World

ഇസ്ലാമിനെ പറ്റി റൊണാള്‍ഡോയുമായി നിരവധി തവണ സംസാരിച്ചിരുന്നു ; ഇപ്പോൾ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു ; വലീദ് അബ്ദുള്ള

Published by

റിയാദ് : സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ നസറിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മുന്‍ ഗോള്‍കീപ്പറായിരുന്ന വലീദ് അബ്ദുള്ള . ഒരു അറബ് ടിവിഷോയിലാണ് ഗോള്‍ കീപ്പര്‍ വലീദ് അബ്ദുള്ള ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

മതം മാറ്റത്തെക്കുറിച്ച് റൊണാള്‍ഡോയുമായി നിരവധി തവണ സംസാരിച്ചിരുന്നു. അദ്ദേഹം അതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന മറുപടിയാണ് നല്‍കാറുള്ളത്. റൊണാള്‍ഡോ യഥാര്‍ത്ഥത്തില്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു. സൗദി താരങ്ങള്‍ മിക്കവരും ഗോള്‍ നേടിയാല്‍ സൂജൂദ്(പ്രണാമം) ചെയ്യാറുണ്ട്. റൊണാള്‍ഡോയും ഒരിക്കല്‍ ഇത്തരത്തില്‍ ചെയ്തിരുന്നു.

റൊണാള്‍ഡോ സൗദി താരങ്ങള്‍ക്ക് പരിശീലനത്തിനിടെ നമസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും അതിനെ പറ്റി ചോദിച്ചറിയുകയും ചെയ്യാറുണ്ട്. ഇസ്ലാമിക പാരമ്പര്യം പിന്തുടരാന്‍ അദ്ദേഹം താരങ്ങളെ പ്രോല്‍സാഹിപ്പിക്കാറുണ്ട്. സഹതാരങ്ങള്‍ നമസ്‌കരിക്കാന്‍ പോവുമ്പോള്‍ മറ്റ് താരങ്ങളോട് നമസ്ക്കരിക്കാന്‍ റൊണാള്‍ഡോ ആവശ്യപ്പെടാറുണ്ട്. സൗദിയിലെ മുസ്‌ലിം താരങ്ങളുമായി റൊണാള്‍ഡോയ്‌ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. – വലീദ് പറഞ്ഞു.

റൊണാൾഡോയുമായി ടീമിലെ ഇസ്ലാം മതത്തില്‍പ്പെട്ട അംഗങ്ങൾ വളരെ അടുത്ത ബന്ധം വളര്‍ത്തിയെടുത്തു. അതുവഴി ഇസ്ലാമിക പാരമ്പര്യങ്ങള്‍ റൊണാള്‍ഡോയ്‌ക്ക് പറഞ്ഞു കൊടുത്തു. . മിക്കപ്പോഴും സഹതാരങ്ങളോട് സലാം ചൊല്ലിയാണ് റൊണാള്‍ഡോ സംസാരിക്കാന്‍ തുടങ്ങാറ്. ഒരു വേദിയിലേക്ക് പ്രവേശിക്കുമ്പോള്‍ പലപ്പോഴും സൗദിയില്‍ റൊണാള്‍ഡോ സലാം പറഞ്ഞാണ് തുടങ്ങാന്നെന്നും വലീദ് കൂട്ടിച്ചേര്‍ത്തു.

റയല്‍ മാഡ്രിഡിലെ അദ്ദേഹത്തിന്റെ മുന്‍ സാഹതാരങ്ങളായിരുന്ന കരീം ബെന്‍സേമയും മെസ്യുട്ട് ഓസിലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും വലീദ് വെളിപ്പെടുത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by