ഗുരുവായൂരിലെ പഞ്ചരത്ന കീര്‍ത്തനാലാപനത്തിന് അരനൂറ്റാണ്ട്. 1973 ഡിസം: 5 ന് ക്ഷേത്രം കൊടിമരത്തിന് സമീപത്തെ വേദിയിലായിരുന്നു, ആദ്യ അവതരണം. അതിന് നിദാനമായ സംഭവവും കാലം സാക്ഷ്യപ്പെടുത്തി. ഗുരുവായൂര്‍ ഏകാദശിയ്‌ക്ക് സ്ഥിരമായി നാദോപാസന നടത്തിയിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് ‘അഭിനവ ത്യാഗബ്രഹ്മം’ എന്ന ബഹുമതി നല്‍കി സ്വീകരിയ്‌ക്കാന്‍ ഭക്തര്‍ തീരുമാനിച്ചു. ഈ വിവരം തിരുനാമാചാര്യനായ ആഞ്ഞം മാധവന്‍ നമ്പൂതിരി, ചെമ്പൈ വൈദ്യനാഥ ഭാഗവതരെ അറിയിയ്‌ക്കുകയും ചെയ്തു.
ഭക്തന്മാര്‍ തരുന്നതെന്തും ശ്രീഗുരുവായൂരപ്പന്‍ തരുന്ന പ്രസാദമായി സ്വീകരിയ്‌ക്കാമെന്നും, എന്നാല്‍ ആ സുദിനം ഗുരുവായൂരപ്പ സന്നിധിയില്‍ എന്നും ഓര്‍മ്മിയ്‌ക്കാന്‍ താനും ഒരു നിശ്ചയം ചെയ്യുന്നുണ്ടെന്നും ഭാഗവതര്‍ സ്വതസിദ്ധമായ നര്‍മ്മഭാഷയില്‍ ആഞ്ഞം തിരുമേനിയോട് പറയുകയും ചെയ്തു.
ഭാഗവതരിലൂടെ പഞ്ചരത്ന കീര്‍ത്തനാലാപനം, അതോടെ 1973 ലെ ഏകാദശി കാലത്തെ ദശമി നാളില്‍ പിറവിയെടുത്തു. തിരുവയ്യാറിലെ ത്യാഗരാജോത്സവത്തിന്റെ പ്രത്യേകതയായ പഞ്ചരത്ന കീര്‍ത്തനാലാപനം ഗുരുപവനപുരിയിലും കാലത്തോടൊപ്പം ചലിച്ചുകൊണ്ട് ജനമനസ്സുകളില്‍ ആലേഖനം ചെയ്യപ്പെട്ടു.
സ്വരരാഗസുധാ പ്രവാഹമായി പഞ്ചരത്ന കീര്‍ത്തനാലാപനം ഇന്നലെ ചെമ്പൈ സംഗീതമണ്ഡപത്തില്‍ പെയ്തിറങ്ങി. സംഗീതോത്സവ വേദിയെ ആനന്ദ നിര്‍വൃതിയില്‍ നിറച്ച കീര്‍ത്തനാലാപനം കേട്ട് തിങ്ങിനിറഞ്ഞ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ ആസ്വാദകഹൃദയം താളമിട്ടും, കൂടെ പാടിയും ഒപ്പം ചേര്‍ന്നു.
ശ്രീഗണപതിനി എന്ന സൗരാഷ്‌ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയോടെയാണ് പഞ്ചരത്ന കീര്‍ത്തനാലാപനം ആരംഭിച്ചത്. തുടര്‍ന്ന് ജഗദാനന്ദ കാരക എന്ന നാട്ട രാഗത്തിലുള്ള കീര്‍ത്തനം ആദിതാളത്തിലും, പിന്നെ ഗൗള രാഗത്തില്‍ ദുഡുകു ഗലയും പാടി. തുടര്‍ന്ന് ആരഭി രാഗത്തില്‍ സാധിന്‍ ചെനെ എന്നീ കീര്‍ത്തനങ്ങളും, അവസാനമായി എന്തരോ മഹാനുഭാവുലു എന്ന ശ്രീരാഗത്തിലുള്ള അതിപ്രശസ്തമായ കീര്‍ത്തനവും പാടി മംഗളം ചൊല്ലിയപ്പോള്‍, ഒരു ദശമി നാള്‍ കൂടി ഭക്തരും, സംഗീതാസ്വാദകരും അനുഭവിച്ചറിഞ്ഞപ്പോള്‍, പഞ്ചരത്ന കീര്‍ത്തനാലാപനം ശ്രീഗുരുവായൂരപ്പനുള്ള സമ്പൂര്‍ണ്ണ ഗാനാര്‍ച്ചനയായി പര്യവസാനിച്ചു.
സംഗീത സാമ്രാട്ടായിരുന്ന ത്യാഗരാജ സ്വാമികളാല്‍ വിരചിതമാണ് പഞ്ചരത്ന കീര്‍ത്തനങ്ങള്‍. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികള്‍ തന്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീര്‍ത്തനാലാപനത്തിന്റെ തുടര്‍ച്ചയാണ് ദശമി നാളില്‍ ചെമ്പൈ സംഗീത മണ്ഡപത്തില്‍ ഇന്നലെ അരങ്ങേറിയത്.
വായ്പാട്ടില്‍ ഡോ: ചേര്‍ത്തല കെ.എന്‍. രംഗനാഥ ശര്‍മ്മ, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, പാര്‍വ്വതീപുരം പത്മനാഭ അയ്യര്‍, അടൂര്‍ സുദര്‍ശനന്‍, ചേപ്പാട് എ.ഇ. വാമനന്‍ നമ്പൂതിരി, കൊല്ലം ജി.എസ്. ബാലമുരളി, വെച്ചൂര്‍ ശങ്കര്‍, മൂഴിക്കുളം വിവേക്, ആനയടി പ്രസാദ്, വെള്ളിനേഴി സുബ്രഹ്മണ്യം, ചങ്ങനാശേരി മാധവന്‍ നമ്പൂതിരി, അറയ്‌ക്കല്‍ നന്ദകുമാര്‍, മുഖത്തല ശിവജി, ആറ്റുവാശേരി മോഹന പിള്ള, ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യന്‍, തെങ്കര മഹാരാജ്, മൂഴിക്കുളം ഹരികൃഷ്ണന്‍, ഡോ. നെടുംകുന്നം ശ്രീദേവ് രാജഗോപാല്‍, ഡോ. ഗുരുവായൂര്‍ കെ. മണികണ്ഠന്‍, കെ.സി. വിവേക് രാജ, ആര്‍.വി. വിശ്വനാഥന്‍, മാതംഗി സത്യമൂര്‍ത്തി, ഡോ.ബി. അരുന്ധതി, ഡോ. വിജയലക്ഷ്മി സുബ്രഹ്മണ്യം, ഡോ. എന്‍.ജെ. നന്ദിനി, പുഷ്പ രാമകൃഷ്ണന്‍, സ്വാതി രംഗനാഥ്, മോഹനശര്‍മ്മ, ശന്തള രാജു, വൈഷ്ണവി ആനന്ദ്, ഗുരുവായൂര്‍ ഭാഗ്യലക്ഷ്മി, എസ്. ആനന്ദി എന്നി സംഗീതജ്ഞര്‍ അണിനിരന്നു. പുല്ലാങ്കുഴലില്‍ ഡോ. പി. പത്മേഷ് അകമ്പടിയേകി. വയലിനില്‍ തിരുവിഴ ശിവാനന്ദന്‍, ഇടപ്പള്ളി എ. അജിത്ത് കുമാര്‍, കണ്ടാദേവി വിജയരാഘവന്‍, മാഞ്ഞൂര്‍ രഞ്ജിത്, തിരുവിഴ വിജു എസ്. ആനന്ദ്, അമ്പലപ്പുഴ പ്രദീപ്, കിള്ളിക്കുറിശ്ശി മംഗലം ഇ.പി. രമേശ്, തിരുവിഴ ജി ഉല്ലാസ്, അരവിന്ദ് ഹരിദാസ്, സുനിതാ ഹരിശങ്കര്‍, ബിന്ദു കെ. ഷേണായി, ഡോ. ജയശങ്കര്‍, ഡോ. മുത്തുകുമാരന്‍, ഗുരുവായൂര്‍ നാരായണന്‍ എന്നിവരും, മൃദംഗത്തില്‍ പ്രൊഫ. വൈക്കം പി.എസ്. വേണുഗോപാല്‍, എന്‍.ഹരി, ജി. ചന്ദ്രശേഖരന്‍ നായര്‍, ഡോ. കെ. ജയകൃഷ്ണന്‍, അയ്മനം സജീവ്, കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍, കോട്ടയം സന്തോഷ്, കവിയൂര്‍ സനല്‍, ശ്രീകാന്ത് പുളിക്കന്‍, ഇലഞ്ഞിമേല്‍ സുശീല്‍ കുമാര്‍, കോടംതിരപ്പള്ളി പരമേശ്വരന്‍, അനീഷ് കുട്ടംപേരൂര്‍, ആലുവ ഗോപാലകൃഷ്ണര്‍, എളമക്കര അനില്‍കുമാര്‍, മുളങ്കാടകം സൂരജ്, അനില്‍കുമാര്‍, കടക്കാവൂര്‍ രാജേഷ് നാഥ് എന്നിവരും, ഗഞ്ചിറയില്‍ ശങ്കര സുബ്രഹ്മണ്യവും പക്കമേളമൊരുക്കി.
ഘടം വാദനത്തിന് മാഞ്ഞൂര്‍ ഉണ്ണിക്കൃഷ്ണന്‍, കോവൈ സുരേഷ്, ഉടുപ്പി ബാലകൃഷ്ണന്‍, മങ്ങാട് അഞ്ചല്‍ കൃഷ്ണഅയ്യര്‍, പി.വി. നാരായണന്‍, ആലുവ രാജേഷ് എന്നിവരും, മുഖര്‍ ശംഖില്‍ കണ്ണൂര്‍ സന്തോഷ്, പരവൂര്‍ ഗോപകുമാര്‍, തിരുനക്കര രതീഷ്, പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ്, തൊടുപുഴ നടരാജന്‍ ഇടയ്‌ക്കയില്‍ ജ്യോതി ദാസ് ഗുരുവായൂരും, ഇരിഞ്ഞാലക്കുട നന്ദകുമാറും പക്കമേളം ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: