World

ഇറാന്റെ തീവ്രവാദ അച്ചുതണ്ട് തകര്‍ന്നു; സിറിയയില്‍ ഇറാന്‍ എംബസിയില്‍ ഇറാന്റെ കൊടിയും ആയത്തൊള്ള ഖമനേയിയുടെ ചിത്രം തകര്‍ത്തു

സിറിയയുടെ വീഴ്ചയോടെ ഇറാന്‍റെ മധ്യേഷ്യയിലാകെ പടര്‍ന്നു പന്തലിച്ച് കിടന്നിരുന്ന തീവ്രവാദ അച്ചുതണ്ട് തകര്‍ന്നിരിക്കുന്നു. ലെബനനിലെ ഹെസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി അക്രമികള്‍, ഇറാഖിലെ ഷിയ ഭീകരവാദികള്‍ എന്നിവരെ വെച്ചാണ് ആയത്തൊള്ള ഖമനേയ് എന്ന ഇറാന്‍റെ ആത്മീയ നേതാവ് ലോകശക്തികളെ വിറപ്പിച്ച് നിര്‍ത്തിയിരുന്നത്.

Published by

ദമാസ്കസ് : സിറിയയുടെ വീഴ്ചയോടെ ഇറാന്റെ മധ്യേഷ്യയിലാകെ പടര്‍ന്നു പന്തലിച്ച് കിടന്നിരുന്ന തീവ്രവാദ അച്ചുതണ്ട് തകര്‍ന്നിരിക്കുന്നു. ലെബനനിലെ ഹെസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി അക്രമികള്‍, ഇറാഖിലെ ഷിയ ഭീകരവാദികള്‍ എന്നിവരെ വെച്ചാണ് ആയത്തൊള്ള ഖമനേയ് എന്ന ഇറാന്റെ ആത്മീയ നേതാവ് ലോകശക്തികളെ വിറപ്പിച്ച് നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇസ്രയേല്‍ അമേരിക്കയുടെ പിന്തുണയോടെ ഈ ഭീകരതയുടെ അച്ചുതണ്ട് തകര്‍ത്തിരിക്കുന്നു.

പലസ്തീനിലെ ഹമാസിനെ ആദ്യം തകര്‍ത്തുതരിപ്പണമാക്കി. പിന്നീട് ലെബനനിലെ ഹെസ്ബുള്ളയുടെ വീര്യം തകര്‍ത്തു. ലെബനനിലെ ഹൂത്തികളെയും നിലയ്‌ക്ക് നിര്‍ത്തി. ഇപ്പോഴിതാ ഇവര്‍ക്കെല്ലാം ആയുധം നല്‍കി സഹായിച്ചിരുന്ന സിറിയയിലെ ഭരണാധികാരിയെ വീഴ്‌ത്തിയിരിക്കുന്നു. തുര്‍ക്കിയാകട്ടെ തുടക്കം മുതലേ ഇസ്രയേല്‍-അമേരിക്ക സഖ്യത്തിനൊപ്പമാണ്.

സിറിയയിലെ ദമാസ്കസില്‍ ഇറാന്‍ എംബസിയില്‍ വെച്ച ഇറാന്റെ കൊടിയും ആയത്തൊള്ള ഖമനേയിയുടെ ചിത്രവും അക്രമികള്‍ തകര്‍ത്തു. ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയുടെ (ഇദ്ദേഹം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു) ചിത്രങ്ങളും തകര്‍ത്ത നിലയിലാണ്.

ഇതോടെ ഇറാനിലെ ആയത്തൊള്ള ഖമനേയിയുടെ ഭരണവും തകര്‍ന്നേക്കും എന്നാണ് സൂചന. ഇറാന്‍ ഊട്ടിവളര്‍ത്തിയ ഭീകരസംഘങ്ങളായ ഹെസ്ബുള്ളയ്‌ക്ക് ഇനി സിറിയയില്‍ നിന്നും ആയുധം ലഭിക്കില്ല. ഇസ്രയേല്‍, യുഎസ് കൂട്ടുകെട്ട് ഹെസ്ബുള്ളയ്‌ക്കും ഹമാസിനും ഇറാനും എതിരെ കൂടുതല്‍ ശക്തമായി നീക്കങ്ങള്‍ നടത്തും. “ഒരു ദിവസം ഇറാന്‍ കൂടി സ്വതന്ത്രമാകും. അവിടെയാണ് ഇറാന്റെ ഭാവി. അതാണ് സമാധാനത്തിന്റെയും ഭാവി. ജനങ്ങള്‍ ചിന്തിക്കുന്നതിന് ഏറെ മുന്‍പ് തന്നെ ഞങ്ങള്‍ അത് നടപ്പാക്കും”- കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ ഇസ്രയേല്‍ നേതാവ് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതാണ് ഇത്. റഷ്യയും ഇറാനും കൈകോര്‍ത്ത് പിടിച്ചിട്ട് പോലും സിറിയയിലെ ബാഷര്‍ അല്‍ അസ്സാദിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സിറിയയുടെ മുഴുവന്‍ ആയുധശേഖരവും ഇസ്രേയേല്‍ ബോംബിട്ട് തകര്‍ത്തുകഴിഞ്ഞു.

സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദ് വീണപ്പോള്‍ ആദ്യമൊക്കെ കരുത്തോടെയാണ് ആയത്തൊള്ള ഖമനേയ് പ്രതികരിച്ചത്. ഇറാന്‍ ഇനിയും കൂടുതല്‍ കരുത്തു നേടും എന്നും ലെബനനിലെ ഹെസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി അക്രമികള്‍, ഇറാഖിലെ ഷിയ ഭീകരവാദികള്‍ എന്നിവര്‍ കൂടുതല്‍ ശക്തരാകും എന്നുമാണ് ഖമനേയ് പ്രസംഗിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ 85 വയസ്സായി. ഇനിയും ഒരു പിന്‍ഗാമിയെ തെരഞ്ഞെടുക്കാതെ മുന്നോട്ട് പോകാന്‍ പ്രയാസമാണ്. കാരണം ഇറാനകത്തും ഖമനേയുടെ ആധിപത്യത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. തനിക്കൊത്ത പിന്‍ഗാമിയെ വാഴിക്കാന്‍ കഴിയുമോ അതോ 1989 മുതല്‍ ഇറാനെ ഭരിയ്‌ക്കുന്ന അദ്ദേഹം ആ ഭരണത്തില്‍ നിന്നും തൂത്തെറിയപ്പെടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഇപ്പോള്‍ ഇറാന്‍ ട്രംപിന്റെ വരവാണ് കാത്തിരിക്കുന്നത്. ഇറാനില്‍ പലയിടത്തും ഖമനേയുടെ പിന്‍ഗാമികള്‍ ട്രംപിന്റെ പോസ്റ്ററുകള്‍ ഉയര്‍ത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടുകളാണ്. താങ്കളുടെ വരവിന് കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. പക്ഷെ ട്രംപ് ഇറാനെ സംരക്ഷിക്കുമോ അതോ കൂടുതല്‍ തീവ്രമായ നടപടികളിലേക്ക് നീങ്ങുമോ എന്ന് കണ്ടറിയേണ്ടിരിക്കുന്നു. എന്തായാലും 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന്റെ അതിര്‍ത്തി കടന്ന ഹമാസ് ഭീകരര്‍ ജീവനോടെ ബന്ദികളാക്കി പിടിച്ച ഇസ്രയേലികളെ വിട്ടുകിട്ടാതെ ഇസ്രയേല്‍ അടങ്ങില്ല. യാതൊരു ഉപാധികളുമില്ലാതെ ഇവരെ വിട്ടുകൊടുത്താല്‍ ഹമാസിന് കടലാസിന്റെ വില പോലും ഇല്ലാതാകും.

എന്തായാലും ഇറാന്റെ ആക്രമണോത്സുകത ഇല്ലാതായിരിക്കുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ ആദ്യനാളുകളില്‍ ഉണ്ടായിരുന്ന വെല്ലുവിളിക്കുന്ന സ്വഭാവം ഇപ്പോഴില്ല. എന്തായാലും ഇറാന്‍ ഇപ്പോള്‍ മുന്നോട്ടുള്ള കാല്‍ പിന്നോട്ട് വലിച്ചിരിക്കുകയാണ്. മിണ്ടാതിരിക്കുന്നതാണ് കൂടുതല്‍ നല്ലത് എന്ന നയമാണ് ഇപ്പോള്‍ ആയത്തൊള്ള ഖമനേയ്‌ക്കുള്ളത്. ഇറാന്റെ എല്ലാ തുരുപ്പുചീട്ടുകളും വീണിരിക്കുന്നു എന്നാണ് മുന്‍ യുഎസ് നയതന്ത്രോദ്യോഗസ്ഥനായ ജെഫ്രി ജെയിംസ് വിലയിരുത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക