Kerala

സംസ്ഥാന ദുരിത പ്രതിരോധ ഫണ്ട്: 400 കോടി വിനിയോഗിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുന്നു

Published by

കൊച്ചി: സംസ്ഥാന ദുരിത പ്രതിരോധ ഫണ്ടില്‍നിന്ന് പ്രതിവര്‍ഷം 400 കോടി രൂപ വിനിയോഗിക്കുന്നെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുന്നു. എസ്ഡിആര്‍എഫില്‍ നിന്ന് ലഭിച്ചതും ചെലവഴിച്ചതുമായ തുക വ്യക്തമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഈ കണ്ടെത്തലിന് പ്രാധാന്യം ഏറെയാണ്.

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ എസ്ഡിആര്‍എഫിലെ (സംസ്ഥാന ദുരിത പ്രതിരോധ ഫണ്ട്) തുക രാഷ്‌ട്രീയ വിവാദമാകുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ 400 കോടിയുടെ അവകാശവാദമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിയാണ് കണക്കുകള്‍ കണ്ടെത്തിയത്. സാധാരണഗതിയില്‍, ദുരന്തങ്ങള്‍ ഉണ്ടാകുന്നതിനെ ആശ്രയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ എസ്ഡിആര്‍എഫ് തുക ചെലവഴിക്കുന്നത്.

2023-24ല്‍ 166.28 കോടി രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. 2016-17ല്‍ ഇത് 146.87 കോടിയായിരുന്നു. 2017-18ല്‍ ചെലവഴിച്ചത് 199.51 കോടി കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ഗോവിന്ദന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടുന്നു. ആധികാരിക രേഖകള്‍ പ്രകാരമാണിത്.

അതിനാല്‍, എസ്ഡിആര്‍എഫില്‍ നിന്ന് പ്രതിവര്‍ഷം 400 കോടി ചെലവഴിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തീര്‍ത്തും തെറ്റാണെന്ന് തെളിയുകയാണ്. എസ്ഡിആര്‍എഫ് ലെ ഫണ്ട് എത്ര, എത്ര ചെലവഴിച്ചു, എന്തിനെല്ലാം തുടങ്ങിയ വിവരങ്ങള്‍ മുഖ്യമന്ത്രി പരസ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
2018, 2019 വര്‍ഷങ്ങളിലും (മഹാപ്രളയത്തിലും കൊവിഡ് കാലഘട്ടത്തിലും) സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് ചെലവഴിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക