India

രാജ്യസ്‌നേഹവും കടപ്പാടും ഓരോ പൗരനിലും ഉണ്ടായിരിക്കണം: ഭൂപേന്ദ്ര ഭായ് പട്ടേല്‍

Published by

അഹമ്മദാബാദ്: രാജ്യസ്‌നേഹവും കടപ്പാടും ഓരോ പൗരനിലും ഉണ്ടായിരിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തില്‍ ഭാരതം ഏറെ മുന്നേറി. ഭാരതം ഇന്ന് ലോകരാജ്യങ്ങള്‍ക്ക് മാതൃക ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് ഗുജറാത്ത് സന്ദര്‍ശിച്ച വനിത മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് സന്ദേശമാണ് ഭാരതം മുന്നോട്ടു വയ്‌ക്കുന്നത്. മുന്‍കാലങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. എന്നാലിന്ന് ഭാരതത്തില്‍ തന്നെ ഉത്പാദിപ്പിക്കുകയാണ്. എല്ലാ മേഖലകള്‍ക്കും ഒരു പോലെ പ്രാധാന്യം നല്കുന്നു. ശുചിത്വം, ഗ്രീന്‍ എനര്‍ജി എന്നിവയില്‍ വരെ വിപ്ലവകരമായ മാറ്റമാണുള്ളത്.

വികസിത ഭാരതമെന്ന മുദ്രാവാക്യത്തില്‍ ഊന്നിയാണ് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തങ്ങള്‍. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നു. ആരെയും മാറ്റിനിര്‍ത്തിയല്ല, എല്ലാവരും ഒരുമിച്ചുള്ള വികസനമാണ് രാജ്യത്തുള്ളത്. 10 വര്‍ഷം കൊണ്ടു രാജ്യത്ത് വിപ്ലകരമായ മാറ്റം ഉണ്ടായി. ഗുജറാത്തിന്റെ മാറ്റം ഏറെ വലുതാണ്. മോദിജിയുടെ വികസന കാഴ്ചപ്പാടാണ് അതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങള്‍ക്കിടയില്‍ ഐക്യവും സഹകരണവും വളര്‍ത്തുന്നതിന് ഏക ഭാരതത്തിന്റെയും ശ്രേഷ്ഠ ഭാരതത്തിന്റെയും ആത്മാവ് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നുള്ള മാധ്യമ സംഘത്തെ പ്രതിനിധീകരിച്ച്, പിഐബി തിരുവനന്തപുരം ഡെ. ഡയറക്ടര്‍ ഡോ. ആതിര തമ്പി, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന പ്രശസ്തമായ ചുണ്ടന്‍ വള്ളത്തിന്റെ പിച്ചളയില്‍ നിര്‍മിച്ച മാതൃക ഭൂപേന്ദ്ര പട്ടേലിന് സമ്മാനിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by