Kerala

IFFK 2024: രാജ്യാന്തര ചലച്ചിത്ര മേളയില്‍ അംഗീകാരം ലഭിച്ചതില്‍ അഭിമാനം: മധു അമ്പാട്ട്

Published by

തിരുവനന്തപുരം: അര നൂറ്റാണ്ട് പിന്നിടുന്ന തന്റെ ചലച്ചിത്ര ജീവിതത്തിന് അംഗീകാരമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ നാലു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അഭിമാനമെന്ന് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട്. തന്റെ ക്രിയാത്മകതയ്‌ക്കും പുതുമയാര്‍ന്ന ആവിഷ്‌കാരങ്ങള്‍ക്കുമുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും മൂന്ന് തവണ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിയ മധു അമ്പാട്ട് പറഞ്ഞു. ഓരോ പുരസ്‌കാരങ്ങളും പ്രചോദനമാണ്. അതാണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്നും മധു അമ്പാട്ട് പറയുന്നു.

മധു അമ്പാട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രം ‘1:1.6,ആന്‍ ഓഡ് ടു ലവ്’, മധു അമ്പാട്ട് ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച അമരം, ഓകാ മാഞ്ചി പ്രേമകഥ, പിന്‍വാതില്‍ എന്നിവയാണ് റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

1973ല്‍ രാമു കാര്യാട്ടിന്റെ ‘ഇന്റസ്ട്രിയല്‍ എസ്‌റ്റേറ്റ്‌സ്’ എന്ന ഡോക്യുമെന്ററിയില്‍ സഹകരിച്ചുകൊണ്ടാണ് മധു അമ്പാട്ട് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. ഇംഗ്ലിഷ് ഉള്‍പ്പെടെ ഒമ്പതു ഭാഷകളിലായി 250 ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു.

‘ഇന്നലെകളില്ലാത്ത’ എന്ന പേരില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മധു അമ്പാട്ട്. ബോബന്‍ ഗോവിന്ദന്‍ സംവിധാനം ചെയ്യുന്ന ‘മലവാഴി’യാണ് ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുന്ന അടുത്ത ചിത്രം. കൂടാതെ ‘ബ്ലാക്ക് മൂണ്‍’, ‘ഡെത്ത് ഓഫ് മധു അമ്പാട്ട്’, ‘ഡെത്ത് വിഷ്’ എന്നീ പുസ്തകങ്ങള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by