Technology

ടെക്നോപാര്‍ക്കില്‍ ദിവ്യ റോസ് മലയാളി മങ്ക; നിസില്‍ ബോസ് കേരള ശ്രീമാന്‍

Published by

തിരുവനന്തപുരം: കേരളത്തിലെ ഐടി പ്രൊഫഷണലുകള്‍ക്കായി ടെക്നോപാര്‍ക്ക് ടുഡേയും ടെക്കീസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മലയാളി മങ്ക – കേരള ശ്രീമാന്‍ 2024 മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയ്‌ക്ക് ടെക്നോപാര്‍ക്ക് വേദിയായി. ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മലയാളി മങ്കയായി ദിവ്യ റോസും (ഒറക്കിള്‍) കേരള ശ്രീമാനായി നിസില്‍ ബോസും (ടാറ്റ എല്‍ക്സി) തിരഞ്ഞെടുക്കപ്പെട്ടു.

ടിസിഎസിലെ ആതിര എ എസ്, ഇവൈയിലെ അഖില്‍ ജെ ചെറുകുന്നം എന്നിവര്‍ ഫസ്റ്റ് റണ്ണര്‍ അപ്പായി. ഇന്‍ഫോസിസില്‍ നിന്നുള്ള അഞ്ചന എ എസ്, സണ്‍ടെക് ബിസിനസ് സൊല്യൂഷനിലെ അഭിജിത്ത് വിജയന്‍ എന്നിവര്‍ രണ്ടാം റണ്ണര്‍ അപ്പായി. മൂന്ന് മാസം നീണ്ടുനിന്ന രണ്ട് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ കേരളത്തിലുടനീളമുള്ള ഐടി പാര്‍ക്കുകളില്‍ നിന്നുള്ള 300 ലധികം മത്സരാര്‍ത്ഥികള്‍ പ്രാരംഭ റൗണ്ടില്‍ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 25 ഫൈനലിസ്റ്റുകളാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചത്.

മത്സരാര്‍ത്ഥികളുടെ ആത്മവിശ്വാസം, ബുദ്ധി, കേരളത്തിന്റെ തനത് പാരമ്പര്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവ പരിഗണിച്ച് ബിഗ് ബോസ് ഫെയിം ശോഭ വിശ്വനാഥും ആഡ് ഫിലിംമേക്കര്‍ പ്രജീഷ് നിര്‍ഭയയും ഉള്‍പ്പെട്ട പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. മികച്ച കണ്ണുകള്‍, മുടി, പുഞ്ചിരി, ചര്‍മ്മം, രൂപം എന്നിവയ്‌ക്കും പ്രത്യേക പുരസ്കാരങ്ങള്‍ നല്കി.

ടെക്കികളുടെ സൗന്ദര്യം, കഴിവ്, കേരളത്തനിമ എന്നിവയുടെ സമന്വയത്തെ പ്രതിഫലിപ്പിക്കുന്ന കേരളത്തിലെ ഐടി മേഖലയിലെ ഏറ്റവും അഭിമാനകരമായ പരിപാടികളിലൊന്നാണ് മലയാളി മങ്ക – കേരള ശ്രീമാന്‍ മത്സരം. സംസ്ഥാനത്തെ ടെക്കികളുടെ ഊര്‍ജസ്വലതയേയും സാഹോദര്യത്തേയും ഐക്യബോധത്തേയും കൂട്ടിയിണക്കുന്ന ഒന്ന് കൂടിയാണിത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: technopark