തിരുവനന്തപുരം: മനുഷ്യരക്തം വീണ് കുതിര്‍ന്ന കിഴക്കേകോട്ട അടുത്ത നിരപരാധിയുടെ രക്തം ഊറ്റിക്കുടിക്കാന്‍ വാ പിളര്‍ന്ന് നില്‍ക്കുന്നു. തലസ്ഥാന നഗരത്തിന് അപമാനമായി മാറിയിരിക്കുകയാണ് കിഴക്കേകോട്ടയും പരിസരവും. കാല്‍നട യാത്രക്കാരുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞിരിക്കുകയാണ് കിഴക്കേകോട്ട.
ലോകത്ത് ഒരിടത്തും ഇതുപോലെ നടുറോഡില്‍ ഒരു ബസ് സ്റ്റാന്‍ഡ് കാണില്ല. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും ആളെക്കയറ്റാന്‍ മത്സരിക്കുമ്പോള്‍ യാത്രക്കാരുടെ ജീവന് യാതൊരു വിലയും ആരും കല്‍പ്പിക്കാറില്ല. റോഡിന്റെ മധ്യഭാഗം വരെ കയ്യേറി ബാരിക്കേഡ് വച്ച് തിരിച്ച് കെഎസ്ആര്‍ടിസി റോഡ് തങ്ങളുടെ സ്വന്തമാക്കി കഴിഞ്ഞു. കെഎസ്ആര്‍ടിസിയുടെ ബാരിക്കേഡിന് വെളിയിലാണ് സ്വകാര്യ ബസുകള്‍ നിര്‍ത്തി ആളെക്കയറ്റുന്നത്. കിഴക്കേകോട്ട മുതല്‍ പഴവങ്ങാടി വരെ ഇതാണ് സ്ഥിതി. ഇതോടെ റോഡിന്റെ മുക്കാല്‍ ഭാഗവും കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ കയ്യടക്കിയിരിക്കുകയാണ്. ശ്രീപത്മനാഭ തിയറ്ററിന്റെ മുന്‍വശം മുതല്‍ നാന പെട്രോള്‍ പമ്പുവരെയും കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ റോഡില്‍ നിര്‍ത്തിയാണ് ആളെക്കയറ്റുന്നത്. ഒന്നലധികം ബസുകള്‍ ഒരേ സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ഇടയ്‌ക്ക് കുത്തിക്കയറ്റുന്നതും ബസുകളുടെ പകുതിയിലേറെ ഭാഗം റോഡിന് കുറുകേ നില്‍ക്കുന്നതും സ്ഥിരം കാഴ്ചയാണ്.
കിഴക്കേകോട്ടയില്‍ ട്രിപ്പ് അവസാനിക്കുന്ന തരത്തില്‍ ഒരു സ്വകാര്യ ബസ്സുകള്‍ക്കും പെര്‍മിറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ ഭൂരിഭാഗം സ്വകാര്യ ബസുകളും കിഴക്കേകോട്ടയിലാണ് ട്രിപ്പുകള്‍ അവസാനിപ്പിക്കുന്നത്. സമയം തെറ്റിച്ചും റൂട്ട് തെറ്റിച്ചും പെര്‍മിറ്റ് നിബന്ധനകള്‍ക്കു വിരുദ്ധമായി സര്‍വീസ് നടത്തിയുമൊക്കെ തലങ്ങും വിലങ്ങും ഓടുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാനോ ഗതാഗതലംഘനം നടത്തുന്നവയ്‌ക്ക് പിഴയീടാക്കാനോ സര്‍ക്കാരും ഗതാഗതവകുപ്പും ശ്രമിക്കാറില്ല. കര്‍ക്കടകവാവ്, ബീമാപള്ളി ഉറൂസ് തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ തിരുവല്ലം, ബീമാപള്ളി തുടങ്ങിയ റൂട്ടുകളില്‍ പെര്‍മിറ്റില്ലാതെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുവെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ ഇന്നുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ബീമാപള്ളി ഉറൂസിന് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ഫോട്ടോ അടക്കം കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം ബസുകള്‍ക്കിടയില്‍ ഒരു ജീവന്‍ ഞെരിഞ്ഞമരുകയില്ലായിരുന്നു.
കാല്‍നടയാത്രക്കാര്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നതാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. അതോടൊപ്പം ഡ്രൈവര്‍മാരുടെ അശ്രദ്ധയും. കാല്‍ നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നത് അവസാനിപ്പിക്കാനാണ് കിഴക്കേകോട്ടയില്‍ ആകാശപാത നിര്‍മിച്ചത്. 2022 ല്‍ ഏകദേശം നാല് കോടി രൂപ മുടക്കിയാണ് കാല്‍നടയാത്രക്കാര്‍ക്കായി നഗരസഭ മേല്‍പ്പാലം നിര്‍മിച്ചത്. എന്നാല്‍ കാല്‍നടയാത്രക്കാര്‍ മേല്‍പ്പാലം ഒഴിവാക്കി റോഡ് മുറിച്ചുകടക്കുകയാണ് ഇപ്പോഴും ചെയ്യുന്നത്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ജനങ്ങള്‍ മേല്‍പ്പാലത്തെ ഒഴിവാക്കാന്‍ കാരണം. ചാല ഭാഗത്ത് നിന്നും ഗാന്ധിപാര്‍ക്കിന് മുകളിലൂടെ പാളയം ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റാന്‍ഡിന് സമീപം എത്തുന്ന വിധത്തില്‍ മേല്‍പ്പാലം നിര്‍മിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായേനെ. മേല്‍പ്പാലം നിര്‍മാണ വേളയില്‍ത്തന്നെ ഇക്കാര്യം ‘ജന്മഭൂമി’ ചൂണ്ടിക്കാട്ടിയിരുന്നു.
കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസുകളുടെയും കിടമത്സരത്തിന്റെ രക്തസാക്ഷിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ട കേരള ബാങ്ക് റീജിയണല്‍ ഓഫീസിലെ സീനിയര്‍ മാനേജര്‍ കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ വെണ്‍പാലക്കര ഗാലക്‌സിയില്‍ എം. ഉല്ലാസ്. ഇനിയും നിരപരാധികളുടെ രക്തം വീഴാന്‍ കാത്തു നില്‍ക്കാതെ നിയമം ലംഘിക്കുന്ന ബസുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: