സ്വാമി വിവേകാനന്ദന്റെ പാദസ്പര്‍ശം കൊണ്ട് അനന്തപുരി ധന്യമായ നവദിനങ്ങളുടെ 132-ാം വാര്‍ഷികമാണിപ്പോള്‍. ഭ്രാന്താലയമായ കേരളത്തെ തീര്‍ത്ഥാലയമാക്കി പരിവര്‍ത്തിപ്പിച്ച പുണ്യപാദസ്പര്‍ശമായിരുന്നു വിവേകാനന്ദ സ്വാമികളുടേത്. 1892 ഡിസംബര്‍ 13 മുതല്‍ 22 വരെ ഒന്‍പതു ദിവസമാണ് സ്വാമിജി തിരുവനന്തപുരത്ത് ചെലവഴിച്ചത്. കേരളമൊന്നാകെ അഭിമാനത്തോടെ ഓര്‍ത്ത് ആചരിക്കേണ്ടതാണ് സ്വാമിജി കേരളത്തില്‍ ചെലവിട്ട ദിനങ്ങള്‍.
1892 നവംബര്‍ 27ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആണ് സ്വാമിജി കേരളത്തിന്റെ മണ്ണില്‍ ആദ്യമായി കാല്‍കുത്തിയത്. അവിടെ നിന്നു കാളവണ്ടിയില്‍ ഷൊര്‍ണൂരേക്കും പിന്നീടു തൃശൂരേക്കും അവിടെ നിന്ന് വഞ്ചിയില്‍ എറണാകുളത്തേക്കും എത്തിയ സ്വാമിജി തിരുവനന്തപുരത്തേക്ക് ബോട്ടിലാണ് പോയത്.
ഒരു സാധാരണ പരിവ്രാജകനെപ്പോലെ കേരളം സന്ദര്‍ശിച്ച സ്വാമിജിയുടെ മഹനീയ സാന്നിദ്ധ്യത്തിന്റേതായ അടയാള സ്മാരകങ്ങളൊന്നും തിരുവനന്തപുരത്ത് ഇല്ലാതെ പോ
യി എന്നത് ദൗര്‍ഭാഗ്യകരമാണ്. തിരുവനന്തപുരത്തു വന്നുപോയി ഒന്‍പതു മാസം കഴിഞ്ഞ് 1893 സെപ്തംബര്‍ 11നാണ് അമേരിക്കയിലെ മതമഹാ സമ്മേളനത്തില്‍ വിശ്വവിഖ്യാതമായ ചിക്കാഗോ പ്രസംഗം സ്വാമിജി നടത്തിയതും ലോകം മുഴുവനും ആ ഗംഭീരവൈഖരി മാറ്റൊലിക്കൊണ്ടതും. അതി തേജസ്വിയായ ഈ യുവ സംന്യാസിവര്യന്‍ ഇവിടെ വന്ന് തങ്ങളുടെ ആതിഥേയത്വം സ്വീകരിച്ചതാണല്ലോ എന്ന് ചുരുക്കം പേരെങ്കിലും അത്ഭുതത്തോടെ തിരിച്ചറിഞ്ഞത് അപ്പോഴാണ്.
തിരുവിതാംകൂര്‍ ഇളയ രാജാവ് അശ്വതി തിരുനാളിന്റെ ട്യൂട്ടര്‍ ആയിരുന്ന പ്രൊഫ. സുന്ദരരാമയ്യര്‍ക്ക് കൊടുക്കാനായി സ്വാമിജിയുടെ കൈവശം ഒരു കത്ത് കൊച്ചി ദിവാന്റെ സെക്രട്ടറി ഡബഌയു. രാമയ്യ കൊടുത്തിരുന്നു. സഹായത്തിനായി ഒരു ശിപായിയെ കൂടെ വിടുകയും ചെയ്തു. സുന്ദരരാമയ്യരുടെ വീട്ടിലെത്തിയ സ്വാമിജി കൂടെ വന്ന ശിപായിയെ ആഹാരം കൊടുത്ത് പറഞ്ഞയച്ചശേഷമാണ് സ്വന്തം കാര്യങ്ങളിലേക്ക് കടന്നതെന്ന് സുന്ദരരാമയ്യര്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ സുന്ദരരാമയ്യര്‍ എവിടെയാണ് താമസിച്ചിരുന്നത് എന്നതിന് കൃത്യമായ തെളിവ് ഇപ്പോള്‍ ലഭ്യമല്ല. കോട്ടയ്‌ക്കകത്താണ് എന്നാണ് പൊതുവില്‍ കരുതുന്നത്.
സ്വാമിജിയുടെ സാന്നിദ്ധ്യം, ശബ്ദം, കണ്ണിന്റെ തിളക്കം എന്നിവയില്‍ താന്‍ വശീകൃതനായി എന്ന് സുന്ദരരാമയ്യര്‍ പറഞ്ഞിട്ടുണ്ട്. ഇളയ രാജാവുമായി സ്വാമിജി പലതവണ സംഭാഷണം നടത്തി. സ്വാമിജിയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടനായി യാത്രയില്‍ സ്വാമിജി കണ്ട നാട്ടുരാജാക്കന്മാരെക്കുറിച്ച് പറയുന്നതൊക്കെ ഔത്സുക്യത്തോടെ അദ്ദേഹം കേട്ടിരുന്നു. മഹാരാജാവ് ശ്രീമൂലം തിരുനാളുമായി ഒരു ഹ്രസ്വസന്ദര്‍ശനമേ നടന്നുള്ളു. എന്നാല്‍, സ്വാമിജിയ്‌ക്കു വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുക്കാന്‍ മഹാരാജാവ് ഏര്‍പ്പാട് ചെയ്തിരുന്നു. ഇളയ രാജാവ് എടുത്ത സ്വാമിജിയുടെ തലപ്പാവു വച്ച ഫോട്ടോ ആണ്് ബേലൂര്‍ മഠത്തിലും ഇതര ശ്രീരാമകൃഷ്ണാശ്രമങ്ങളിലും ഉള്ളത്. പ്രൊഫസറുടെ 14 വയസ്സായ മകന്‍ രാമസ്വാമി ശാസ്ത്രിക്ക് സ്വാമി ക്ലാസ് എടുത്തിട്ടുണ്ട്. സ്വാമിജി മതമഹാ സമ്മേളനം കഴിഞ്ഞ് മദിരാശിയില്‍ മടങ്ങി എത്തിയപ്പോള്‍ പ്രൊഫസറും മകനും അവിടെ ചെന്നുകണ്ട് കൂടെ താമസിക്കുകയും ചെയ്തു. ഊഷ്മളമായ ആ അനുഭവം അവര്‍ ലേഖനങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘സ്വാമിജിയോടു കൂടിയുള്ള എന്റെ രണ്ടാമത്തെ നവരാത്രി’ എന്നായിരുന്നു വേദാന്ത കേസരിയില്‍ വന്ന സുന്ദരരാമയ്യരുടെ ലേഖനത്തിന്റെ തലക്കെട്ട്. രാമസ്വാമി ശാസ്ത്രി കരുണാവാത്സല്യങ്ങളോടെ പെരുമാറിയ സ്വാമിജി അച്ഛനുമായി മതപരമായും തത്ത്വചിന്താപരമായും ഗഹനസംവാദങ്ങള്‍ നടത്തിയത് തനിക്ക് ഉള്‍ക്കൊള്ളാവുന്നതിലും ഗഹനമായിരുന്നു എന്നും അദ്ദേഹത്തിന്റെ ശബ്ദം മധുരവും ശക്തവും ആയിരുന്നു എന്നും പ്രബുദ്ധ ഭാരതത്തില്‍ എഴുതി.
രസതന്ത്ര പ്രൊഫസര്‍ രംഗാചാര്യയെ കാണാനായി സുന്ദരരാമയ്യര്‍ വിവേകാനന്ദ സ്വാമിയെ ട്രിവാന്‍ഡ്രം ക്ലബില്‍ (ഇന്നത്തെ ശ്രീമൂലം ക്ലബ്ബ്) കൊണ്ടുപോയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി പലവിഷയങ്ങള്‍ സംസാരിച്ചു. ഏതു വിഷയത്തിലും സ്വാമിജിക്ക് അഗാധമായ അറിവ് ഉണ്ടായിരുന്നു. ആര്‍ജ്ജവത്തോടെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാന്‍ സ്വാമിജിക്ക് ഒരു മടിയും ഇല്ലായിരുന്നു.
തിരുവനന്തപുരത്തി വന്ന് മൂന്നുനാലുദിവസം കഴിഞ്ഞപ്പോള്‍ സ്വാമിജി മദ്രാസിലെ അക്കൗണ്ടന്റ് ജനറലും സതീര്‍ഥ്യനുമായ ശ്രീമന്മനാഥ ഭട്ടാചാര്യയുടെ വീട്ടിലേക്കു മാറി. ജോലി സംബന്ധമായി തിരുവിതാംകൂറില്‍ എത്തിയ മന്മനാഥ ഭട്ടാചാര്യ താമസിച്ചിരുന്ന വീട് സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം സുന്ദരരാമയ്യര്‍ തേടിപ്പിടിക്കുകയായിരുന്നു.
പേഷ്‌കാരായിരുന്ന പിറവി പെരുമാള്‍പിള്ള ഒരു ദിവസം പല വിഷയങ്ങളെക്കുറിച്ചും സ്വാമിജിയുമായി സംസാരിച്ചു. ശ്ലോകങ്ങള്‍ ഉദ്ധരിച്ച് സ്വാമിജി വിവരിക്കുമ്പോള്‍ ഭക്ത്യാദരങ്ങള്‍ കൊണ്ട് അദ്ദേഹം ഉയര്‍ന്ന മനോനിലയായി. സ്വാമിയെപ്പോലെ ഒരു മഹാപുരുഷനെ താന്‍ കണ്ടിട്ടില്ല എന്നുപറഞ്ഞ് നമസ്‌ക്കരിച്ചാണ് അദ്ദേഹം യാത്ര പറഞ്ഞത്. അക്കാലത്ത് തിരുവിതാംകൂര്‍ ദിവാനായിരുന്ന ശ്രീ ശങ്കര സുബ്ബയ്യരും സ്വാമിജിയുടെ വേദാന്തജ്ഞാനവും ഭക്തിയും കണ്ട് അതിശയിച്ചുപോയി. ഒരു പൊതുയോഗത്തില്‍ സംസാരിക്കാന്‍ സ്വാമിജിയെ സുന്ദര രാമയ്യര്‍ നിര്‍ബന്ധിച്ചെങ്കിലും സ്വാമിജി അതിന് തുനിഞ്ഞില്ല. സ്വാമിജി മടങ്ങിയപ്പോള്‍ തന്റെ വീട്ടില്‍ നിന്നും വെളിച്ചം പോയെന്നാണ് പ്രൊഫ. സുന്ദരരാമയ്യര്‍ രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: