Kerala

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് ലീഗ്; യുഡിഎഫില്‍ ഭിന്നത, സതീശന്റെ കള്ളക്കളി പുറത്ത്

Published by

കൊച്ചി: മുനമ്പം സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനും കൂട്ടരും നടത്തിയ കള്ളക്കളി പുറത്ത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നാണ് ഏതാനും ദിവസം മുന്‍പ് സതീശന്‍ മുനമ്പത്തു ചെന്ന് പ്രഖ്യാപിച്ചത്.

എന്നാല്‍ മുസ്ലിം ലീഗ് വീണ്ടും സതീശന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് ഇന്നലെ ലീഗ് നേതാവ് കെ.എം. ഷാജി മലപ്പുറത്തെ പൊതുപരിപാടിയില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം സതീശന്റെ നിലപാടിനെ ലീഗ് നേതാവ് എം.കെ. മുനീറും തള്ളിയിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് യുഡിഎഫിലെ രണ്ടാമത്തെ പ്രബല കക്ഷിയായ ലീഗ് നേതാക്കള്‍ ഉറപ്പിച്ചു പറയുമ്പോള്‍ വഖഫ് ഭൂമിയല്ലെന്ന സതീശന്റെ വാക്കുകള്‍ക്ക് ഒരു വിലയുമില്ലെന്ന് വ്യക്തം. ലീഗ് ഈ നിലപാട് ആവര്‍ത്തിക്കുമ്പോള്‍ സതീശന്റെ വാക്കുകള്‍ പാഴാണ് എന്നാണ് മുനമ്പത്തുകാര്‍ ചിന്തിക്കുന്നത്. ജനരോഷം തണുപ്പിക്കാനും കോണ്‍ഗ്രസ് മുനമ്പത്തുകാര്‍ക്ക് ഒപ്പമുണ്ടെന്ന് വരുത്തിക്കാട്ടാനും സതീശന്‍ കാണിക്കുന്ന ഒരു കള്ളക്കളിയാണിത് എന്നാണ് പെതു വിലയിരുത്തലും.

പത്തു മിനിറ്റുകൊണ്ട് മുനമ്പം പ്രശ്‌നം തീര്‍ക്കാമെന്നാണ് സതീശന്‍ കഴിഞ്ഞ ദിവസവും പറയുന്നത്. എന്നാല്‍ ഷാജി പറയുന്നത് ഇങ്ങനെ: ‘മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലീം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളജിന്റെ അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ്ലീംലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്’.

പ്രശ്‌നമെല്ലാം ഉടന്‍ തീരുെമന്ന മട്ടില്‍ സതീശന്‍ പറയുന്നത് എന്തിനാണെന്നാണ് സംശയം. വിഷയം പത്തു മിനിറ്റുകൊണ്ടല്ല പത്തു ദിവസം കൊണ്ടു പോലും തീരില്ലെന്നാണ് ഷാജി പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക