ചാണകത്തറയില്‍
തഴപ്പായയുടെ
ചതുര അച്ചുകുത്തി
ഉറക്കച്ചടവില്‍ പുലരുന്ന ഓര്‍മകള്‍
ഇടയ്‌ക്കിടെ പുറം തടവാറുണ്ട്.
തെങ്ങോലകള്‍ മെടഞ്ഞ
മറവിടവിലൂടെ സൂര്യന്‍ പൂത്തിരി
പൊഴിക്കുന്ന പ്രകാശത്തിന്റെ
ഇളം ചൂട്.
ഈന്തിലത്തണല്‍ മറച്ച
മധ്യാഹ്നങ്ങളുടെ നിഴല്‍
പൊട്ടിയ വെളിച്ചവരകള്‍.
വേരുകള്‍ പൂക്കളം വരച്ച ചാമ്പച്ചുവട്ടില്‍
ഓണം മണക്കുന്നു.
റബ്ബര്‍ക്കുരു തലയില്‍പൊട്ടി വീണ്
മുറിഞ്ഞ വടുക്കല.
ഉണ്ണീശോപ്പുല്ലു കിളിര്‍ത്ത വരമ്പുകളിലൂടെ
വരവറിയിക്കുന്ന ക്രിസ്തുമസ് .
നിനവുകളില്‍ എത്രയെത്ര നിറങ്ങള്‍
വാര്‍ന്നു വീണാലും
തെളിവില്ലാത്ത പകലുകളിലും
ഇരുളില്ലാത്ത രാവുകളിലും
കറങ്ങാതെ കറങ്ങിയ സ്‌നേഹമഴക്കുളിര്‍.
മൂടിപ്പോയ കുളിക്കുളത്തിലെ
ഓളങ്ങള്‍ വിതുമ്പുന്നെന്റെ
നിത്യരാഗങ്ങള്‍.
ചക്കപ്പഴം മണക്കുന്ന വിഷുക്കണി.
ഇപ്പോള്‍ ചാടിയോടി നടന്ന വഴികളില്‍
ഭാവികാലം കണ്‍മിഴിക്കുന്നു.
ഉയരമുള്ള സ്വപ്‌നങ്ങള്‍ എന്നും
നിലം തൊട്ടിരിക്കുന്നു
ഉള്ളിലാകെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: