തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ കൗതുകമായി മോഹനന്‍ നെയ്യാറ്റിന്‍കരയുടെ കുഞ്ഞന്‍ ക്യാമറകളുടെ പ്രദര്‍ശനം. ടാഗോര്‍ തിയേറ്റര്‍ പരിസരത്താണ് മോഹനന്‍ കുഞ്ഞന്‍ മിനിയേച്ചര്‍ ക്യാമറ പ്രദര്‍ശനവും വില്പനയും ഒരുക്കിയിരിക്കുന്നത്.
ചലച്ചിത്ര രംഗത്ത് വളരെക്കാലം കലാസംവിധാന സഹായിയായി പ്രവര്‍ത്തിച്ചയാളാണ് മോഹനന്‍ നെയ്യാറ്റിന്‍കര. പാനാവിഷന്‍ എസ്പിഎസ്ആര്‍, മിച്ചെല്‍ എന്‍സി239, ആരിഫ്ലക്‌സ് 35 2ബി എന്നീ പഴയകാല ക്യാമറകളുടെ മാതൃകയിലാണ് മിനിയേച്ചര്‍ ക്യാമറകള്‍ ഒരുക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് വീട്ടിലൊതുങ്ങേണ്ടിവന്നപ്പോഴാണ് മിനിയേച്ചര്‍ ക്യാമറകളുണ്ടാക്കുകയെന്ന ആശയത്തിലേക്ക് എത്തിയതെന്ന് മോഹനന്‍ പറഞ്ഞു.
തേക്കിന്‍ തടിയിലാണ് ക്യാമറകള്‍ നിര്‍മ്മിക്കുന്നത്. ഒരു ക്യാമറ നിര്‍മ്മിക്കാന്‍ രണ്ടു ദിവസമെമെടുക്കും. ആയിരം രൂപ നിരക്കിലാണ് ക്യാമറകള്‍ വില്‍ക്കുന്നത്. വില്‍പനയിലൂടെ പണമുണ്ടാക്കുക എന്നതിലുപരി സിനിമയോടും കലയോടുമുള്ള അഭിനിവേശമാണ് ഈ കലാസൃഷ്ടിക്ക് പിന്നിലെന്നും മോഹനന്‍ നെയ്യാറ്റിന്‍കര പറഞ്ഞു. ടാഗോര്‍ തിയേറ്റര്‍ പരിസരത്തൊരുക്കിയ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. വരും വര്‍ഷങ്ങളിലും ഐഎഫ്എഫ്‌കെയില്‍ പുതുമയാര്‍ന്ന കൂടുതല്‍ മിനിയേച്ചറുകള്‍ പ്രദര്‍ശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് മോഹനന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക