Literature

ചെഗുവേര എന്ന കൃത്രിമ ബിംബം

Published by

ചെഗുവേര കേരളത്തില്‍ ഒരു ബിംബമാണ്. സ്വാഭാവികമായി ഒരു ബിംബമായതല്ല. സിപിഎം കൃത്രിമമായി നടത്തിയ ഒരു ബിംബവത്കരണ പ്രക്രിയയുടെ ഫലമാണ് കേരളത്തില്‍ ഉടനീളം കാണുന്ന ഡിവൈഎഫ്‌ഐ ബോര്‍ഡുകളും ടി-ഷര്‍ട്ടുകളും.

ബിംബവത്കരണത്തിന്റെ ഭാഗമായി എന്തെല്ലാം കള്ളക്കഥകളാണ് തല്‍പരകക്ഷികള്‍ പടച്ചുവിട്ടത്! ഡോക്റ്ററല്‍ ബിരുദം, വിപ്ലവകാരികളുടെ രാജകുമാരന്‍, സായുധ-ഒളിവു യുദ്ധങ്ങളുടെ പ്രചാരകന്‍, മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, ക്യൂബന്‍ വിപ്ലവത്തില്‍ ഫിദല്‍ കാസ്‌ട്രോവിനും ചെഗുവേരയ്‌ക്കുമുള്ള മുന്‍നിര നേതൃത്വം, ബൊളീവിയന്‍ ഡയറി, ‘ഗറില്ലാ യുദ്ധതന്ത്രം’ എന്ന മൗലിക കൃതി (?), ചെഗുവേര ഒരു കമ്യൂണിസ്റ്റ് എന്നിങ്ങനെ നിരവധി ബലൂണുകളാണ് ഒരൊറ്റ പുസ്തകത്തിലൂടെ പി.ആര്‍. ശിവശങ്കര്‍ പൊട്ടിച്ചു കാണിക്കുന്നത്.
ഈ ഗ്രന്ഥരചന ശിവശങ്കറിന്റെ സങ്കല്‍പ്പരഥങ്ങളല്ല- അദ്ദേഹം ഇതിനായി ആശ്രയിച്ചിരിക്കുന്നത് ഏറ്റവും ആധികാരികമായി ലോകവ്യാപകമായി രചിക്കപ്പെട്ട നിരവധി ഗ്രന്ഥങ്ങളാണ്. അതില്‍ ചെയുടെ സ്വന്തം ആത്മകഥയും ജോണ്‍ ആന്‍ഡേഴ്‌സനെപ്പോലുള്ളവരുടെ ആധികാരിക ജീവചരിത്ര രചനകളുമുണ്ട്.

ചെയെ ചുറ്റിപ്പറ്റിയുള്ള നിരവധി അസത്യപ്രചാരണങ്ങളെ ശിവശങ്കര്‍ സുലഭമായി തുറന്നുകാണിക്കുന്നു. ചെയുടെ ജനനത്തീയതിയിലെ തെറ്റു ചൂണ്ടിക്കാണിച്ചുകൊണ്ട് ശിവശങ്കര്‍ തന്റെ ഗവേഷണചാതുര്യം പ്രകടമാക്കാന്‍ തുടങ്ങുന്നു.
മോട്ടോര്‍ സൈക്കിള്‍ യാത്രയുടെ പരിവേഷമുള്ള അതേ ചെഗുവേരതന്നെ ഓയില്‍ ടാങ്കര്‍ കപ്പലില്‍ നഴ്‌സായി ജോലി ചെയ്തതും ശിവശങ്കറുടെ തൂലികയിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നു.

”1957 മുതല്‍ ആഴത്തിലൊരു മുന്‍പരിചയവുമില്ലാത്ത, വിഷയത്തില്‍ ഒരു പഠനവുമില്ലാത്ത ഒരുപക്ഷേ, വിഷയ സംബന്ധിയായ ഒരു പുസ്തകവും വായിക്കാതെ, അവകാശപ്പെടാന്‍ ഒരു വിഷയവും കയ്യിലില്ലാത്ത, ഒരു പോരാട്ടവും നടത്താത്ത, കലശലായ ആസ്ത്മ മൂലം ശരീരമനങ്ങി ഒരു ചെറുവ്യായാമമെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ചെയ്യാത്ത ചെഗുവേര, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദിവസക്കൂലിക്കാരായ ചരിത്രപണ്ഡിതന്മാരുടെയും ഭരണകൂടങ്ങളുടെയും സാമ്പത്തിക ബലത്തിലും ശക്തിയിലും, മരണപ്പെട്ടതിനുശേഷം മാത്രം ഗറില്ലാ പോരാളിയും ഗറില്ലാ യുദ്ധവിദഗ്ധനുമായി രൂപാന്തരപ്പെട്ടു!” എന്നത് ശിവശങ്കറിന്റെ സൂക്ഷ്മനിരീക്ഷണത്തിന്റെ ഫലമായ കണ്ടെത്തലാണ്.

ക്യൂബന്‍ വിപ്ലവാനന്തരം ചെഗുവേരര 1959 ജൂണില്‍ ഭാരതത്തില്‍ വരികയും പ്രധാനമന്ത്രി നെഹ്‌റുവുമായി കൂടിക്കാഴ്ച നടത്തിയതും ഒന്‍പത് ദിവസം ദല്‍ഹിയിലും പശ്ചിമ ബംഗാളിലും താമസിച്ചതും ശിവശങ്കറുടെ ഗ്രന്ഥത്തിലൂടെ വെളിവാക്കപ്പെടുന്നു.

ചെഗുവേര, കാസ്‌ട്രോയുടെയും അനുജന്‍ റൗള്‍ കാസ്‌ട്രോയുടെയും വിശ്വസ്തനായിരുന്നു എന്ന വാദവും ഗ്രന്ഥകാരന്‍ പൊളിച്ചടുക്കുന്നുണ്ട്. ഏല്‍പ്പിച്ച ചുമതലകളില്‍നിന്നെല്ലാം ഫിദല്‍, ചെയെ ഒഴിവാക്കുകയാണുണ്ടായത്. ദേശീയ കാര്‍ഷിക പരിഷ്‌കരണ വകുപ്പിന്റെ തലവന്‍, ക്യൂബന്‍ നാഷണല്‍ ബാങ്കിന്റെ പ്രസിഡന്റ്, വ്യവസായ വകുപ്പിന്റെ തലവന്‍ ഇങ്ങനെ പല പദവികളില്‍നിന്നും മാസങ്ങള്‍ക്കകം ഒഴിവാക്കപ്പെട്ടു. പിന്നെ നിയോഗം നിരവധി യുഎന്‍ ഫോറങ്ങളില്‍ പ്രസംഗിക്കുക എന്നതായി.

ചെ ഒരു ഡോക്ടര്‍ ആയിരുന്നില്ലെന്ന് ശിവശങ്കര്‍ ഗവേഷണം നടത്തിയാണ് തെളിയിച്ചിരിക്കുന്നത്. ജീവിതത്തില്‍ ആതുര സേവനം ചെയ്യാത്ത ‘ഡോക്ടര്‍’ ആയിരുന്നുവെന്ന് ശിവശങ്കര്‍ സ്ഥാപിക്കുന്നു. തന്റെ സഹോദരിയുടെ സുഹൃത്ത് എക്‌സിമ രോഗത്തിന് ചികിത്‌സ തേടി വന്നപ്പോള്‍ ചെ അവരോട് ഉപദേശിച്ചത് ഒരു ‘യഥാര്‍ത്ഥ ഡോക്ടറെ’ ചെന്നു കാണാനായിരുന്നു.

ഡോ. ജോസ് റാമോണ്‍ മച്ചാഡോ വെഞ്ചൂറ എന്ന മുന്‍ ക്യൂബന്‍ ആരോഗ്യമന്ത്രി (1960 മുതല്‍ 1967 വരെ) ചെയെക്കുറിച്ച് പറഞ്ഞത് ശിവശങ്കര്‍ ഉദ്ധരിക്കുന്നതിങ്ങനെ: ”ചെഗുവേരക്ക് ഒരു വൈദ്യബിരുദം കിട്ടിയിട്ടുണ്ട്. എന്നാല്‍ മാസങ്ങളോളം ക്ലാസ്സില്‍ കയറാതെയും ഒരു ആശുപത്രിയില്‍പോലും പ്രാഥമിക പരിശീലനം കിട്ടാതെയും, വളരെ കുറഞ്ഞ മാര്‍ക്കോടെയാണ് ചെ പാസായത്. അങ്ങനെ വരുമ്പോള്‍ ചെ തത്വത്തില്‍ (കടലാസില്‍) ഒരു ഡോക്ടറാണ്. രോഗികളുടെ അസുഖം കണ്ടെത്താനുള്ള കഴിവില്ല. എന്നിട്ടും ചെ ആരോഗ്യവിഷയങ്ങളെക്കുറിച്ച് ആധികാരികമായിട്ടെന്നവണ്ണം പ്രഭാഷണം നടത്തുകയും അഭിപ്രായം പറയുകയും ചെയ്യും.”

ഫിദല്‍ കാസ്‌ട്രോയോടൊപ്പം സിയറ ഓപ്പറേഷനില്‍ പങ്കെടുത്ത ക്യാപ്റ്റന്‍ ഫാന്‍സിഷ്യോ റോഡ്രിഗസ് തന്റെ പുസ്തകത്തില്‍ പറഞ്ഞതും ശിവശങ്കര്‍ ഉദ്ധരിക്കുന്നു: ”ചെ ഒരു ഡോക്ടര്‍ എന്ന നിലയില്‍ അപരിഷ്‌കൃതനായിരുന്നു (ആലമേെ). വൈദ്യബിരുദ സര്‍ട്ടിഫിക്കറ്റ് പണം നല്‍കി വാങ്ങിയതാകാം. ഒരു യഥാര്‍ത്ഥ ഡോക്ടര്‍ പാലിക്കേണ്ട പ്രാഥമിക വൃത്തിയുടെ ബാലപാഠങ്ങള്‍പോലും സ്വജീവിതത്തില്‍ പാലിച്ചില്ല. കൈകഴുകല്‍ ചെഗുവേരയ്‌ക്ക് ഒരു ശീലമേ ആയിരുന്നില്ല.”

നുണപ്രചാരണം ഒരായുധമാക്കുന്ന മലയാളി സഖാക്കള്‍ ചെയെ ബിംബവത്കരിക്കുന്നതിനെ ശിവശങ്കര്‍ ഉദ്ധരിക്കുന്നുണ്ട്- ”അര്‍ജന്റീനക്കാരനായിരുന്ന, വൈദ്യശാസ്ത്രബിരുദം നേടിയ ആ ചെറുപ്പക്കാരന്‍ താന്‍ ജനിച്ചുവളര്‍ന്ന നാടിന്റെ സന്തോഷവും സന്താപവും സ്വന്തമാക്കുകയുണ്ടായി. എന്നിട്ടയാള്‍ ഒരു ഡോക്ടറുടെ ജീവിത സൗഭാഗ്യങ്ങള്‍ക്ക് പിന്നാലെ പോകുന്നതിന് പകരം ലാറ്റിനമേരിക്കയിലെ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ടവരുടെ ദുരിതം തിരിച്ചറിയാനും പരിഹാരമുണ്ടാക്കാനുമായിരുന്നു തന്റെ ജീവിതം സമര്‍പ്പിച്ചത്.”

സ്വന്തം വീട്ടിലെ ആളെപ്പോലും ചികിത്സിക്കാന്‍ സാധിക്കാത്ത ഡോക്ടര്‍ എന്ന് ശിവശങ്കര്‍ ‘ഡോ’ചെയെ വിലയിരുത്തുന്നു.

ചെയുടെ ‘മോട്ടോര്‍ സൈക്കിള്‍ ഡയറീസി’ല്‍നിന്ന് ശിവശങ്കര്‍ ഉദ്ധരിക്കുന്നത് രസകരമാണ്. അതിലൂടെ ഗ്രന്ഥകാരന്‍ വെളിച്ചം വീശുന്നത് ചെയുടെ സ്വഭാവവിശേഷത്തിലേക്കുകൂടിയാണ്. ”വിപ്ലവത്തില്‍ വിശ്വസിക്കുന്ന രാജ്യതന്ത്രജ്ഞന്‍ സംന്യാസിതുല്യമായ ജീവിതമാണ് നയിക്കേണ്ടത്” എന്ന് ചെ എഴുതി. പക്ഷേ, സ്വജീവിതത്തില്‍, പ്രത്യേകിച്ച് മോട്ടോര്‍സൈക്കിള്‍ കാലത്തെങ്കിലും ചെയ്‌ക്ക് ഇത് ബാധകമായിരുന്നില്ല എന്നാണ് ഗ്രന്ഥകര്‍ത്താവ് പറയുന്നത്. കേടുവന്ന മോട്ടോര്‍ സൈക്കിള്‍ നന്നാക്കാന്‍ ചെന്നപ്പോള്‍ വര്‍ക്ക്‌ഷോപ്പ്കാരന്റെ ഭാര്യയോട് ലൈംഗികമായ അപമര്യാദ കാണിച്ചുവെന്ന് ചെയുടെ പുസ്തകത്തില്‍നിന്ന് തന്നെയാണ് ശിവശങ്കര്‍ ഉദ്ധരിക്കുന്നത്.

ഇതൊരു അക്കാദമിക് ഗ്രന്ഥമാണ്. താന്‍ വായിക്കുകയും റഫര്‍ ചെയ്യുകയും ഉദ്ധരിക്കുകയും ചെയ്ത എല്ലാ ഗ്രന്ഥങ്ങളുടെയും പേജ് നമ്പറുകളും ഗ്രന്ഥകര്‍ത്താക്കളുടെ പേരുകളും അദ്ദേഹം ഒന്നുപോലും വിട്ടുകളയാതെ ഉദ്ധരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത് ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടാണ്. ഈ പുസ്തകത്തെക്കുറിച്ച് ശരിയായ ഒരു ആസ്വാദനം എഴുതിയാല്‍ അത് മറ്റൊരു ഗ്രന്ഥമായി മാറും. സ്വന്തം ജോലി, രാഷ്‌ട്രീയ പ്രവര്‍ത്തനം, ടിവി സംവാദം എന്നിവയില്‍ തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന ഗ്രന്ഥകാരന്‍ ഈ ഗ്രന്ഥം എഴുതാന്‍ ഒരു പതിറ്റാണ്ടിലധികം എടുത്തുവെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

തെറ്റായ ബിംബവത്കരണത്തിനെതിരെയുള്ള കരുത്തുറ്റ താക്കീത് കൂടിയാണ് ഈ ഗ്രന്ഥം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക