Cricket

രോഹനും അഭിജിതും തിളങ്ങി, കേരളത്തിന് കൂറ്റന്‍ വിജയം

Published by

റാഞ്ചി: മെന്‍സ് അണ്ടര്‍ 23 സ്‌റ്റേറ്റ് ട്രോഫിയില്‍ തുടരെ രണ്ടാം വിജയവുമായി കേരളം. നാഗാലാന്റിനെതിരെ 203 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്റ് 147 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ രോഹന്‍ നായരുടെയും അഭിജിത് പ്രവീണിന്റെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ് കേരളത്തിന് കൂറ്റന്‍ വിജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് അഞ്ച് റണ്‍സെടുത്ത പവന്‍ ശ്രീധറിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഒമര്‍ അബൂബക്കറും(49) കാമില്‍ അബൂബക്കറും(63) ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരള സ്‌കോര്‍ ബോര്‍ഡില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ രോഹന്‍ നായരുടെ ബാറ്റിങ് മികവും അഭിജിത് പ്രവീണിന്റെ വെടിക്കെട്ട് പ്രകടനവും ചേര്‍ന്നതോടെ കേരള സ്‌കോര്‍ 300 കടന്നു.

രോഹന്‍ 110 പന്തുകളില്‍ 109 റണ്‍സ് നേടി. 25 പന്തുകളില്‍ 64 റണ്‍സുമായി അഭിജിത് പുറത്താകാതെ നിന്നു. രണ്ട് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു അഭിജിതിന്റെ തട്ടുപൊളിപ്പന്‍ പ്രകടനം. അക്ഷയ്.ടി.കെ(29), നിഖില്‍.എം(16) എന്നിവര്‍ തങ്ങളുടേതായ സംഭാവന നല്‍കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്റിനായി ഓപ്പണര്‍ മുഖവി സുമിയും ക്യാപ്റ്റന്‍ തോഹുകയും മാത്രമാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മുഖവി 59ഉം തോഹുക 34ഉം റണ്‍സെടുത്തു. ഇവര്‍ക്ക് പുറമെ രണ്ട് താരങ്ങള്‍ മാത്രമോണ് നാഗാലന്റ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. 41.4 ഓവറില്‍ 147 റണ്‍സിന് നാഗാലാന്റ് ഓള്‍ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി അകിനും, കിരണ്‍ സാഗറും മൂന്ന് വിക്കറ്റ് വീതവും അനുരാജ് രണ്ട് വിക്കറ്റും വീഴ്‌ത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by