Cricket

അര്‍ഹിച്ചിരുന്നില്ലേ ഒരു വിടവാങ്ങല്‍ ടെസ്റ്റ്

Published by

ലോക ക്രിക്കറ്റിന്റെ ഔന്നത്യത്തിലേക്കെത്തിയ ഭാരത ക്രിക്കറ്റ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, അഥവാ 2010ന് ശേഷം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. ലോകത്തെ വിവിധ പിച്ചുകളിലെത്തി ആധികാരികത ഊട്ടി ഉറപ്പിച്ചുകൊണ്ട് പലതവണ ചരിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതും ഇതേ കാലഘട്ടത്തില്‍ തന്നെ. അതിനും മുമ്പേയുള്ള കാലത്താണ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങള്‍ ഭാരത ക്രിക്കറ്റില്‍ സജീവമായി നിലനിന്നിരുന്നത്. പക്ഷെ ഭാരതം ഒരു ടീം എന്ന നിലയില്‍ ലോകം ഏറ്റെടുക്കാന്‍ തുടങ്ങിയത് ഇപ്പോഴത്തെ ഒന്നര പതിറ്റാണ്ട് കാലത്തിനിടെയാണ്. ഈ കാലമത്രയും ടെസ്റ്റ് ക്രിക്കറ്റില്‍ ടീം കൈവരിച്ച നേട്ടങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് ചെന്നൈ നഗരത്തില്‍ നിന്നും ലോക ക്രിക്കറ്റിന്റെ എണ്ണം പറഞ്ഞ സ്പിന്‍ ബൗളറായി മാറിയ രവിചന്ദ്രന്‍ അശ്വിന്‍ എന്ന ആര്‍. അശ്വിന്‍.

വളരെ ആകസ്മികമായാണ് കഴിഞ്ഞ ദിവസം അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ വിവരത്തിന്റെ സ്വീകര്‍ത്താക്കളായ മറ്റുള്ളവര്‍ക്കെല്ലാം ഇതൊരു അപ്രതീക്ഷിത തീരുമാനമായിരിക്കാം. പക്ഷെ ടീം അംഗങ്ങള്‍ക്കും ബിസിസിഐയ്‌ക്കും ഇതേ കുറിച്ച് വ്യക്തമായ അറിവുകള്‍ ഉണ്ടായിട്ടുണ്ടാകാം. ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാം, ധാരണയിലെത്തിയിരിക്കാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരാനിരിക്കെ പ്രധാനപ്പെട്ടൊരു പരമ്പരയ്‌ക്കായി നിശ്ചയിച്ചിട്ടുള്ള ടീമില്‍ നിന്നും പൊടുന്നനെ പിന്‍മാറല്‍ അല്ലാതെ സാധ്യമല്ലല്ലോ. ഇങ്ങനെ ഒരു ആവശ്യം മുന്നിലെത്തുമ്പോള്‍ ഭാരത ക്രിക്കറ്റില്‍ ഇത്രയും കാലം അദ്ദേഹം നല്‍കിയ സംഭാവന പരിഗണിച്ച് ഒരു മികച്ച വിരമിക്കല്‍ മത്സരം തന്നെ ആസൂത്രണം ചെയ്യാമായിരുന്നതാണ്. ഭാരത ക്രിക്കറ്റിനേക്കാള്‍ ഉപരി ലോക ക്രിക്കറ്റിന് തന്നെ മായാത്ത പേരായി കുറിക്കപ്പെട്ടിരിക്കുന്ന പേരാണ് ആര്‍. അശ്വിന്‍. അതിലേക്ക് വളര്‍ന്നു പന്തലിക്കാന്‍ പാകത്തില്‍ അശ്വിനെ പരുവപ്പെടുത്തിയ 15 വര്‍ഷത്തെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ഭാരത ക്രിക്കറ്റില്‍ എക്കാലത്തും സ്പിന്നര്‍മാര്‍ക്ക് ഒരു പ്രധാന റോള്‍ ഉണ്ടായിരുന്നു. 2009ല്‍ ഇതിഹാസതാരം അനില്‍ കുംബ്ലെ ഒഴിയുമ്പോള്‍ ബാറ്റണ്‍ ഏറ്റെടുക്കാന്‍ ഹര്‍ബജന്‍ സിങ് ഉണ്ടായിരുന്നു. ഹര്‍ബജന്റെ സ്വാഭാവിക വിരമിക്കലിനും മുമ്പേയായിരുന്നു അശ്വിന്റെ രംഗപ്രേവശം. റണ്ണപ്പ് തീരെയില്ലാതെ ഏതാനും ചുവടുകള്‍ നടന്നശേഷം കൈക്കുഴ കൊണ്ട് ചെപ്പടിവിദ്യ കാട്ടുംപോലെ പ്രത്യേക ആക്ഷനോടുകൂടി എറിയുന്ന അശ്വിന്റെ പന്തുകള്‍ എതിര്‍ ബാറ്റര്‍മാരെ നല്ലപോലെ പേടിപ്പെടുത്തി. ക്രമേണ ഭാരത ക്രിക്കറ്റില്‍ ഹര്‍ബജന്റെ സിംഹാസനത്തില്‍ ഈ ആറടി രണ്ടിഞ്ചുകാരന്‍ ഇരിപ്പുറപ്പിച്ചു. അശ്വിന്‍ ഭാരതത്തിനൊപ്പം ചേര്‍ന്ന 2011ന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്ത താരമായി.

ഹോം മത്സരങ്ങളിലെ ഹീറോയായി. ആകെ 106 ടെസ്റ്റുകളില്‍ 65ഉം ഹോം മത്സരങ്ങളായിരുന്നു അതില്‍ 47 എണ്ണത്തിലും വിജയം. ഇതിനേക്കാള്‍ കുടുതല്‍ ഹോം വിജയം നേടിയ ഏകതാരം ഭാരത ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രം. അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച 37 മത്സരങ്ങളില്‍ 29ഉം ഭാരതത്തിലായിരുന്നു. ഇക്കാര്യത്തില്‍ മുന്നിലുള്ളത് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ മാത്രം(45 കളികള്‍).
നാട്ടിലും വിദേശത്തുമായി അശ്വിന്റെ കരുത്തില്‍ ടീം വിജയിച്ചത് 31 തവണ. ഇതിലും മുന്നിലുള്ളത് മുരളീധരന്‍ മാത്രം- 41 മത്സരങ്ങള്‍.

ടെസ്റ്റില്‍ മൂവായിരത്തിലേറെ റണ്‍സും 500ലേറെ വിക്കറ്റും നേടിയിട്ടുള്ള ലോക ക്രിക്കറ്റിലെ രണ്ട് പേരില്‍ ഒരാളാണ് അശ്വിന്‍. ഇംഗ്ലണ്ടിന്റെ മുന്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ് 604 വിക്കറ്റുകളും 3662 റണ്‍സും നേടി.

അശ്വിന്‍ നേടിയ 537 വിക്കറ്റുകളില്‍ 374 എണ്ണവും വിജയിച്ച മത്സരങ്ങളിലായിരുന്നു. 69.65 ശതമാനമാണ് വിജയ ശതമാനം. ലോക ക്രിക്കറ്റില്‍ അശ്വിനേക്കാള്‍ കൂടുതല്‍ വിജയശതമാനമുള്ളത് മൂന്ന് പേര്‍ മാത്രം. ഗ്ലെന്‍ മഗ്രാത്ത്(73.53 ശതമാനം), ബ്രെറ്റ് ലീ(72.58), ഷെയന്‍ വോണ്‍(72.03). ഈ മൂന്ന് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരും കളിച്ചിരുന്നത് ടീമിന്റെ ഏറ്റവും സുവര്‍ണ കാലഘട്ടത്തിലായിരുന്നു(1993-2008) എന്നത് ശ്രദ്ധേയമാണ്.

ന്യൂബോള്‍ കൊണ്ടും പല തവണ വിസ്മയിപ്പിച്ചിട്ടുള്ള അശ്വിന്‍ ഇടംകയ്യന്‍ ബാറ്റര്‍മാരുടെ പേടി സ്വപ്‌നമാണ്. 54 ഇന്നിങ്‌സുകളിലാണ് അശ്വിന്‍ ഭാരതത്തിനായി ബൗളിങ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഈ അവസരത്തില്‍ 180 വിക്കറ്റുകളും വീഴ്‌ത്തി.

ഏറ്റവും കൂടുതല്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാരെ പുറത്താക്കിയ ബൗളര്‍ കൂടിയാണ് അശ്വിന്‍. അശ്വിന്റെ ഓഫ് സ്പിന്‍ വിസ്മയത്തില്‍ കറങ്ങി വീണവരില്‍ 268 പേരും ഇടംകൈ ബാറ്റര്‍മാരാണ്. ഇക്കാര്യത്തില്‍ തൊട്ടടുത്തുള്ള ഇംഗ്ലണ്ടിന്റെ മുന്‍ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണെക്കാള്‍(221) ഏറെ മുന്നിലാണ്.

എണ്ണിപ്പറഞ്ഞാല്‍ ഇനിയും ഏറും, ഇത്രയുമൊക്കെ പ്രതിഭ ഉണ്ടായിട്ടും ഒരു വിരമിക്കല്‍ മത്സരത്തിന് അവസരമില്ലാതെ സഹതാരങ്ങള്‍ക്കരികില്‍ നിന്ന് ഒരു രാവ് ഇരുട്ടിവെളുക്കുമ്പോള്‍ വീടുപിടിക്കേണ്ട ആളായിരുന്നോ അശ്വിന്‍…

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by