Kerala

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗ് സെന്റര്‍ നിര്‍മാണം പ്രഹസനമായി

Published by

തിരുവനന്തപുരം: തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗ് സെന്ററിന്റെ നിര്‍മാണം പ്രഹസനമായി മാറി. സ്‌കാനിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടനിര്‍മാണത്തിന് ആവശ്യം വേണ്ട സ്ഥലം കണ്ടെത്തിയെങ്കിലും തുടര്‍നടപടികള്‍ നിലച്ചിരിക്കുകയാണ്.

2022ലാണ് എസ്എറ്റി ആശുപത്രിയില്‍ സ്‌കാനിംഗിനായി രോഗികള്‍ നേരിടുന്ന പ്രതിസന്ധിയെ തുടര്‍ന്ന് എംആര്‍ഐ, സിടി, യുഎസ് സ്‌കാനിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാനായി തുടക്കം കുറിക്കുന്നത്. സെപ്തംബര്‍ 7ന് നടന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. നവംബറില്‍ സ്‌കാനിംഗ് സെന്ററിനുള്ള കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്കായി ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് ഡിഎംഇ കത്ത് നല്‍കി. എംപി, എംഎല്‍എ ഫണ്ടുകള്‍ ഇതിനായി ഉപയോഗിക്കാനുള്ള അനുമതിയുള്ളതായി എച്ച്ഡിഎസ് സെക്രട്ടറി അറിയിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. എന്നാല്‍ ആരോഗ്യ വകുപ്പില്‍ നിന്ന് സ്‌കാനിംഗ് സെന്റര്‍ നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചെങ്കിലും ഇതിനായുള്ള കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലപരിമിതിയില്‍ തടസ്സങ്ങള്‍ ഉന്നയിക്കപ്പെടുകയായിരുന്നു.

തുടക്കത്തില്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ കെട്ടിടം നിര്‍മിക്കാമെന്ന പദ്ധതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കെട്ടിടം നിര്‍മിച്ചാല്‍ കാര്‍ പാര്‍ക്കിംഗിന് വലിയ രീതിയില്‍ ബുദ്ധിമുട്ട് നേരിടാനുള്ള സാധ്യത കാണിച്ച് സൂപ്രണ്ട് പ്രിന്‍സിപ്പാളിന് കത്ത് നല്‍കി. തുടര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ നോഡല്‍ ഓഫീസര്‍ എസ്എറ്റി ആശുപത്രിക്ക് മുന്നില്‍ വാട്ടര്‍ ടാങ്കിന് സമീപത്തെ വാഹന പാര്‍ക്കിംഗ് ഏരിയ, മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കിന് പുറകുവശത്തുള്ള സ്ഥലം, അമ്മയും കുഞ്ഞും ബ്ലോക്കിന് സമീപത്തെ സ്ഥലം എന്നിവ കെട്ടിടനിര്‍മാണത്തിനായി മുന്നോട്ടുവച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ആശുപത്രിയിലെ ചില ഉന്നതാധികൃതരുടെ രഹസ്യ അജണ്ടയാണ് സ്‌കാനിംഗ് സെന്ററിന്റെ നിര്‍മാണം തടസ്സപ്പെടുത്തുന്നതിന് പിന്നിലെന്നാണ് ആരോപണം. എസ്എറ്റി ആശുപത്രിയില്‍ ചികിത്സ തേടുന്ന ഭൂരിഭാഗം രോഗികളും സ്‌കാനിംഗിനായി സ്വകാര്യ സ്‌കാനിംഗ് കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രി സ്‌കാനിംഗ് സെന്ററില്‍ എസ്എറ്റിയിലെ രോഗികള്‍ക്കും സ്‌കാനിംഗ് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും ഇവിടത്തെ കാലതാമസമാണ് മിക്കരോഗികളേയും സ്വകാര്യ സ്ഥാപനങ്ങളിലെത്തിക്കുന്നത്. ഇത് ചില ഉന്നതര്‍ക്ക് ഗുണകരമാണെന്നും ആരോപിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by