Technology

ജിടെക് പ്രൊമോ മാരത്തണ്‍ ടെക്നോപാര്‍ക്കില്‍ നടന്നു

ലഹരിക്കെതിരായ സന്ദേശവുമായി മാരത്തണ്‍ ഫെബ്രുവരി ഒമ്പതിന്

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓപ് ടെക്നോളജി കമ്പനീസ് (ജി-ടെക്) ഫെബ്രുവരി ഒമ്പതിന് സംഘടിപ്പിക്കുന്ന മാരത്തണിന്റെ പ്രൊമോ റണ്‍ ടെക്നോപാര്‍ക്കില്‍ നടന്നു. ലഹരിക്കെതിരായ സന്ദേശമുയര്‍ത്തിയാണ് എല്ലാ വര്‍ഷവും ജി-ടെക് മാരത്തണ്‍ നടക്കുന്നത്.

ടെക്നോപാര്‍ക്ക് സിഎസ്ഒ സുനില്‍ തോമസ് പ്രൊമോ മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ ഐടി കമ്പനികളില്‍ നിന്നായി നൂറിലേറെ പേരാണ് പ്രൊമോ മാരത്തണില്‍ പങ്കെടുത്തത്.

സംസ്ഥാനത്ത് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന ഏറ്റവും വലിയ സ്ഥാപനമായ ടെക്നോപാര്‍ക്ക് ജി-ടെക്കിന്റെ ഈ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട.) സഞ്ജീവ് നായര്‍ പറഞ്ഞു. ആരോഗ്യ ശീലങ്ങള്‍ക്കൊപ്പം ലഹരിക്കെതിരായ പോരാട്ടത്തിന് കരുത്തു പകരാന്‍ കൂടി ഈ മാരത്തണിലൂടെ സാധിക്കുന്നു. ടെക്നോപാര്‍ക്കിന്റെ 35 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് ഇത്തരം ആശയങ്ങളും പ്രവര്‍ത്തികളുമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്കെതിരായ സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടത് വര്‍ത്തമാനകാലത്തെ ഏറ്റവും അനിവാര്യമായ കാര്യമാണെന്ന് ജി-ടെക് ചെയര്‍മാനും ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകനുമായ വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി. സമൂഹത്തെ കാര്‍ന്നു തിന്നുന്ന വിപത്താണിത്. ഉത്തരവാദിത്ത സമൂഹമെന്ന നിലയില്‍ ഇതിനെതിരെ പടപൊരുതാനുള്ള ബാധ്യത ഇന്നത്തെ യുവതലമുറയ്‌ക്കുണ്ട്. ലഹരിയോട് നോയും ഫിറ്റ്നെസിനോട് യെസും പറയാന്‍ യുവതലമുറയെ പ്രേരിപ്പിക്കണം. അതു വഴി ലഹരി വിമുക്ത കേരളമെന്ന സ്വപ്നം സാക്ഷാത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജി-ടെക്കിന്റെ വൈസ് ചെയര്‍മാനും ഒസ്പിന്‍ ടെക്നോളജീസ് സിഇഒയുമായ പ്രസാദു വര്‍ഗീസ്, എച് ആര്‍ ബ്ലോക്കിന്റെ എംഡിയും ജി-ടെക് വൈസ്പ്രസിഡന്‍റുമായ ഹരിപ്രസാദ്, കെന്നെഡിസ് ഐക്യുവിന്റെ സിഇഒ ടോണി ജോസഫ്, സെക്വാട്ടോ യുടെ ഡയറക്ടര്‍മാരായ റോബിന്‍ പണിക്കര്‍, മാത്യൂ ചെറിയാന്‍, സോഫ്റ്റ് നോഷന്‍സ് ടെക്നോളജീസ് സിഇഒ റോണി സെബാസ്റ്റ്യന്‍ എന്നിവരും പ്രൊമോ മാരത്തണ്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

21.2 കിമി ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍, 10 കിമി ഓട്ടം, മൂന്ന് മുതല്‍ അഞ്ച് കി.മി വരെയുള്ള ഫണ്‍ റണ്‍ എന്നിവയാണ് ജി-ടെക് മാരത്തണില്‍ ഒരുക്കിയിട്ടുള്ളത്. വിവിധ തുറകളില്‍ നിന്നുള്ള ഏഴായിരത്തോളം പേര്‍ മാരത്തണില്‍ പങ്കെടുക്കുമെന്നാണ് കണക്കു കൂട്ടുന്നത്.

രജിസ്ട്രേഷനായി www.gtechmarathon.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

സംസ്ഥാനത്തെ 300 ഐടി കമ്പനികളുടെയും 80 ശതമാനം ഐടി പ്രൊഫഷണലുകളുടെയും സാന്നിധ്യമുള്ള സംഘടനയാണ് ജി-ടെക്. സുപ്രധാന കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസെന്‍റ്, ഐബിഎസ് സോഫ്റ്റ് വെയര്‍, യുഎസ്ടി, ഇവൈ, ടാറ്റ എല്‍ക്സി എന്നിവരടക്കം ഇതില്‍ അംഗങ്ങളാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by