Kerala

വാര്‍ഡുകളുടെ പേരില്‍ ഹൈന്ദവീയത വേണ്ട; ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പേരുകള്‍ മാറ്റുന്നു, മാറാടും ഇല്ലാതാക്കി

Published by

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തില്‍ ഹൈന്ദവയീതയുള്ള പേര് ഒഴിവാക്കി പുനര്‍ നാമകരണം. ക്ഷേത്രങ്ങളോ ആചാരങ്ങളോ ആയി ബന്ധപ്പെട്ട പേരു നല്‌കേണ്ടതില്ലെന്ന സിപിഎം തീരുമാനമനുസരിച്ച് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലെ 40 ശതമാനത്തോളം വാര്‍ഡുകള്‍ ഹൈന്ദവ ആരാധനാ സ്ഥാപനങ്ങളുടെ പേരിലായിരുന്നു. ക്ഷേത്രങ്ങളുള്ള വാര്‍ഡുകളുടെ പേരുകള്‍ അതതു ക്ഷേത്രത്തിന്റെ പേരിലായിരുന്നു. ആറ്റുകാല്‍ ക്ഷേത്രമുള്ള വാര്‍ഡിനെ ആറ്റുകാല്‍ വാര്‍ഡെന്നും കരിക്കകം ക്ഷേത്രമുള്ള വാര്‍ഡിനെ കരിക്കകം വാര്‍ഡെന്നും തൃപ്പൂണിത്തുറ ക്ഷേത്രത്തിനു ചുറ്റുമുള്ള വാര്‍ഡുകള്‍ക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള പേരുകളുമായിരുന്നു. ഗുരുവായൂര്‍ ഭാഗത്തെ നിരവധി വാര്‍ഡുകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളുടെ പേരിലായിരുന്നു. മലബാര്‍ മേഖലയില്‍ അവിടത്തെ ആചാരവുമായി ബന്ധപ്പെട്ട വാര്‍ഡുകളുണ്ടായിരുന്നു.

കൂടാതെ കാവുകള്‍, കോട്ടകള്‍, ആല്‍ത്തറകള്‍ തുടങ്ങിയവയുടെ പേരിലും വാര്‍ഡുകള്‍ അറിയപ്പെട്ടിരുന്നു. കോവില്‍ വാര്‍ഡെന്നും ക്ഷേത്രം വാര്‍ഡെന്നും ആശ്രമങ്ങളുള്ള വാര്‍ഡുകളെ ആശ്രമം വാര്‍ഡെന്നും കുളങ്ങളുള്ള വാര്‍ഡുകളെ താമരക്കുളം വാര്‍ഡുകളെന്നുമൊക്കെ വിളിച്ചിരുന്നു. ഇതെല്ലാം പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയ പേരുകള്‍.

മുമ്പത്തെ വാര്‍ഡ് വിഭജനങ്ങളില്‍ ക്ഷേത്രങ്ങളുടെ പേരിലുള്ള വാര്‍ഡുകള്‍ക്ക് മാറ്റമില്ലായിരുന്നു. മാറ്റത്തിനായി വാര്‍ഡില്‍ പൂര്‍ണമായും ഉള്‍പ്പെട്ടിരുന്ന ക്ഷേത്രങ്ങളുടെ അതിരുകള്‍ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി. ഇതോടെ ക്ഷേത്രങ്ങളുടെ പേരുകള്‍ ഒഴിവാക്കാനായി. ബസ്റ്റ് സ്റ്റാന്‍ഡ് വാര്‍ഡ്, സ്‌കൂള്‍ വാര്‍ഡ്, നാലു റോഡുള്ളിടത്ത് ജങ്ഷന്‍ വാര്‍ഡ്, പ്രതിമകളുണ്ടെങ്കില്‍ സ്റ്റാച്യൂ വാര്‍ഡ് എന്നിങ്ങനെയുള്ള പേരുകളാണ് പുതുതായി നല്കുന്നത്.

മാറാടും ഇല്ലാതാക്കി

കോഴിക്കോട് കോര്‍പറേഷനില്‍ 75 ഡിവിഷനുകളില്‍ നിന്ന് 76 ഡിവിഷനുകളായപ്പോള്‍ മാറാട് ഡിവിഷന്‍ ഇല്ലാതായി. ഏതാണ്ടെല്ലാ ഡിവിഷനിലെയും പേര് നിലനിര്‍ത്തിയപ്പോഴാണ് മാറാട് ഡിവിഷന്റെ പേര് സാഗരസരണിയെന്നാക്കിയത്. ഇതോടെ കേരളത്തിന്റെയും തീരദേശ ഗ്രാമങ്ങളുടെയും ചരിത്രത്തിലിടം പിടിച്ച മാറാട് എന്ന പേര് ഇല്ലാതായി.

1960കളുടെ അവസാനം തീരദേശത്തേക്കുള്ള പുതിയ റോഡിന് സാഗരസരണിയെന്ന് പേരിട്ടിരുന്നു. ഇന്നത് ഒരു ബസ് സ്റ്റോപ്പിന്റെ പേര് മാത്രമാണ്. മാറാട് ഡിവിഷനില്‍ വെട്ടിനിരത്തലും കൂട്ടിച്ചേര്‍ക്കലും ഉണ്ടാക്കിയാണ് ഡിവിഷന്റെ പേരും മാറ്റിയിരിക്കുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 2003ല്‍ തീരദേശ ഗ്രാമമായ മാറാട് നടന്ന കൂട്ടക്കൊല കേരള ചരിത്രത്തിലെ ഏറ്റവും ദുരിതം വിതച്ച ഭീകരാക്രമണമായിരുന്നു. ഇതോടെയാണ് ഈ ഗ്രാമം കേരളത്തിന് പുറത്തും അറിയപ്പെട്ടത്. എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഇരകള്‍ക്കെതിരായ നിലപാടെടുത്തിരുന്നു. മാറാട് കൂട്ടക്കൊല ഇവരെ ഇപ്പോഴും പ്രതിരോധത്തിലാക്കുന്നതാണ്. മാറാടെന്ന പേരുകൂടി മാറ്റി അതിന്റെ ഓര്‍മകളെ ഇല്ലാതാക്കാനാണ് ശ്രമമെന്നാണ് ആരോപണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by