കെട്ടിഅടച്ച ശ്രീകോവിലും, നാലമ്പലവും, ചുറ്റമ്പലവും, ഇല്ലാത്ത പ്രസിദ്ധമായ ക്ഷേത്രമാണ് തൃപ്പാറ മഹാദേവ ക്ഷേത്രം. ഭഗവാന്‍ സ്വയംഭൂ ആണെന്ന് സങ്കല്പം. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 7 കിലോമീറ്റര്‍ മാറി കൈപ്പട്ടൂര്‍ – കോന്നി റൂട്ടില്‍ കൈപ്പട്ടൂര്‍ നിന്ന് ഒരു കിലോമീറ്റര്‍ കിഴക്ക് മാറി അച്ചന്‍കോവിലാറിന്റെ തീരത്താണ് പു
രാണ പ്രസിദ്ധവും വാസ്തു ശാസ്ത്രസമ്മന്തിയായ സവിശേഷതകള്‍ നിറഞ്ഞതുമായ തൃപ്പാറ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ക്ഷേത്രങ്ങളുടെ പട്ടികയില്‍ പെട്ടതാണ് ഈ ക്ഷേത്രം. അച്ചന്‍കോവിലാറിലെ ജലനിരപ്പ് ഉയരുമ്പോള്‍ മൂലപ്രതിഷ്ഠ ഉള്‍പ്പെടെ പൂര്‍ണമായും വെള്ളത്തിന് അടിയില്‍ ആകും എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്രത്തിലെ നന്ദികേശന്റെ കൊമ്പ് മുങ്ങിയാല്‍ മഹാദേവ സാന്നിധ്യം തൊട്ടടുത്ത തൃക്കോവില്‍ ക്ഷേത്രസന്നിധിയില്‍ എത്തി എന്നാണ് വിശ്വാസം. തുടര്‍ന്ന് കല്‍ത്തൂണില്‍ പട്ടുകെട്ടിയാണ് നിത്യ പൂജകള്‍ നടത്തുക. കേരളത്തില്‍ മറ്റൊരു ക്ഷേത്രത്തിലും കാണാന്‍ കഴിയാത്ത രീതിയില്‍ തിടപ്പള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്ന ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ എല്ലാ ക്ഷേത്രങ്ങളിലും ശ്രീകോവിലിന്റെ ആകൃതി സമചതുരമോ, വൃത്തമോ ആകാം എന്നാല്‍ ഇവിടെ മേല്‍ക്കൂര ഇല്ലാതെ ദീര്‍ഘചതുരാകൃതിയില്‍ കരിങ്കല്ലില്‍ മാത്രം കൊത്തിയെടുത്ത ശ്രീകോവില്‍ കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. ശ്രീകോവിലിന്റെ നടുക്ക് നിന്ന് അല്പം പടിഞ്ഞാറ് മാറി ഒരു കുഴിയിലാണ് നിത്യ പൂജ നടത്തുന്നത്. ഈ കുഴിയില്‍ ശിവ സങ്കല്‍പ്പത്തില്‍ ഉള്ള കരിങ്കല്‍ ശിലയില്‍ ആണ് പൂജാദി കര്‍മ്മങ്ങള്‍ സമര്‍പ്പിക്കുക. ശിലയുടെ ആദ്യന്തങ്ങള്‍ വ്യക്തമല്ല എന്നതും വിചിത്രം. ഭഗവാന്റെ വലതുഭാഗത്ത് ചലനഗണപതി പ്രതിഷ്ഠയും സപ്തര്‍ഷി സങ്കല്‍പ്പത്തില്‍ ഏഴ് വിളക്കുമാടവും ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതകളാണ്.
ക്ഷേത്ര സന്നിധിയില്‍ ക്ഷേത്രത്തോളം പഴക്കം ചെന്ന കൂവള മരവും ഉണ്ട്. ഇതില്‍ എല്ലാ ദിവസവും കൂവളക്കായ ഉണ്ടാകും എന്നതും പ്രത്യേകതയാണ്. തൃപ്പാറ ക്ഷേത്ര നദി കടവില്‍ നിന്നും ക്ഷേത്രമേല്‍ശാന്തി മുങ്ങി എടുക്കുന്ന ശില നിരവധി ക്ഷേത്രങ്ങളില്‍ ക്ഷേത്ര പ്രതിഷ്ഠയ്‌ക്കായി ഉപയോഗിച്ചുവരുന്നു. കര്‍ക്കടക മാസത്തിലെ പിതൃ ബലിതര്‍പ്പണം ഇവിടെ വളരെപ്രസിദ്ധമാണ്. നിത്യവും പിതൃപൂജയും തിലഹവനവും നടത്താറുണ്ട്. ഐതീഹപെരുമയുമായി ബന്ധപെട്ട് എല്ലാ മാസവും രണ്ട് പ്രദോഷങ്ങളും ആഘോഷപൂര്‍വ്വം ആചരിയ്‌ക്കാറുണ്ട്.
ശിവരാത്രിക്ക് ഒന്‍പത് ദിവസം മുന്‍പ് കൊടിയേറി പത്താം ദിവസം ശിവരാത്രിക്ക് ആറാട്ടോടെയാണ് ഉത്സവ സമാപനം. അന്നേദിവസം 151 പറ അരിയുടെ സദ്യയാണ്. ഭഗവാന്റെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിരിക്കും വന്‍ ഭക്തജന സാന്നിധ്യമാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. ജലധാര ക്ഷീരധാര, ചതുശ്ശയം മൃത്യുഞ്ജയ ഹോമം, നീരാഞ്ജനം പ്രദോഷ വേളയിലെ ശിവപൂജ എന്നിവയും പ്രാധാന്യം. മണ്ണാറശാല , പാമ്പുമേക്കാവ്, വെട്ടികോട്ട്, ആമേടം എന്നീ സര്‍പ്പ കാവിനോടൊപ്പം പ്രാധാന്യമുള്ളതാണ് ഇവിടുത്തെ സര്‍പ്പ പ്രതിഷ്ഠയും. ആയില്യം നാളിലെ നൂറും -പാലും തൊഴാന്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
പാണ്ഡവരുടെ വനവാസകാല അനുഭവമായി ബന്ധപ്പെട്ടതാണ് ക്ഷേത്ര ഐതിഹ്യം നിലനില്‍ക്കുന്നത് ‘വനവാസ കാലത്ത് കൃഷ്ണാര്‍ജുനന്മാര്‍ കാട്ടിലൂടെ സഞ്ചരിച്ച് നടന്ന് ക്ഷീണിച്ച് നദീതീരത്ത് വിശ്രമിക്കുമ്പോള്‍ കഠിനമായ വിശപ്പ് അനുഭവപ്പെടുകയും അര്‍ജുനന്‍ നദിക്കരയില്‍ ആഹാരം പാകം ചെയ്യുകയും ചെയ്തത്രേ.
ഭക്ഷണത്തിന് മുന്‍പ് ശിവപൂജ ചെയ്യുക പതിവായിരുന്ന അര്‍ജുനന്‍ കൃഷ്ണനോട് പൂജയ്‌ക്കുള്ള സ്ഥലം നിര്‍ദ്ദേശിക്കാന്‍ പറഞ്ഞു. ആറിനോട് ചേര്‍ന്നുള്ള പാറയില്‍ കയറിയിരുന്ന് കൃഷ്ണന്‍ തന്റെ പാദങ്ങള്‍ ചേര്‍ത്ത് വച്ച് ശിവ സങ്കല്‍പ്പത്തില്‍ പൂജ ചെയ്യാന്‍പറഞ്ഞു. ശിവ പൂജ ചെയ്തു ആഹാരവും കഴിച്ച് അവര്‍ യാത്ര തുടര്‍ന്നു. ശിവസാന്നിധ്യമുള്ള ആ പാറ പിന്നീട് തൃപ്പാറയായി പരിണമിച്ചു എന്നാണ് ഐതിഹ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: