Article

‘ബൃഹത്രയീ രത്‌നം’; ഡോ. എം.ആര്‍.വാസുദേവന്‍ നമ്പൂതിരി

Published by

 

 

യുര്‍വേദ ചികിത്സാ രീതിയിലൂടെ ശാസ്ത്ര മേഖലയ്‌ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ബൃഹത്രയീ രത്‌ന പുരസ്‌കാരം ഡോ. എം.ആര്‍.വാസുദേവന്‍ നമ്പൂതിരിയെ തേടിയെത്തിയത് ആകസ്മികമല്ല. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ആയുര്‍വേദ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കേരളത്തില്‍ ആതുരസേവനരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ ആയുര്‍വേദ ഭിഷഗ്വരന്മാരില്‍ ഒരാളാണ് ഡോ.എം.ആര്‍ വാസുദേവന്‍ നമ്പൂതിരി.

ആയുര്‍വേദത്തിലെ ജനറല്‍ മെഡിസിന്‍ വിഭാഗമായ കായ കല്‍പ ആന്‍ഡ് പഞ്ചകര്‍മയില്‍ അഗ്രഗണ്യനായ അദ്ദേഹം, ഹൃദ്രോഗം, കരള്‍രോഗം, പ്രമേഹം, ആര്‍ത്രൈറ്റിസ്, നാഡീരോഗങ്ങള്‍ എന്നിവയില്‍ ഫലപ്രദമായ ചികിത്സയിലൂടെ പേരെടുത്തു. അലോപ്പതി കൈയൊഴിഞ്ഞ നിരവധി രോഗികള്‍ക്ക് അദ്ദേഹം ആശ്വാസമേകി. പാര്‍ക്കിന്‍സണ്‍സ്, മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്നിവയിലും രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കിവരുന്നു. തിരുവനന്തപുരം ആയുര്‍വേദ കോളജിന്റെ സൂപ്രണ്ടായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദയിലും പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിരുദാനന്തര ഗവേഷണത്തില്‍ 25 വര്‍ഷത്തെ പരിചയമുള്ള ഇദ്ദേഹം 65 ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഗൈഡായും പ്രവര്‍ത്തിച്ചു.

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനില്‍ പത്തുവര്‍ഷം അംഗമായിരുന്നു. ദേശീയ അന്തര്‍ദേശീയ വേദികളില്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. സെന്‍ട്രല്‍ കൗണ്‍സിലിന്റെയും കേരളസര്‍ക്കാരിന്റെയും മികച്ച അധ്യാപകനുള്ള അവാര്‍ഡുകള്‍ നേടിയ ഡോ. നമ്പൂതിരി സംസ്ഥാന സര്‍ക്കാരിന്റെ ഗുഡ് സര്‍വ്വീസ് എന്‍ട്രിയും കൈവരിച്ചു. കൂടാതെ ‘സഫലമീ വൈദ്യ ജീവിതം’ എന്ന പുസ്തകവും രചിച്ചു. ഇതിന്റെ രണ്ടാം പതിപ്പിന്റെ ഒരുക്കത്തിലാണ്. ഡോ. സാവിത്രി കൃഷ്ണയാണ് ഭാര്യ. മക്കള്‍ ആതിര, രാം വി. നമ്പൂതിരി. ബൃഹത്രയീ രത്‌ന പുരസ്‌കാരത്തിന്റെ നിറവില്‍ ഡോ. എം.ആര്‍.വാസുദേവന്‍ നമ്പൂതിരി ജന്മഭൂമിയോട് സംസാരിക്കുന്നു.

ആയുര്‍വേദ ചികിത്സയുടെ പ്രസക്തി വര്‍ദ്ധിച്ചിട്ടുണ്ടോ. വരും കാലങ്ങളില്‍ എങ്ങനെയായിരിക്കും.

ആയുര്‍വേദം എന്നത് മലയാളികളുടെ മനസ്സില്‍ കനക ലിപികളില്‍ കോറിയ പദമാണ്. ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ആയുര്‍വേദം നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്. വര്‍ഷം ഇത്ര കഴിഞ്ഞും ആയുര്‍വേദ ശാസ്ത്രം ഇപ്പോഴും കോട്ടം തട്ടാതെ നിലനില്‍ക്കുന്നുവെങ്കില്‍ വരും കാലങ്ങളിലും അത് ജനങ്ങളുടെ ആരോഗ്യത്തിന്റെ നെടുംതൂണായിരിക്കുമെന്നതില്‍ സംശയം വേണ്ട. ‘പ്രിവന്‍ഷന്‍ ഈസ് ബെറ്റര്‍ ദാന്‍ ക്യുവര്‍’ എന്ന് നമ്മള്‍ കുട്ടിക്കാലം തൊട്ടേ കേള്‍ക്കുന്നതാണ്. പക്ഷേ പ്രിവന്‍ഷന്‍ എങ്ങനെ സാധ്യമാക്കാമെന്നു ആദ്യം മനസ്സിലാക്കിത്തന്നത് മാനവരാശിയോളം പഴക്കമുള്ള ആയുര്‍വേദ ശാസ്ത്രമാണ്. പ്രിവന്‍ഷന്‍ എന്നത് നമ്മുടെ ഇമ്യൂണിറ്റിയെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഒരുമിച്ചു നിന്നാല്‍ മാത്രമേ പൂര്‍ണ ആരോഗ്യം സാധ്യമാവൂ. ആയുര്‍വേദ തത്വങ്ങളും ചികിത്സാ രീതികളും ഇതിന്റെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. ഇനിയുള്ള വര്‍ഷങ്ങളിലും ആയുര്‍വേദത്തിന് പ്രസക്തി കൂടും.

നിരവധി ജീവിത ശൈലീ രോഗങ്ങളാണ് ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്നത്. ഇതിന് ആയുര്‍വേദം മുന്നോട്ടുവയ്‌ക്കുന്ന പരിഹാരങ്ങള്‍ എന്തെല്ലാം

ജീവിത ശൈലി ക്രമീകരണങ്ങള്‍ ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ആയുര്‍വേദം ജീവശാസ്ത്രത്തില്‍ അധിഷ്ഠിതമാണെന്നു കൂടി പറയാം. വ്യായാമം, ശരിയായ ഭക്ഷണ ക്രമം എന്നിവ കൃത്യമായി പാലിക്കുന്ന ഒരാള്‍ ആരോഗ്യവാനായിരിക്കും. അഷ്ടാംഗഹൃദയത്തില്‍ ഒന്നാം അധ്യായത്തില്‍ ആയുര്‍വേദത്തിന്റെ അടിസ്ഥാന വിവരങ്ങളെല്ലാം പറയുന്നുണ്ട്. രണ്ടാമത്തെ അധ്യായത്തില്‍ ദിനചര്യകളെകുറിച്ച് പറയുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ചെയ്യേണ്ട കാര്യങ്ങളാണ് പറയുന്നത്. ശാസ്ത്രത്തില്‍ പറയുന്ന ദിനചര്യകളും ഋതുചര്യകളും (ഒരു കൊല്ലം 6 ഋതുക്കളായി തിരിച്ച് ഓരോ ഋതുവിലും നമ്മള്‍ ശീലിക്കേണ്ട കാര്യങ്ങള്‍) അടക്കം മനുഷ്യന്‍ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട അനവധി കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിക്കുന്ന ഏക ശാസ്ത്രമാണ് ആയുര്‍വേദം. ഇതില്‍ പറയുന്ന കാര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തി മനുഷ്യര്‍ ജീവിച്ചാല്‍ തന്നെ അസുഖങ്ങളൊന്നുമില്ലാതെ തന്നെ ജീവിക്കാം.

ആയുര്‍വേദത്തോട് പുതു തലമുറയ്‌ക്കുള്ള ആഭിമുഖ്യം എങ്ങനെ. രോഗം വന്നാല്‍ അലോപ്പതിയാണ് നല്ലത്, ആയുര്‍വേദ ചികിത്സയിലൂടെ അസുഖം മാറാന്‍ കാലതാമസം എടുക്കും എന്നെല്ലാമുള്ള ചിന്തകള്‍ അവരെ ആയുര്‍വേദ ചികിത്സയില്‍ നിന്ന് അകറ്റുന്നുണ്ടോ

മുന്‍കാലങ്ങളെ അപേക്ഷിച്ച് പുതുതലമുറ ആയുര്‍വേദത്തോടു കൂടുതല്‍ അടുത്തിട്ടുണ്ടെന്ന് പറയാം. കൂടുതല്‍ കുട്ടികള്‍ ആയുര്‍വേദ കോഴ്‌സ് ഉള്‍പ്പെടെ പഠനത്തിന് പോകുന്നുണ്ട്. ആയുര്‍വേദം കൂടുതല്‍ ജനകീയമാവുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. പുതിയ തലമുറയുടെ ജീവിത ക്രമം, വ്യായമം ചെയ്യാനുള്ള മടി, ഭക്ഷണ ക്രമത്തിലെ തെറ്റായ പ്രവണതകള്‍ ഇവയെല്ലാമാണ് രോഗങ്ങള്‍ക്ക് കാരണം. പുറത്തുനിന്നുള്ള ഹോട്ടല്‍ ഭക്ഷണങ്ങളില്‍ രുചികൂട്ടാന്‍ നിരവധി വസ്തുക്കള്‍ ചേര്‍ക്കുന്നു. ഇതെല്ലാം ശരീരത്തിന്റെ പ്രതിേേരാധ ശേഷിയെ ബാധിക്കുന്നുണ്ട്. പെട്ടെന്ന് കിട്ടുന്ന മരുന്നുകള്‍ കഴിച്ച് രോഗം ശമിപ്പിക്കാനാണ് യുവതലമുറ ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാലഘട്ടത്തിലെ മോശം ആഹാര ശീലങ്ങളും ജീവിതശൈലിയും മൂലം, നേരത്തെ പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന മാനസികവും ശാരീരികവുമായ പലതരത്തിലുള്ള രോഗങ്ങള്‍ ഇന്ന് യുവാക്കളിലും ധാരാളമായി കണ്ടുവരുന്നുണ്ട്. ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയും.

ആയുര്‍വേദം മെച്ചപ്പെട്ടു നില്‍ക്കാനുള്ള കാരണങ്ങള്‍?

ഒരു ചികിത്സാ ശാസ്ത്രം എന്നതിലുപരി ജീവിതദര്‍ശനം കൂടിയാണ് ആയുര്‍വേദം. ജീവിതശൈലീ രോഗങ്ങളില്‍ ആയുര്‍വേദത്തിന്റെ പങ്കും വിവിധ അക്യൂട്ട് ആന്‍ഡ് ക്രോണിക് രോഗാവസ്ഥകളില്‍ ആയുര്‍വേദ ചികിത്സ ഫലപ്രദമാണ് എന്നതും കൃത്യമായ വൈദ്യനിര്‍ദേശപ്രകാരമുള്ള ചികിത്സയ്‌ക്ക് പാര്‍ശ്വഫലവും രോഗങ്ങള്‍ വീണ്ടും വരാനുള്ള സാധ്യതയില്ലാത്തതും ആയുര്‍വേദത്തെ വേറിട്ടുനിര്‍ത്തുന്നു. വാര്‍ധക്യജന്യ ആതുര സേവനത്തിലും ചികിത്സയിലും ആയുര്‍വേദം മുന്നോട്ടു വയ്‌ക്കുന്ന സമീപനവും ആഗോളതലത്തില്‍ ആയുര്‍വേദത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ശ്രദ്ധയും അംഗീകാരവുമെല്ലാം കണക്കിലെടുത്താല്‍ ആയുര്‍വേദം കാലാതീതമായി നിലകൊള്ളും എന്നതില്‍ സംശയമില്ല.

കേന്ദ്ര ആയുഷ് മന്ത്രാലയം എല്ലാ ചികിത്സാ രീതികളേയും ഒരേപോലെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിവിധ ചികിത്സാ രീതികളുടെ സംയോജനം എത്രമാത്രം പ്രായോഗികമാണ്.

രോഗനിര്‍ണ്ണയത്തിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ സാധ്യതകള്‍ ഇന്നുണ്ട്. പല രോഗങ്ങളും കണ്ടുപിടിച്ചതിന് ശേഷമാണ് പലരും ആയുര്‍വേദത്തെ ആശ്രയിക്കുന്നത്. ഇതില്‍ ചികിത്സാരീതികളുടെ സംയോജനമാണ് ആദ്യം ചെയ്യുന്നത്. അലോപ്പതി മരുന്ന് കഴിക്കുകയും രോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകള്‍ക്ക് ആയുര്‍വേദത്തിലെ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഇങ്ങനെ രണ്ട് വൈദ്യശാസ്ത്രങ്ങളെ സംയോജിപ്പിച്ച് കൊണ്ട് മുന്നോട്ടുള്ള ചികിത്സ നടത്തും. സര്‍ജറിയുമായി ബന്ധപ്പെട്ടുള്ള രോഗങ്ങള്‍ ഒഴികെ മറ്റുള്ള എല്ലാ രോഗങ്ങള്‍ക്കും ആയുര്‍വേദത്തില്‍ പ്രതിവിധിയുണ്ട്. മൂന്ന് തരത്തിലുള്ള രോഗങ്ങള്‍ക്ക് മാത്രമേ ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. 1. സര്‍ജിക്കല്‍ കേസുകള്‍, 2. ന്യൂമോണിയ പോലുള്ള സിവില്‍ ഇന്‍ഫെക്ഷന്‍ കേസുകള്‍, 3. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള എമര്‍ജന്‍സി കേസുകള്‍. ഈ മൂന്ന് രോഗങ്ങള്‍ ഒഴിച്ച് ബാക്കി എല്ലാ രോഗങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ജനറല്‍ ശസ്ത്രക്രിയ നടത്താമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ രംഗത്തു വന്നിട്ടുണ്ട്. ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത്.

എല്ലാത്തലത്തിലും സര്‍ജറി എന്നത് ഇന്നത്തെ കാലത്ത് ആയുര്‍വേദത്തില്‍ പ്രായോഗികമല്ല. പൈല്‍സ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങള്‍ക്ക് മാത്രമേ ആയുര്‍വേദ ഡോക്ടര്‍മാര്‍ സര്‍ജറിയില്‍ വൈദഗ്ധ്യം നേടിയിട്ടുള്ളു. എന്നാല്‍ ഉത്തരേന്ത്യയിയില്‍ രോഗങ്ങള്‍ക്ക് സര്‍ജറി ചെയ്യുന്നുണ്ട്. അതുപോലെ തന്നെ നൂതന ചികിത്സാരീതികള്‍ അനുവര്‍ത്തിക്കുന്നുമുണ്ട്.

ഔഷധസസ്യങ്ങളെ പച്ച സ്വര്‍ണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് അഭിപ്രായം?

കേരളത്തെ ഔഷധങ്ങളുടെ കലവറയെന്ന് വിശേഷിപ്പിക്കാം. ആയുര്‍വേദത്തിനാവശ്യമായ എല്ലാ ഔഷധ വസ്തുക്കളും പ്രകൃതി നമുക്ക് കനിഞ്ഞ് നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യയിലേക്ക് മരുന്നുകള്‍ക്കാവശ്യമായ ഔഷധ വസ്തുക്കള്‍ പോകുന്നത് കേരളത്തില്‍ നിന്നാണ്. ഒരു ഔഷധ സസ്യത്തിന് വളരേണ്ടതായുള്ള മണ്ണിന്റെ ഘടനയെല്ലാം കേരളത്തിലുണ്ട്. ഉദാഹരണം പറഞ്ഞാല്‍ വയനാട്ടിലെ മഞ്ഞളിന് കുര്‍ക്കുമിന്‍ എന്നത് വളരെ കൂടുതലാണ്. എന്നാല്‍ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന മഞ്ഞളില്‍ കുര്‍ക്കുമിന്റെ അളവ് രണ്ട് ശതമാനത്തില്‍ താഴെയാണ്. വയനാട്ടിലെ കാലാവസ്ഥയില്‍ വളരുന്ന മഞ്ഞളിനാണ് ഔഷധ ഗുണം ഏറെയുള്ളത്. ഒരോ ഔഷധ സസ്യത്തിനും പ്രകൃതിദത്തമായ ഒരു വാസസ്ഥലമുണ്ട്. അത്തരം ഘടനയാണ് കേരളത്തിനുള്ളത്.

അവാര്‍ഡ് തുക സാമൂഹിക സേവനത്തിന്?

ബൃഹത്രയീ രത്‌ന പുരസ്‌ക്കാര തുക സാമൂഹിക സേവനത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ഞാന്‍ പഠിച്ച രാമമംഗലം ഹൈസ്‌കൂളിലെ പത്താം ക്ലാസില്‍ ഉന്നത വിജയം നേടുന്ന കുട്ടിക്ക് അച്ഛന്റെ സ്മരണാര്‍ത്ഥം രാമന്‍ നമ്പൂതിരി മെമ്മോറിയല്‍ എന്ന പേരില്‍ എല്ലാ വര്‍ഷവും ക്യാഷ് അവാര്‍ഡായി നല്‍കാനാണ് തീരുമാനം.

ചികിത്സക്കിടെ മനസിനെ സ്പര്‍ശിച്ച അനുഭവങ്ങള്‍?

മറക്കാനാകാത്ത ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച ഒരുപെണ്‍കുട്ടിയെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കരളിനെ ബാധിക്കുകയും പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ചികിത്സിച്ച ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞു. ഒരാഴ്ചയ്‌ക്കകം കുട്ടി മരിച്ചു പോകുമെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. ഇതുകേട്ട വീട്ടുകാര്‍ ആകെ വിഷമത്തിലായി. അവരുടെ വീട്ടുകാര്‍ എന്നെ വന്നുകണ്ടു. ഞാന്‍ കുട്ടിയ കാണുമ്പോള്‍ തീരെ അവശനിലയിലായിരുന്നു. കുട്ടിക്ക് ചില കഷായവും വെള്ളവും മാത്രം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ മാറ്റം വന്നു. പിന്നീട് പൂര്‍ണ്ണമായും ആയുര്‍വേദം കൊണ്ട് ഭേദപ്പെട്ടു. ഇപ്പോള്‍ ആ കുട്ടി ആയുര്‍വ്വേദ ഡോക്ടറാണ്. അങ്ങനെ ഒരുപാട് സംഭവങ്ങള്‍ മനസിനെ സ്പര്‍ശിച്ചു കടന്നു പോയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക