Kerala

പാലക്കാട് ലോറി അപകടം:എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പോലീസ്‌; സംഭവത്തില്‍ വിശദമായ അന്വേഷണം ഇന്ന്‌

Published by

പാലക്കാട്: മണ്ണാര്‍ക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ആശുപത്രിയിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഇരുവരുടെയും രക്ത സാമ്പിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.

അതേസമയം വിദ്യാര്‍ഥികളുടെ മരണത്തിന് കാരണമായ അപകടത്തില്‍ എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പോലീസ്. വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്തത്. പ്രജീഷ് അശ്രദ്ധയോടെയും അമിതവേഗത്തിലും വാഹനമോടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് പോലീസ് വിശദമായ അന്വേഷണം നടത്തും.

അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ള ലോഡിന്റെ ഭാരം കൃത്യമായിരുന്നുവെന്നാണ് ആര്‍ടിഒ പറയുന്നത്. ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണ്. മുമ്പ് ഇവിടെ അപകടം നടന്നതിനാൽ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ അപകടമുണ്ടായതെന്ന് ആര്‍ടിഒ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക