കൊച്ചി: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ പുനരധിവാസത്തിന് അധിക തുക അനുവദിക്കുന്നതിന് 2021 ഏപ്രില്‍ വരെയുള്ള എയര്‍ലിഫ്റ്റിങ് ചാര്‍ജുകളുടെ കുടിശ്ശിക താല്‍ക്കാലികമായി ഒഴിവാക്കി, സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആര്‍എഫ്) വിനിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ഹൈക്കോടതി തേടി.
ജൂലൈ 30ന് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എസ്. ഈശ്വരന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഹര്‍ജി പരിഗണിക്കവെ കോടതിയുടെ നിര്‍ദേശാനുസരണം അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിവിഷന്‍, ന്യൂദല്‍ഹി) അഡീ. സെക്രട്ടറിയെ അഭിസംബോധന ചെയ്ത സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കരട് കത്ത് സമര്‍പ്പിച്ചു. ഈ ഡ്രാഫ്റ്റ് അവലോകനം ചെയ്ത ബെഞ്ച്, ഡിസംബര്‍ 10 വരെയുള്ള കണക്കനുസരിച്ച്, എസ്ഡിആര്‍എഫില്‍ 700.5 കോടി രൂപ ലഭ്യമായിരുന്നുവെന്നും നിലവിലെ പദ്ധതികള്‍ക്ക് 638.97 കോടി രൂപ വേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി.
2021 മെയ് വരെയുള്ള കാലയളവിലെ കുടിശ്ശിക ഒഴിവാക്കിയാല്‍, അധികമായ വിനിയോഗത്തിന് 120 കോടി ലഭിക്കും. 61.03 കോടി നിലവില്‍ ലഭ്യമാണ്, ഇതുള്‍പ്പെടെ 181 കോടി രൂപ വരും. കേന്ദ്ര ഗവണ്‍മെന്റിന്റെ ആവശ്യമായ അനുമതികള്‍ക്കും മാനദണ്ഡങ്ങളില്‍ ഇളവുകള്‍ക്കും വിധേയമായി ഈ പണം ഉടനടി വിനിയോഗിക്കുന്നതിനാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ഹൈക്കോടതി തേടിയത്. ഡെ. സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബെഞ്ച് ഹര്‍ജി 2025 ജനുവരി 10 ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി. കത്ത് ബുധനാഴ്ച തന്നെ ആഭ്യന്തര മന്ത്രാലയത്തിന് അയക്കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക