Kerala

ബംഗ്ലാദേശ് നല്കുന്നത് അപകട സൂചന: ജെ. നന്ദകുമാര്‍

Published by

കണ്ണൂര്‍: ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിന് നല്‍കുന്നത് അപകടകരമായ സൂചനയാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശ പാര്‍ലമെന്റുകളടക്കം ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ പ്രതിഷേധിക്കുമ്പോള്‍ ഇവിടെ പ്രതിപക്ഷം വിദേശത്ത് ഏതോ വ്യക്തിക്കെതിരെയെടുത്ത കേസിന്റെ പേരില്‍ സഭ സ്തംഭിപ്പിക്കുകയാണ്. 1946 ആഗസ്തില്‍ മുസ്ലിംലീഗ് രൂപം കൊണ്ടശേഷം രാജ്യത്തുണ്ടായ ഹിന്ദുവേട്ടയുടെ തുടര്‍ച്ചയാണ് ബംഗ്ലാദേശിലും നടക്കുന്നത്. രൂപം കൊള്ളുമ്പോള്‍ 28 ശതമാനമായിരുന്ന ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ ഇന്ന് എട്ട് ശതമാനമായി മാറിയത് വംശഹത്യയുടെ ഫലമായാണ്.

ബംഗ്ലാദേശിനെ മതരാഷ്‌ട്രമാക്കാനാണ് നീക്കം. വിദ്യാര്‍ത്ഥികളില്‍ അരാജകത്വം വളര്‍ത്തിയും പ്രക്ഷോഭങ്ങള്‍ നടത്തിയും ഇത് യാഥാര്‍ത്ഥ്യമാക്കുകയാണ്. അതിന്റെ ഫലമാണ് ഇപ്പോഴത്തെ അതിക്രമങ്ങള്‍. ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തിരമായി സമാധാനസേനയെ അയയ്‌ക്കാന്‍ ലോക രാഷ്‌ട്രത്തലവന്മാര്‍ തയാറാവണം. ഒപ്പം ഭാരതവും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാതാ അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഉത്തര കേരള പ്രാന്തസംഘചാലക് അഡ്വ.കെ.കെ. ബാലറാം, ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ തുടങ്ങി വിവിധ ഹൈന്ദവ നേതാക്കളും സംന്യാസിമാരും സംസാരിച്ചു.

എറണാകുളത്ത് ഐക്യദാര്‍ഢ്യമാര്‍ച്ച് സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്തു. സമ്മേളനം ശിവഗിരി മഠത്തിലെ ആചാര്യന്‍ ശിവസ്വരൂപാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു മുഖ്യപ്രഭാഷണം നടത്തി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ അധ്യക്ഷനായി.

പാലക്കാട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി അശേഷാനന്ദ, ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ആനിക്കോട് വെട്ടിക്കാട് അദൈ്വതാശ്രമം മഠാധിപതി സ്വാമി ദേവാനന്ദപുരി തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ നടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക