാതെ വന്നതോടെ ആത്മഹത്യ ചെയ്യേണ്ടിവന്ന മുളങ്ങാശ്ശേരി സാബുവിന്റെ വിടവാങ്ങല്‍ ചടങ്ങ് നാടിനൊന്നാകെ ഹൃദയഭേദകമായി. ബന്ധുക്കളുടെയും ഉറ്റവരുടെയും ഒന്നും സങ്കടപ്പെരുമഴ ഉടനൊന്നും തീരില്ലെന്നുള്ളതിന്റെ സാക്ഷ്യമായി സാബുവിന്റെ ഭവനത്തിലെ അന്ത്യചടങ്ങുകള്‍.
സഹകരണ മേഖലയിലെ കൊള്ളക്കെതിരെയുള്ള പ്രതിഷേധം ഘനീഭവിച്ച ദിവസം കൂടിയായിരുന്നു അത്. ഇനി വരുംദിവസങ്ങള്‍ പ്രതിഷേധത്തിന്റെ ദിനങ്ങളാകുമെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഇന്നലെ കട്ടപ്പനയില്‍ നടന്ന സംഭവങ്ങള്‍.
സഹകരണ മേഖലയില്‍ നടമാടുന്ന പകല്‍ക്കൊള്ളയുടെ ഇരയായ മുളങ്ങാശ്ശേരി സാബുവിന്റെ (56) സംസ്‌കാരം കട്ടപ്പന സെന്റ് ജോര്‍ജ് പളളി സെമിത്തേരിയില്‍ വൈകിട്ട് നാലിന് നടത്തി. നിരവധിയാളുകളാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. വിവിധ സാമൂഹിക, രാഷ്‌ട്രീയ പ്രവര്‍ത്തകരും വ്യാപാരികളും നാട്ടുകാരുമായി നൂറുകണക്കിനാളുകള്‍ വീടിന് സമീപം തടിച്ചുകൂടിയിരുന്നു.
കട്ടപ്പന പള്ളിക്കവലയിലെ വീട്ടില്‍ ഉച്ചയ്‌ക്ക് ഒരുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനെത്തിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കും അമ്മ ത്രേസ്യാമ്മയ്‌ക്കും കാണാനായി മൃതദേഹം വീടിനുള്ളില്‍ ഏതാനും സമയം വച്ച ശേഷം പുറത്ത് പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി പള്ളിയിലേക്കെടുത്തു.
ഈ സമയം മക്കളും ഭാര്യ മേരിക്കുട്ടിയും മൃതദേഹത്തില്‍ അന്ത്യചുംബനം അര്‍പ്പിച്ചു. നാലിന് കട്ടപ്പന സെയ്ന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെത്തിച്ച മൃതദേഹം ആചാരങ്ങളോടെ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് കട്ടപ്പന പള്ളിക്കവലയില്‍ വെറൈറ്റി ഗിഫ്റ്റ് ആന്‍ഡ് ഫാന്‍സി ഷോപ്പ് നടത്തുകയായിരുന്ന മുളങ്ങാശേരിയില്‍ സാബു (56) സിപിഎം ഭരിക്കുന്ന കട്ടപ്പന റൂറല്‍ കോ- ഓറേറ്റീവ് സൊസൈറ്റിക്ക് മുമ്പില്‍ ജീവനൊടുക്കിയത്. സാബുവിന്റെ മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. സാബുവിന്റെ ഭാര്യയുടെ മൊഴി ഇന്നലെ വീട്ടിലെത്തി പോലീസ് രേഖപ്പെടുത്തി. കട്ടപ്പന സിഐ മുരുകന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
വിശദീകരണവുമായി സിപിഎം
സംഭവം വിവാദമായതോടെ സിപിഎം വിശദീകരണവുമായി രംഗത്തെത്തി. സാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. ഉത്തരവാദികള്‍ ആരായാലും നടപടി സ്വീകരിക്കും. പോലീസ് അന്വേഷണം നടത്തി നടപടി എടുക്കട്ടെയെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു
തുടര്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഇടുക്കി പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഒന്‍പതംഗ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. കട്ടപ്പന സിഐ മുരുകന്‍ ടി.സി., തങ്കമണി സിഐ എബി എം.പി., എസ്‌ഐമാരായ എബി ജോര്‍ജ്, മനോജ് സി.ഡി., സിനോജ്, എഎസ്‌ഐ സതീഷ്‌കുമാര്‍ എം.എസ്., ശ്രീജിത്ത് വി.എം., ജിഷ മാത്യു, നിതിന്‍ വിന്‍സെന്റ് എന്നിവരാണ് സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക