Kerala

ഉദയാസ്തമയ പൂജ വേണ്ടെന്നുവച്ചത് അംഗീകരിക്കാനാവില്ല; പ്രതിഷേധം ശക്തം

Published by

തിരുവല്ല/ കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രം ഭരണസമിതിയും തന്ത്രിയും ചേര്‍ന്ന് ഏകാദശിയിലെ ഉദയാസ്തമയ പൂജ വേണ്ടെന്നുവച്ചത് അംഗീകരിക്കാനാവില്ലെന്ന് യോഗക്ഷേമസഭ.

ഗുരുവായൂരിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി നിലനിര്‍ത്തണം. ക്ഷേത്രപൂജ മുടങ്ങിയാല്‍ ചെയ്യുന്ന പ്രായശ്ചിത്തങ്ങള്‍ അടിയന്തിരമായി ചെയ്യുകയും മുടങ്ങിയ പൂജകള്‍ ആവര്‍ത്തിക്കുകയും വേണം. തന്ത്രിയുടെ ചില നടപടികള്‍ ക്ഷേത്രാശുദ്ധിക്കു കാരണമായിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടും ജനറല്‍ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണന്‍ പോറ്റിയും ആവശ്യപ്പെട്ടു.

ജഗദ്ഗുരു ശങ്കരാചാര്യര്‍ മിത്ത് ആണെന്ന തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിലപാടില്‍ യോഗക്ഷേമസഭ ശക്തമായി പ്രതിഷേധിച്ചു. ശങ്കരഭാഷ്യ കര്‍ത്താവായ ശ്രീശങ്കരാചാര്യരെ തള്ളിപ്പറഞ്ഞ തന്ത്രി ഹൈന്ദവസമൂഹത്തിന് അപമാനമാണ്. ഗുരുവായൂരിലെ ആചാരലംഘനങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കണമെന്നും ഇരുവരും പറഞ്ഞു.

ഗുരുവായൂര്‍ ഏകാദശിയുടെ കാര്യത്തില്‍ തന്ത്രിയെപ്പോലെ ആചാര്യ പദവിയിലിരിക്കുന്നവരില്‍ നിന്ന് ആചാരലംഘനമുണ്ടാകുന്നത് ഗുരുതരവീഴ്ചയാണെന്ന് അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം.

ഏകാദശി ദിവസം പുല ബാധിച്ച തന്ത്രി പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ക്കുള്ള അന്നദാന സമര്‍പ്പണത്തിന് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു എന്ന വാര്‍ത്ത വസ്തുത ആണെങ്കില്‍ പങ്കെടുത്ത ഭക്തര്‍ക്ക് അശുദ്ധി വരും. അവരും ഭരണ സമിതി അംഗങ്ങളും പിന്നീട് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് അനിഷ്ട സംഭവമാണ്. അതില്‍ കൃത്യമായ ശുദ്ധിക്രിയകളും മറ്റ് പരിഹാരങ്ങളും ഉണ്ടാകണമെന്നും ജ്യോതിശാസ്ത്രമണ്ഡലം ആവശ്യപ്പെട്ടു.

ആചാരപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ ആചാര്യ സമൂഹത്തില്‍ നിന്നും അഭിപ്രായങ്ങള്‍ തേടി സമന്വയത്തില്‍ എത്താനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ദേവസ്വം ബോര്‍ഡിന് സാധിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ബാലകൃഷ്ണ വാര്യര്‍, ജനറല്‍ സെക്രട്ടറി ശ്രേയസ് നമ്പൂതിരി, സംഘടനാ സെക്രട്ടറി ജയകൃഷ്ണന്‍ വാര്യര്‍, ട്രഷറര്‍ വി.ജെ. രാജ്‌മോഹന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by