Kerala

2035 ഓടെ കേരളത്തിലെ 90 ശതമാനം പ്രദേശങ്ങളും നഗരവല്‍ക്കരിക്കപ്പെടും, നഗരനയ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ടായി

Published by

തിരുവനന്തപുരം: നഗര നയ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമ്പൂര്‍ണ്ണ നഗര നയ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തില്‍ നഗര നയ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എം സതീഷ് കുമാറാണ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയത്. കമ്മീഷനംഗങ്ങളായ ഡോ. ഇ നാരായണന്‍, അഡ്വ. എം അനില്‍ കുമാര്‍, ഡോ. ഷര്‍മ്മിളാ മേരി ജോസഫ്, ഡോ. വി വൈ എന്‍ കൃഷ്ണമൂര്‍ത്തി, വി സുരേഷ്, ഡോ. കെ എസ് ജെയിംസ്, ഹിതേഷ് വൈദ്യ, ടിക്കന്തര്‍ സിംഗ് പന്‍വാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് സമഗ്രമായ നഗരനയം അനിവാര്യമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചരിത്രപരമായ ചുവടുവെപ്പാണ് കേരളം നടത്തിയത്. നഗരവത്കരണം ഉയര്‍ത്തുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും മറികടക്കാനും കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം സെന്‍സസ് ഡാറ്റ അനുസരിച്ച് 2035 ഓടെ കേരളത്തിലെ 90 ശതമാനം പ്രദേശങ്ങളും നഗരവല്‍ക്കരിക്കപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിനായി നഗരനയം രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് 2023 ഡിസംബറില്‍ നഗര നയ കമ്മീഷന്‍ രൂപീകരിച്ചു. അന്താരാഷ്‌ട്ര തലത്തിലും ദേശീയ തലത്തിലുമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് കമ്മീഷന്‍ രൂപീകരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക