സൃഷ്ടിക്ക് മുന്‍പ് തിക ച്ചും ഒറ്റപ്പെട്ടിരുന്നതായ ഏകസത്യമാകുന്ന ബ്രഹ്മം, ‘കൂടുമ്പോള്‍ ഇമ്പമുണ്ടാക്കുന്ന’ കുടുംബത്തിനായി കാമിച്ചുവെന്നാണ് വൈദിക സാഹിത്യത്തില്‍ വെളിപ്പെടുത്തുന്നത്. ഛാന്ദോഗ്യം (6.2.3), ഐതരേയം (1.1.1 & 2). പ്രശ്നം (6.3) എന്നീ ഉപനിഷത്തുകള്‍ പറയുന്നത്, വൈവിധ്യത്തെ സൃഷ്ടിക്കാമെന്ന് ബ്രഹ്മം സങ്കല്പിച്ചുവെന്നാണ്. ബ്രഹ്മസൂത്രവും ഇത് ശരിവയ്‌ക്കുന്നുണ്ട്. പരബ്രഹ്മത്തിന്റെ ഇച്ഛയാലാണ് സൃഷ്ടി ഉണ്ടായതെന്ന ദര്‍ശനം ഉപനിഷത്തുകള്‍ക്ക് പൊതുസമ്മതമാണെന്ന് വ്യാസന്‍ ഇതില്‍ വ്യക്തമാക്കുന്നു. ‘ജന്മാദ്യസ്യ യത:’ എന്ന പ്രയോഗത്തില്‍, ജഗത്തിന്റെ ജന്മം തുടങ്ങിയവ യാതൊന്നില്‍ നിന്നാകുന്നുവോ അതാണ് ബ്രഹ്മം എന്ന പരാമര്‍ശവും, ‘ഈക്ഷതേര്‍ ന അശബ്ദം’ എന്ന സൂത്രത്തില്‍ ജഗത്കാരണത്തിന് ബ്രഹ്മത്തിന്റെ സങ്കല്പശക്തിയോടുകൂടിയ ‘ഈക്ഷണം’ (വിചാരം) ശ്രുതി ഉള്‍പ്പെടുത്തുന്നുവെന്ന പരാമര്‍ശവും ഇവിടെ പ്രസക്തമാണ്.
ഇങ്ങനെ ശ്രുതി വെളിപ്പെടുത്തുന്ന പ്രകാരം ബ്രഹ്മം സ്വന്തം ശക്തിയാല്‍ തന്നെ ആദ്യം സൂക്ഷ്മതത്ത്വങ്ങളുടെ ഒരു കുടുംബം തീര്‍ത്തു. സത്വരജസ്തമോ ഗുണങ്ങളാകുന്ന മൂന്നു വ്യത്യസ്ത ശക്തികളും പിന്നീട് അവ ഓരോന്നില്‍ നിന്ന് ഗുണസമ്മിശ്രങ്ങളായ ദൈവിക ശക്തികളും ഉത്ഭവിച്ചു. ഇങ്ങനെ ആദിശക്തി പരിണമിച്ച് പല ശക്തിവിശേഷങ്ങളാകുന്നു. സദാ പരിണാമവിധേയമായിക്കൊണ്ടിരിക്കുന്ന ശക്തിയുടെ ഈ സ്വഭാവം കാരണമാണ് ബ്രഹ്മാണ്ഡം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നത്. ആദിശക്തിയെ ‘പ്രകൃതി’യെന്നും, വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന സര്‍ഗ്ഗശക്തിയെ ആദ്യപരിണാമ വസ്തുവായ ‘മഹത്’ ശക്തിയെന്നുമാണ് സാംഖ്യ ദര്‍ശനം വിശേഷിപ്പിക്കുന്നത്.
പുരാണേതിഹാസങ്ങള്‍ ഈ മഹത് ശക്തിയോടു ചേര്‍ന്ന ബ്രഹ്മത്തെ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവായി കണക്കാക്കുന്നു. ബ്രഹ്മത്തിന്റെ ‘മഹത്’ ശക്തിയുടെ പരിച്ഛേദമാണ് മനുഷ്യന്റെ ബുദ്ധി എന്നാണ് സാംഖ്യം സമര്‍ത്ഥിക്കുന്നത്. ബ്രഹ്മാവിന്റെ ശക്തിയായ ‘സരസ്വതി’ ബുദ്ധിയുടെ അധിഷ്ഠാന ദേവതയായി പുരാണങ്ങളും വിവക്ഷിക്കുന്നു.
സൃഷ്ടി അനിയന്ത്രിതമായി പെരുകാതിരിക്കാനും, വികസിച്ചുകൊണ്ടിരിക്കുന്ന ശക്തിയെ ആവശ്യാനുസരണം തിരികെ ലയിപ്പിച്ച് ചുരുക്കാനും വേണ്ടി തമോഗുണപ്രധാനിയും സംഹാരമൂര്‍ത്തിയുമായ രുദ്രന്‍ ജനിക്കുന്നു. ബ്രഹ്മാവില്‍ നിന്ന് സൃഷ്ടികാര്യത്തിനായി അനേകം ദൈവിക ശക്തികള്‍ (ദേവന്മാര്‍) ഉത്ഭവിക്കുന്നതിനൊപ്പം തന്നെ രുദ്രനില്‍ നിന്ന് ധാരാളം തമോഗുണശക്തികളും ആവിര്‍ഭവിക്കുന്നു. ഇപ്രകാരം സൃഷ്ടിയില്‍ സര്‍ഗ്ഗ ശക്തിയുടെ പ്രതിരോധ ശക്തിയായ തമസ്സും അതിനെയുള്‍ക്കൊള്ളുന്ന അസുരന്മാരും ജനിക്കുന്നു. ഈ രണ്ടു ശക്തികളെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തി സൃഷ്ടിയെ പരിപാലിക്കുന്നതാണ് സാത്വികഗുണ പ്രധാനിയായിട്ടുള്ള വിഷ്ണുവിന്റെ ധര്‍മ്മം. മൂന്നായിപ്പിരിഞ്ഞ ശക്തിയുടെ വ്യത്യസ്ത ഗുണവിശേഷങ്ങള്‍ കാരണം ഏകസത്യമാകുന്ന ബ്രഹ്മം തന്നെ ത്രിമൂര്‍ത്തിയായി നിലകൊള്ളുന്നു. ഇപ്രകാരം ബ്രഹ്മാണ്ഡത്തില്‍ ആദ്യം സൂക്ഷ്മശക്തികളാല്‍ നിര്‍മ്മിതമായ ഒരു കുടുംബം സംജാതമാകുന്നു. ഇവയില്‍ ഓരോ തത്ത്വത്തിന്റെയും അടിസ്ഥാന സ്വത്വം ബ്രഹ്മം തന്നെയാണ്. എന്നാല്‍ സൃഷ്ടികാര്യത്തിനായി ഇവ ഓരോന്നും വ്യത്യസ്തമായി നിലനില്‍ക്കേണ്ടതുണ്ട്. ത്രിഗുണങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന ‘അഹം’ ബോധം ദേവാസുരന്‍മാരിലും പിന്നീടുണ്ടാകുന്ന മനസ്സ്, പഞ്ചഭൂതങ്ങള്‍, ഇന്ദ്രിയ ശക്തികള്‍ എന്നീ സ്വരൂപങ്ങളിലും ഈ ഭേദഭാവത്തെ നിലനിര്‍ത്തുന്നു.
ഇപ്രകാരം വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത് ബ്രഹ്മവും ആദിശക്തിയും അതിന്റെ പരിണാമ ഫലങ്ങളാകുന്ന ത്രിഗുണശക്തികള്‍, അഹംബോധം, മനസ്സ്, ഇന്ദ്രിയശക്തികള്‍, പഞ്ചഭൂതങ്ങള്‍ എന്നിവയും ചേര്‍ന്ന ഒരു കുടുംബമാണ് ബ്രഹ്മാണ്ഡം എന്നാണ്.
ഋതം എന്ന ആധാരം
പരിണാമ ഫലങ്ങളാകുന്ന ശക്തി സ്വരൂപങ്ങള്‍ക്കെല്ലാം ഗുണാനുസരണം സ്വാഭാവികമായ കര്‍മ്മങ്ങളുണ്ട്. ഈ കര്‍മ്മങ്ങളുടെ പൊരുത്തം അഥവാ ‘ഋതം’ ആണ് പ്രകൃതി നിയമങ്ങള്‍ക്ക് ആധാരം.
വിവിധ പ്രപഞ്ചശക്തികളുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ബ്രഹ്മാണ്ഡത്തെ പല ലോകങ്ങളായി – അതിസൂക്ഷ്മം, സൂക്ഷ്മം, സ്ഥൂലം, അതിസ്ഥൂലം എന്നിങ്ങനെ പുരാണങ്ങള്‍ വേര്‍തിരിക്കുന്നു. ഇതേ പ്രകാരം തന്നെയാണ് സത്യലോകം, വൈകുണ്ഠം, കൈലാസം, തപോലോകം, സ്വര്‍ലോകം, ഭൂലോകം, അധോലോകം മുതലായവയും പരാമര്‍ശിക്കപ്പെടുന്നത്. പല ലോകങ്ങളായി ഇങ്ങനെ വേര്‍തിരിക്കാമെങ്കിലും ഇവയെല്ലാം ചേര്‍ന്ന് ഒറ്റ പ്രപഞ്ചമായി നിലകൊള്ളുന്നത് സമാന തത്ത്വങ്ങള്‍ തമ്മിലുള്ള സ്വാഭാവിക ഐക്യം മൂലമാണ്.
ഇപ്രകാരമുള്ള ഒരു കുടുംബത്തെയാണ് ശിവ-ശക്തികളുടെ കുടുംബമായി പുരാണങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. കൈലാസനാഥനാകുന്ന പരമശിവനും പത്നിയായ പാര്‍വ്വതിയും യഥാര്‍ത്ഥത്തില്‍ ബ്രഹ്മത്തിന്റെയും തമോഗുണസ്വരൂപമാകുന്ന ദൈവിക ശക്തിയുടെയും പ്രതീകങ്ങളാണ്. തമോഗുണത്തില്‍ നിന്നുത്ഭവിക്കുന്ന പഞ്ചഭൂതങ്ങളുടെ നായകനാണ് ഗണപതി. പഞ്ചഭൂതങ്ങളില്‍ ഒന്നായ ജലതത്ത്വത്തിന്റെ പ്രതിനിധിയാണ് സുബ്രഹ്മണ്യന്‍. ഇപ്രകാരം ഈശ്വരനും ഈശ്വരശക്തിയും പഞ്ചഭൂതസമേതരായി സ്ഥിതി ചെയ്യുന്നതിനെയാണ് പരമശിവന്റെ കുടുംബമായി ചിത്രീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: